ബാഴ്‌സലോണയ്ക്കും സ്‌പെയ്‌നിനുമൊപ്പം സ്വപ്‌നതുല്യമായ യാത്രയിലാണ് ആന്ദ്രെ ഇനിയേസ്റ്റ. 2008, 2012 വര്‍ഷങ്ങളില്‍ യൂറോ കപ്പും 2010-ല്‍ ലോകകപ്പും ജയിച്ച സ്പാനിഷ് ടീമില്‍, മധ്യനിരയില്‍ മാന്ത്രികനായി ഇനിയേസ്റ്റയുണ്ടായിരുന്നു. ഇതിനിടെ ലോകത്തെ പ്രമുഖ കിരീടങ്ങളെല്ലാം ഇനിയേസേറ്റയുടെ കൈമുദ്ര പതിഞ്ഞു. യുറോകപ്പില്‍ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന സ്‌പെയിനിന്റെ പ്രതീക്ഷകള്‍ ഇനിയേസ്റ്റ പങ്കുവയ്ക്കുന്നു.
 
 • യൂറോയില്‍ ഹാട്രിക് തികയ്ക്കാന്‍ സ്‌പെയിനിന് കഴിയുമോ ?
- കഴിയും. അതിനുപറ്റുന്ന ടീമാണ് ഇപ്പോഴുള്ളത്. യൂറോയില്‍ ഇതുവരെ ഒരു രാജ്യവും ഹാട്രിക് തികച്ചിട്ടില്ല. അതുകൊണ്ടുതന്നെ ലക്ഷ്യം ഒട്ടും എളുപ്പമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
 
 • പക്ഷേ, കഴിഞ്ഞ ലോകകപ്പില്‍ സ്‌പെയിനിന്റെ പ്രകടനം തീര്‍ത്തും നിറംമങ്ങി. ആദ്യറൗണ്ടു കടക്കാന്‍പോലും ടീമിനായില്ല ?
-ശരിയാണ്. ബ്രസീലില്‍ പ്രതീക്ഷിച്ചപോലെ കളിക്കാന്‍ ഞങ്ങള്‍ക്കായില്ല. കായികലോകത്ത് അങ്ങനെയും സംഭവിക്കും. സത്യത്തില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഇതെല്ലാം ചേര്‍ന്നതാണ്. എല്ലാ കളിയിലും എല്ലാ ടൂര്‍ണമെന്റിലും നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച ഫലം ഉണ്ടാകില്ല. ബ്രസീലില്‍ നടന്ന കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലിലും ഞങ്ങള്‍ തോറ്റു. അതില്‍നിന്നെല്ലാം ഓരോരോ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട് എന്നത് പ്രധാനമാണ്.
 
 • സ്​പാനിഷ് നിരയില്‍ ചില പ്രധാനതാരങ്ങളെ കാണാനില്ല. ഫെര്‍ണാണ്ടോ ടോറസ്സിനും യുവാന്‍ മാട്ടയ്ക്കും 23 അംഗ സാധ്യതാടീമില്‍പ്പോലും ഇടംനേടാനായില്ല ?
- പ്രതിഭകളുടെ ധാരാളിത്തമുള്ള ഒരു പൂളില്‍നിന്ന് താരങ്ങളെ തിരഞ്ഞെടുക്കേണ്ടിവരുമ്പോള്‍, ഒരു കോച്ചിനും എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ല. അത് കോച്ചിന്റെ തീരുമാനമാണ്. അദ്ദേഹത്തിന്റെയും ടീമിന്റെയും ആവശ്യത്തിനനുസരിച്ച് കളിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ അഭിപ്രായം പറയാന്‍ ഞങ്ങള്‍ക്കാവില്ല.
 
 • 2014 ലോകകപ്പിനുശേഷം സാവി ഹെര്‍ണാണ്ടസും സാബി അലോന്‍സോയും ടീമിനോട് വിടപറഞ്ഞു. അത് നഷ്ടമായിത്തോന്നുന്നുണ്ടോ ?
- തീര്‍ച്ചയായും, ഇരുവരും സ്​പാനിഷ് ഫുട്‌ബോളിന്റെ ശക്തരായ സഖാക്കളായിരുന്നു. അവരോടൊപ്പം സ്വപ്‌നതുല്യമായ ഒരു കാലഘട്ടം പൂര്‍ത്തിയാക്കി. ലോകത്ത് വിവിധഭാഗങ്ങളില്‍നിന്ന് എത്രയോ കിരീടങ്ങള്‍ സ്വന്തമാക്കി. സാവിയെക്കുറിച്ച് പറയാന്‍തുടങ്ങിയാല്‍, എവിടെനിന്ന് തുടങ്ങണമെന്നോ എവിടെ അവസാനിപ്പിക്കണമെന്നോ എനിക്കറിയില്ല. ബാഴ്‌സയിലും സ്​പാനിഷ് ടീമിലും എന്റെ കരിയറിലുടനീളം അദ്ദേഹത്തോടൊപ്പം കളിക്കാനുള്ള അവസരമുണ്ടായി. അന്ന് കളിക്കാനിറങ്ങുമ്പോള്‍ ഗ്രൗണ്ടിന്റെ ഏതെല്ലാം കോണില്‍ ആരെല്ലാം ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് തലയുയര്‍ത്താതെതന്നെ അറിയാമായിരുന്നു, ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഉറപ്പുണ്ടായിരുന്ന ഒരേയൊരു കാര്യം അതുമാത്രമായിരുന്നു എന്നതാണ് സത്യം.

