വിസ്മയിപ്പിക്കുന്ന വേഗം, അസാമാന്യമായ ശക്തി, സെറ്റ്പീസുകളില്‍ മാന്ത്രിക വൈദഗ്ധ്യം... ക്ലിനിക്കല്‍ ഫിനിഷിങ്... ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളി കാണുന്നതുതന്നെ ആനന്ദകരമാണ്. വര്‍ത്തമാന കാലഘട്ടത്തിലെ മികച്ച രണ്ടു ഫുട്‌ബോളര്‍മാരിലൊരാളാണ് ക്രിസ്റ്റ്യാനോ. പോര്‍ച്ചുഗലിന്റെ നായകനായി CR7 ഒരിക്കല്‍ക്കൂടി യൂറോകപ്പിനെത്തുന്നു...

  • ചാമ്പ്യന്‍സ് ലീഗ് കിരീടവിജയത്തിന്റെ ചൂടാറുംമുമ്പാണ് നിങ്ങള്‍ യൂറോകപ്പിനെത്തുന്നത് ?

അതെ, ഇതിനേക്കാള്‍ നന്നായി തുടങ്ങാനാകില്ല. റയലിനുവേണ്ടി 11-ാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായി ഞങ്ങള്‍ ഒത്തൊരുമയോടെ കളിച്ചു. 'ലാ അണ്‍ഡെസിമ' എന്നാണ് ആരാധകര്‍ ഈ വിജയത്തെ വിശേഷിപ്പിക്കുന്നത്. അവര്‍ ജയത്തില്‍ സന്തുഷ്ടരാണ്, അതുകൊണ്ടുതന്നെ ഞങ്ങളും. ക്ലബ്ബ് ഫുട്‌ബോളില്‍ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കിരീടം റയലിന് 11-ാം തവണയും സ്വന്തമായി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രണ്ടുതവണ - ഈ കണക്കുകള്‍ എല്ലാം വ്യക്തമാക്കുന്നു.

  • പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ റയലിന് കിരീടമുറപ്പിച്ചത് നിങ്ങളെടുത്ത അവസാന കിക്കിലൂടെയാണ് ?

അതെ, അത് റയലിന്റെ വിജയഗോളായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെയാണ് അഞ്ചാം കിക്കെടുക്കാന്‍ എന്നെ അനുവദിക്കണമെന്ന് കോച്ച് സിനദിന്‍ സിദാനോട് ഞാന്‍ ആവശ്യപ്പെട്ടത്. എല്ലാം കണക്കുകൂട്ടിയപോലെ സംഭവിച്ചു. അവര്‍ക്ക് നാലാം കിക്ക് പിഴച്ചു. കിരീടം ജയിക്കണമെങ്കില്‍ എന്റെ കിക്ക് വലയില്‍ കേറണമായിരുന്നു. അത് യാഥാര്‍ഥ്യമായി.

  • യൂറോയില്‍ നിങ്ങള്‍ക്ക് അത് ഗുണകരമാകുമോ ?

ഇത് വ്യത്യസ്തമായ ടൂര്‍ണമെന്റാണ്. ഇവിടെ ഞാന്‍ എന്റെ സ്വന്തം രാജ്യമായ പോര്‍ച്ചുഗലിനുവേണ്ടിയാണ് മത്സരിക്കുന്നത്. ഫ്രാന്‍സില്‍, രാജ്യത്തെ പ്രതിനിധാനംചെയ്ത് യൂറോ പോരാട്ടത്തിനിറങ്ങുന്നത് തീര്‍ച്ചയായും അഭിമാനകരംതന്നെ.

  • ഐസ്ലന്‍ഡ്, ഓസ്ട്രിയ, ഹംഗറി എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എഫിലാണ് പോര്‍ച്ചുഗല്‍. താരതമ്യേന അത്ര ശക്തമല്ലാത്ത ഗ്രൂപ്പ് എന്നാണ് നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്, നിങ്ങളോ ?

