ഫിലാഡല്‍ഫിയ: ക്ഷമ കെട്ടാല്‍ ബാഴ്‌സയിലെ നരഭോജി ലൂയിസ് സുവാരസ് എന്തൊക്കെ ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാം. കടിയേറ്റ പി.എസ്.വി.യുടെ ഒട്ട്മാന്‍ ബാക്കലും ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലിനിയുമെല്ലാം അത് നല്ലവണ്ണം അറിഞ്ഞവരാണ്. കോപ്പ അമേരിക്ക ഫുട്‌ബോളില്‍ വെനസ്വേലയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കാന്‍ അവസരം കിട്ടാതായപ്പോള്‍ ക്ഷമ കെട്ട സുവാരസ് കടി ഒഴികെ മറ്റുള്ളതൊക്കെ ചെയ്തു. കുപ്പായം ഊരിയെറിഞ്ഞു, പരിശീലകനോട് കയര്‍ത്തു. ചില്ലുകൂടിന് മുഷ്ടി ചുരുട്ടി ഇടിച്ചു.

വെനസ്വേലയോട് അപ്രതീക്ഷിതമായി വഴങ്ങിയ ഗോള്‍ മടക്കാന്‍ ടീം ലക്ഷ്യമറിയാതെ ഉഴറുമ്പോഴായിരുന്നു കളത്തിന് പുറത്ത് സുവാരസിന്റെ രോഷപ്രകടനം. കളി ഉറുഗ്വായുടെ കൈയില്‍ നിന്ന് വഴുതിക്കൊണ്ടിരിക്കുമ്പോള്‍ എണ്‍പത്തിനാലാം മിനിറ്റിലായിരുന്നു സുവാരസ് നിലവിട്ടത്. ആദ്യം സബ്‌സ്റ്റിറ്റിയൂട്ട് താരങ്ങള്‍ ധരിക്കുന്ന മേല്‍ക്കുപ്പായം ക്ഷോഭത്തോടെ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞു. പിന്നെ എഴുന്നേറ്റ് ചെന്ന് കോച്ച് ഓസ്‌ക്കര്‍ ടബരെസിനടുത്തുചെന്ന് കയര്‍ത്തു. കോച്ച് സീറ്റില്‍ ചെന്നിരിക്കാന്‍ പറഞ്ഞതോടെ ക്ഷോഭം ഇരട്ടിയായ സുവാരസ് രോഷത്തോടെ കോച്ചിരുന്ന ചില്ല് കൂടിന് ഇടിച്ച് സീറ്റിലിരുന്നു.

തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതോടെ കഴിഞ്ഞ വര്‍ഷത്തെ ക്വാര്‍ട്ടര്‍ഫൈനലിസ്റ്റുകളായ ഉറുഗ്വായ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇതോടെ സുവാരസിന് ഇനി കളിക്കാന്‍ കഴിയാതെയുമായി.

ഇക്കഴിഞ്ഞ മെയ് 22ന് കോപ്പ ഡെല്‍ റേയില്‍ ബാഴ്‌സയ്ക്കുവേണ്ടി കളിക്കുന്നതിനിടെയേറ്റ പരിക്കാണ് സുവാരസിന് പ്രശ്‌നമായത്. പരിക്ക് പൂര്‍ണമായി ഭേദമാവാത്ത സുവാരസ് കോപ്പയില്‍ കളിക്കാനുള്ള സാധ്യതയില്ലെന്ന് ടബരസ് നേരത്തെത്തന്നെ സൂചിപ്പിച്ചിരുന്നു. പരിക്കല്ല, ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ മനസ്സില്‍ വച്ചാണ് ടബരസ് സുവാരസിനെ കളിപ്പിക്കാതെ കരയ്ക്കിരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതുതന്നെയാണ് സുവാരസിന്റെ രോഷത്തിന്റെ കാരണവും.