ഓരോരുത്തര്‍ക്കും ഓരോ സമയമുണ്ട്. ഓരോരുത്തരും ഒരുദിവസം വിരമിക്കേണ്ടിവരും എന്നതാണ് സങ്കടകരം.പ്രതിഭാശാലികളായ കളിക്കാരെ ഒരു രാത്രി വെളുക്കുമ്പോള്‍ ആര്‍ക്കും സൃഷ്ടിച്ചെടുക്കാനാകില്ല. എന്നിട്ടും മധ്യനിരയില്‍ ഞങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍പറ്റിയ കളിക്കാരുടെ വലിയ പട്ടികതന്നെയുണ്ടായിരുന്നു. ഒരിക്കല്‍, സ്​പാനിഷ് ഫുട്‌ബോളിനെ മുന്നില്‍ നിര്‍ത്തിയതും ആ വിഭവശേഷിതന്നെ.
 
 • യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇപ്പോഴും സ്‌പെയിനിന്റെ മേധാവിത്തംതന്നെ. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിന്റെ ഫൈനല്‍ കളിച്ച നാലു ടീമുകളില്‍ മൂന്നും സ്‌പെയിനില്‍നിന്ന്, രണ്ടു ടൂര്‍ണമെന്റും ജയിക്കുകയും ചെയ്തു... ? 
-റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗും സെവിയ്യ യൂറോപ്പ ലീഗും ജയിച്ചു. അത്‌ലറ്റിക്കോ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ചു. ആ മൂന്നിലും ഞങ്ങള്‍-ബാഴ്‌സലോണ-ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. യൂറോപ്പയില്‍ സെവിയ്യയുടെ ഹാട്രിക് നേട്ടമാണിത്. ഇത് സ്​പാനിഷ് ഫുട്‌ബോളിന് കിട്ടുന്ന അംഗീകാരംകൂടിയാണ്. ഞങ്ങള്‍ സഞ്ചരിക്കുന്നത് ശരിയായ പാതയിലൂടെതന്നെയാണെന്ന് ഉറപ്പ്.
സ്‌പെയിനിന്റെ വിവിധഭാഗങ്ങളില്‍നിന്ന് മികച്ച ഫുട്‌ബോളര്‍മാര്‍ വളര്‍ന്നുവരുന്നു. അവര്‍ ശരിയായി പരിശീലിപ്പിക്കപ്പെടുന്നു. സ്​പാനിഷ് ഫുട്‌ബോളിന്റെ ഭാവി ശോഭനമാണ്.
 
 • ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലെ തോല്‍വിയെക്കുറിച്ച് ?
കഴിഞ്ഞ 10-11 സീസണുകളില്‍ നാലുതവണ ബാഴ്‌സലോണ കിരീടം നേടി. എല്ലാ കിരീടങ്ങളും ജയിക്കാന്‍പറ്റിയ കാലമുണ്ടായിരുന്നു. എന്നുവെച്ച് എല്ലാ കാലത്തും എല്ലാ മത്സരങ്ങളും ജയിക്കാനാകില്ല. വരാനിരിക്കുന്ന വര്‍ഷങ്ങളിലും എല്ലാം ജയിക്കാന്‍ പോകുന്നില്ല. എങ്കിലും, ഒരു യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ നന്നായി കളിക്കുകയും മുന്നോട്ടുപോവുകയും ചെയ്തശേഷം പെട്ടെന്നൊരുനാള്‍ ടൂര്‍ണമെന്റില്‍നിന്ന് പുറത്താകുന്നത് സങ്കടകരംതന്നെ.
 
 • ഈ യൂറോയില്‍ സ്‌പെയിനിനെക്കൂടാതെ, കിരീടസാധ്യതയുള്ള ടീമുകള്‍ ഏതെല്ലാം ?
വളരെ കുറച്ച് ടീമുകള്‍ മാത്രം, ജര്‍മനി, ബെല്‍ജിയം പിന്നെ ആതിഥേയരായ ഫ്രാന്‍സും. പിന്നെ ഇംഗ്ലണ്ട്, ഇറ്റലി. ജയിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ടൂര്‍ണമെന്റുകളിലൊന്നാണ് യൂറോ. അത് തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചു എന്നതുതന്നെ ഞങ്ങളുടെ വലിയ നേട്ടം. എന്നാലും ഒരിക്കല്‍ക്കൂടി ജയിക്കാന്‍ ഞങ്ങള്‍ക്ക് തിടുക്കമായി.
 