അഭിപ്രായങ്ങള്‍ പലതുണ്ടാകും. ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ 90 മിനിറ്റുനേരം ഓരോ ടീമും കഷ്ടപ്പെട്ട് കളിക്കുന്നത് ജയിക്കാന്‍തന്നെയാണ്. ഓസ്ട്രിയയും ഹംഗറിയും ശക്തമായ ടീമുകള്‍. കിരീടസാധ്യതയുള്ള ടീമുകളില്‍ ചിലപ്പോള്‍ ആ പേരുകള്‍ ഉണ്ടാകില്ല. എന്നാല്‍ പലരെയും അദ്ഭുതപ്പെടുത്താന്‍ അവര്‍ക്ക് കഴിയും. യോഗ്യതാറൗണ്ടില്‍ ഹോളണ്ട് പുറത്തായ ഗ്രൂപ്പില്‍നിന്നാണ് ഐസ്ലന്‍ഡിന്റെ വരവ് എന്നോര്‍ക്കണം. യോഗ്യതാറൗണ്ടില്‍ അവര്‍ ചെക്ക് റിപ്പബ്ലിക്കിനുപിന്നില്‍ രണ്ടാമതായിരുന്നു, ഹോളണ്ട് നാലാമതും. ഐസ്ലന്‍ഡിന്റെ ശക്തിയെപ്പറ്റി ഇനിയും വിവരിക്കണോ

  • നിങ്ങള്‍ 2014 ലോകകപ്പിനെത്തിയതും ചാമ്പ്യന്‍സ് ലീഗിന്റെ പകിട്ടോടെയാണ്. ഗ്രൂപ്പ് ഘട്ടം കടക്കാന്‍പോലും പോര്‍ച്ചുഗലിന് കഴിഞ്ഞില്ല ?

ശരിയാണ്, അതില്‍ ഞങ്ങള്‍ നിരാശരായിരുന്നു. പരിക്കുകാരണം രണ്ടാം കളിയില്‍ എനിക്ക് പുറത്തിരിക്കേണ്ടിവന്നു. അവസാനകളിയില്‍ ഗ്രൗണ്ടിലിറങ്ങിയപ്പോഴും ഞാന്‍ പൂര്‍ണ ആരോഗ്യവാനായിരുന്നില്ല. എന്നിട്ടും ഞങ്ങള്‍ പരമാവധി ശ്രമിച്ചു. പക്ഷേ, അടുത്ത ഘട്ടത്തിലേക്ക് കടക്കാനായില്ല. അത് ഒരു ഒഴിവുകഴിവായി പറയുകയല്ല, ഞാന്‍ പൊതുവെ ഒഴിവുകഴിവുകള്‍ ഇഷ്ടപ്പെടുന്നയാളല്ല. ഞങ്ങള്‍ക്ക് മുന്നേറാനായില്ലെന്നത് സത്യം. അതെന്നെ വേദനിപ്പിക്കുന്നു. മനുഷ്യന്‍ എന്ന നിലയില്‍ എന്റെ അസ്വസ്ഥതകള്‍ മറച്ചുവെക്കാനാകില്ല. തോല്‍വികളെല്ലാം എന്നെ അസ്വസ്ഥപ്പെടുത്തുന്നു. പക്ഷേ, മറ്റൊരു ടൂര്‍ണമെന്റില്‍ മറ്റൊരുസമയത്ത് ജയിക്കാന്‍ അവസരം കിട്ടും. ഞങ്ങള്‍ എപ്പോഴും പ്രതീക്ഷയിലാണ്.

  • 2004-ല്‍ നിങ്ങളുടെ ആദ്യ യൂറോ ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗല്‍ ഫൈനലിലെത്തി. ഫൈനലിലെ തോല്‍വി ഇപ്പോഴും ഓര്‍ക്കുന്നുണ്ടോ ?

ആ തോല്‍വി ഇപ്പോഴും എന്നെ വേട്ടയാടുന്നു. സ്വന്തം രാജ്യത്ത് നടക്കുന്ന യൂറോ ടൂര്‍ണമെന്റില്‍ ഫൈനല്‍വരെയെത്തുക എന്നത് വലിയൊരു അവസരവും നേട്ടവുമാണ്. ഫൈനല്‍പ്രവേശം ഞങ്ങളെ ആഹ്ലാദിപ്പിച്ചു. പക്ഷേ, കലാശക്കളിയില്‍ ഗ്രീസ് ഞങ്ങളെ തറപറ്റിച്ചു. അവര്‍ അവരുടെ പദ്ധതികള്‍ കൃത്യമായി നടപ്പാക്കി, നന്നായി കളിച്ചു, ഞങ്ങളെ തോല്‍പ്പിച്ചു. രാജ്യം മുഴുവന്‍ തരിച്ചിരുന്നു. എന്നാലും ഞങ്ങള്‍ക്ക് കളി തുടര്‍ന്നല്ലേ മതിയാകൂ.. .