 • വ്യക്തിപരമായി ലോകത്തെ പ്രധാനടൂര്‍ണമെന്റുകളെല്ലാം ജയിക്കാന്‍ നിങ്ങള്‍ക്കായി. 31 ലോകോത്തര കിരീടങ്ങളില്‍ നിങ്ങള്‍ പങ്കാളിയായി. ഇപ്പോഴും വിജയതൃഷ്ണ നിലനിര്‍ത്തുന്നതെങ്ങനെ ?
- ലളിതമാണത്. ഓരോ കിരീടം ജയിക്കുംതോറും വീണ്ടും ജയിക്കാനുള്ള ആവേശവും കൂടും. ജയം മതിയായി എന്ന് ഇതുവരെ തോന്നിയിട്ടില്ല. കൂടുതല്‍ക്കൂടുതല്‍ ജയിക്കാനുള്ള ആവേശമാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്.
 
 • 2010 ലോകകപ്പ് ഫൈനലിലെ വിജയഗോള്‍, 2012 യൂറോ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം... നിര്‍ണായക മത്സരങ്ങളിലാണ് ഇനിയേസ്റ്റയുടെ മികവ് പൂര്‍ണമായും പുറത്തുവരുന്നത് ?
-അങ്ങനെയല്ല, അല്ലെങ്കില്‍ ഞാന്‍ അതിനെ അങ്ങനെയല്ല കാണുന്നത്. ലോകകപ്പും യൂറോകപ്പും പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ ഓരോ മത്സരവും നിര്‍ണായകമാണ്. യോഗ്യതാ മത്സരം പോലും... ലോകകപ്പ് ഫൈനലിലെ വിജയഗോള്‍ നേടുകയെന്നത് വലിയ സന്തോഷംതന്നെ. അന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു, ടൂര്‍ണമെന്റിലെ മികച്ച ടീം ഞങ്ങളാണെന്നും ഇത് ജയിക്കേണ്ടതാണെന്നും. ടീമിലെ ഓരോരുത്തരും അവരുടെ സര്‍വസ്വവും ടീമിനു സമര്‍പ്പിച്ചു. ഒടുവില്‍ എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളില്‍ എന്റെ ഗോളിലൂടെ സ്‌പെയിന്‍ ആദ്യമായി ലോകജേതാക്കളായ ആ രാത്രി ഞങ്ങള്‍ക്ക് മറക്കാനാകില്ല.
 
 • യൂറോയിലെ തുടര്‍ജയങ്ങളോ ?
- ഞങ്ങളുടെ വിജയയാത്ര തുടങ്ങിയത് 2008-ലാണ്. യൂറോ ഫൈനലില്‍ ജര്‍മനിയെ തോല്‍പ്പിച്ചുകൊണ്ട്. നാലുവര്‍ഷം യൂറോപ്പിലെ രാജാക്കന്മാരായി ഞങ്ങള്‍. 2010-ല്‍ ലോകകപ്പും. 2012-ല്‍ യൂറോ ടൂര്‍ണമെന്റിനിറങ്ങുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അവിടെ ഇറ്റലിയാണ് ഫൈനലില്‍ എതിരാളിയായി എത്തിയത്. എന്നാല്‍, ഫൈനലില്‍ ഞങ്ങള്‍ കളിച്ചത് സ്‌പെയിനിന്റെ ഏറ്റവും മികച്ച കളികളിലൊന്നാണ്. ഇക്കുറി ഹാട്രിക് തികയ്ക്കുകയെന്നതും എളുപ്പമല്ല.
 
 • ഗ്രൂപ്പ് ഡിയില്‍ സ്‌പെയിനിനൊപ്പമുള്ള ടീമുകളെ - ചെക് റിപ്പബ്ലിക്, തുര്‍ക്കി, ക്രൊയേഷ്യ - കുറിച്ച് ?
ബാഴ്‌സുടെ മികച്ച താരങ്ങളിലൊരാളായ ഇവാന്‍ റാക്കിട്ടിച്ചും മാഡ്രിഡിന്റെ താരമായ ലൂക്ക മോഡ്രിച്ചും ക്രൊയേഷ്യയില്‍ ഒന്നിക്കുന്നു. ഇരുവരും ചേരുന്ന മധ്യനിര അതിശക്തമായിരിക്കും. ചെക്കും തുര്‍ക്കിയും അട്ടിമറികള്‍ക്ക് ശേഷിയുള്ള ടീമുകള്‍. ഇത് പ്രവചിക്കാനാകാത്ത ഗ്രൂപ്പാണ്. എങ്കിലും, ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.