  • ഫ്രാന്‍സില്‍, പോര്‍ച്ചുഗലിനെക്കൂടാതെ യൂറോകപ്പ് ജയിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍ ?

ആതിഥേയര്‍ എന്ന നിലയില്‍ ഫ്രാന്‍സിന് നല്ല സാധ്യതയുണ്ട്. അവര്‍ മുമ്പും -1998 ലോകകപ്പില്‍- അങ്ങനെ കിരീടം നേടിയിട്ടുണ്ട്.
പിന്നെ, നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മനി. എല്ലാ പ്രധാനടൂര്‍ണമെന്റുകളിലും ജര്‍മനി ഫേവറിറ്റുകളായിരിക്കും. കഴിഞ്ഞരണ്ടു യൂറോകളിലും അവര്‍ നന്നായി കളിച്ചു. 2008-ല്‍ ഫൈനലിലും 2012-ല്‍ സെമിയിലുമെത്തി. ഇക്കുറി നിശ്ചയിച്ചുറപ്പിച്ചാണ് അവര്‍ വരുന്നത്.
പിന്നെ, ഇറ്റലിയെ നിങ്ങള്‍ക്ക് എങ്ങനെ മറക്കാനാകും? പ്രമുഖ ടൂര്‍ണമെന്റുകളിലെല്ലാം ശക്തരുടെ കൂട്ടത്തില്‍ അവരുണ്ടാകും. 2012-ലെ ഫൈനലിസ്റ്റുകളാണ് ഇറ്റലി. പിന്നെ സ്‌പെയിന്‍, വര്‍ഷങ്ങളായി ഞാന്‍ കളിച്ചുകൊണ്ടിരിക്കുന്ന രാജ്യം. അവരുടെ കൈയിലാണ് യൂറോ കിരീടമുള്ളത്. തുടര്‍ച്ചയായി രണ്ടുതവണ കിരീടം നേടാന്‍ അവര്‍ക്കായി. ഈ ടീമുകള്‍ക്കെല്ലാം കിരീടസാധ്യതയുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍.

  • ബെല്‍ജിയമോ ? 

ഫിഫ റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ള യൂറോപ്യന്‍ രാജ്യമാണ് ബെല്‍ജിയം തീര്‍ച്ചയായും ബെല്‍ജിയവും മികച്ച സംഘംതന്നെ. അസാധാരണ കഴിവുള്ള യുവഫുട്‌ബോളര്‍മാരുടെ സംഘം. ലോകകപ്പില്‍ അവര്‍ ക്വാര്‍ട്ടറിലെത്തി. അതെ, പ്രമുഖരുടെ കൂട്ടത്തില്‍ അവരുമുണ്ട്.

  • യൂറോകപ്പില്‍ ആദ്യമായി ഇക്കുറി 24 ടീമുകള്‍ ?

അതെ, ടൂര്‍ണമെന്റ് വിസ്തൃതമായിക്കൊണ്ടിരിക്കുന്നു. വന്‍കിട ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കാന്‍ ശേഷിയുള്ള ധാരാളം ടീമുകള്‍ യൂറോപ്പിലുണ്ട് എന്നതിന്റെ തെളിവുകൂടിയാണിത്.

  • പ്രാഥമികഘട്ടത്തില്‍ ഏറ്റുമുട്ടുന്ന ആറു ഗ്രൂപ്പുകളില്‍ നാലില്‍നിന്ന് മൂന്നുടീമുകള്‍ വീതം നോക്കൗട്ടിലേക്ക് കടക്കും ?

ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റ് അങ്ങനെയാണ്. 32 ടീമുകളെ ഉള്‍പ്പെടുത്തുന്നതിനുമുമ്പ് ലോകകപ്പിന്റെ ഘടനയും അങ്ങനെയായിരുന്നെന്ന് ഞാന്‍ ഓര്‍ക്കുന്നു. അതില്‍ വിശേഷിച്ചൊന്നുമില്ല. ലോകകപ്പ് ജയിക്കണമെങ്കില്‍ ഏഴുകളികളിലും ഏറ്റവും മികച്ച കളിതന്നെ പുറത്തെടുക്കണം. ഇപ്പോള്‍ യൂറോയിലും അങ്ങനെയായി എന്നുമാത്രം. കപ്പ് നേടണമെങ്കില്‍ ഏഴുകളികളിലും നിങ്ങള്‍ ഒന്നാമതായിരിക്കണം.