ഹൂസ്റ്റണ്‍: അര്‍ജന്റീനയ്ക്ക് ഡീഗോ മാറഡോണ ദൈവവും മെസ്സി മിശിഹയുമാണെങ്കില്‍ മെക്‌സിക്കോയുടെ സാക്ഷാല്‍ ജീസസാണ് കൊറോണ. എഫ്.സി. പോര്‍ട്ടോയുടെ വിങ്ങറായ മെക്‌സിക്കന്‍ ടീമിലെ പുതിയ സൂപ്പര്‍സ്റ്റാര്‍. ഡീഗോയോടും മെസ്സിയോടുമെല്ലാം ഈ വിങ്ങറെ ഉപമിക്കുന്നത് അതിരു കടന്നതാവാം.

പക്ഷേ, കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ വെനസ്വേലയ്‌ക്കെതിരായ മത്സരത്തില്‍ ഒരു നിമിഷം ഡീഗോയെയും മെസ്സിയെയുമൊക്കെ ഓര്‍മിപ്പിച്ചു ജീസസ് കൊറോണ മാന്വല്‍ കൊറോണയെന്ന 23 കാരന്‍. 

1986ല്‍ മെക്‌സിക്കോയില്‍ ഇംഗ്ലണ്ടിനെതിരെ മാറഡോണയും 2007ല്‍ ലാ ലീഗയില്‍ ഗറ്റാഫെയ്‌ക്കെതിരെ ബാഴ്‌സലോണയ്ക്കുവേണ്ടി മെസ്സിയും ഫ്‌ളെമിംഗോയ്‌ക്കെതിരെ നെയ്മറും അയാക്‌സിനുവേണ്ടി ഇബ്രാഹിമോവിച്ചും ഫുള്‍ഹാമിനെതിരെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമൊക്കെ നേടിയ ഗോളുകള്‍ക്ക് ഒപ്പം നില്‍ക്കുന്നതായിരുന്നു വെനസ്വേലയ്‌ക്കെതിരെ കൊറോണ നേടിയ ഒറ്റയാന്‍ സമനിലഗോള്‍.

എണ്‍പതാം മിനിറ്റിലായിരുന്നു കൊറോണയുടെ അത്ഭുതഗോള്‍. ലയുന്‍ പ്രാഡോയില്‍ നിന്ന് കിട്ടിയ പന്ത് വച്ചുതാമസിപ്പിക്കാതെ ഇടതുഭാഗത്തൂടെ ബോക്‌സിലേയ്ക്ക് ഉൗളിയിട്ടിറങ്ങുമ്പോള്‍ അഞ്ച് പ്രതിരോധക്കാരായിരുന്നു ഗോള്‍ ഏരിയയില്‍ കാവല്‍.

അഞ്ച് പ്രതിരോധക്കാരില്‍ നിന്നും ഇടങ്കാല്‍ കൊണ്ട് പന്ത് കാലിലൊട്ടിച്ചുവച്ച്, അഞ്ച് ഡിഫന്‍ഡര്‍മാരെയും കബളിപ്പിച്ച് ഒറ്റയ്ക്ക് മുന്നേറിയ കൊറോണ ഗോളിക്ക് മുന്നില്‍ വച്ച് സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായ ഏഞ്ചലിന്റെയും വെലാസ്‌ക്വെസിന്റെയും ഇടയിലൂടെ ഒരു ഇടങ്കാല്‍ ബുള്ളറ്റ് പായിച്ചു. ഗ്യാലറിയെ രോമാഞ്ചമണിയിച്ചുകൊണ്ട് വല കുലുങ്ങി. ഫുട്‌ബോള്‍ ചരിത്രത്തില്‍ പൊന്ന് പതിച്ച ഗോളുകളുടെ ശ്രേണിയിലേയ്ക്ക് തിളക്കമാര്‍ന്ന മറ്റൊന്ന് കൂടി.

കൊറോണയെ മെക്‌സിക്കോയുടെ ജീസസ് എന്നു വെറുതെ വിശേഷിപ്പിച്ചതല്ല. 2012ലെ ക്ലബ് ലോകകപ്പില്‍ മോണ്‍ട്ടെറെയ്ക്കുവേണ്ടി ജീസസ് എന്ന പേര് ആലേഖനം ചെയ്ത ജെഴ്‌സി അണിഞ്ഞാണ് കൊറോണ കളിച്ചത്. രസാവഹമാണ് അതിനുള്ള കാരണം.

2012ല്‍ മോണ്‍ട്ടെറെയെ സ്‌പോണ്‍സര്‍ ചെയ്തത് കോട്ടെമോക്ക് മാക്‌റ്റെസുമ എന്ന മദ്യക്കമ്പനിയാണ്. അവരുടെ ഉപകമ്പനിയായ കാര്‍ട്ട ബ്ലാങ്ക എന്ന പേരാണ് കളിക്കാരുടെ കിറ്റില്‍ ആലേഖം ചെയ്യുന്നത്. വിപണിയില്‍ ഇവരുടെ എതിരാളികളാണ് കൊറോണ എന്ന കമ്പനിയാണ്.

അങ്ങിനെ സ്വന്തം പേരുള്ള ജെഴ്‌സിയുമായി കളിക്കാനാവാതെയായി ജീസസ് മാന്വല്‍ കൊറോണയ്ക്ക്. സ്‌പോണ്‍സറുടെ നിര്‍ബന്ധം കാരണം കൊറോണയ്ക്ക് പകരം ജീസസ് സി എന്ന എന്ന പേര് ജെഴ്‌സിയില്‍ എഴുതിയാണ് കൊറോണ കളത്തിലിറങ്ങിയത്. അങ്ങിനെ മാന്വല്‍ കൊറോണ മെക്‌സിക്കോയുടെ ജീസസായി. പില്‍ക്കാലത്ത് ടീമിന്റെ രക്ഷകനായി.

ഫലത്തില്‍ കാര്‍ലോസ് വെലയും ജിയോവാനി ഡോസ് സാന്റോസുമൊക്കെ കളമൊഴിയാറാകുമ്പൊഴേയ്ക്കും അപാരമായ ഡ്രിബിളിങ്, ഷൂട്ടിങ് പാടവങ്ങള്‍ കൊണ്ട് മെക്‌സിക്കോയുടെ സൂപ്പര്‍താരമായി വളര്‍ന്നുകഴിഞ്ഞു കൊറോണ. കോപ്പയിലും ടീമിന്റെ രക്ഷകനാവാനുള്ള നിയോഗം ജീസസ് കൊറോണയ്ക്കായിരുന്നു. വെനസ്വേലയ്‌ക്കെതിരായ അത്ഭുത ഗോള്‍ കൊണ്ട് ഈ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് കൊറോണ.

മോണ്‍ട്ടെറെയില്‍ കളിച്ചു തുടങ്ങിയ കൊറോണ നാട്ടില്‍ അവസരം കിട്ടാതായാണ് മറ്റു പലരെയും പോലെ യൂറോപ്പിലേയ്ക്ക് നാടുവിട്ടത്. ഡച്ച് ക്ലബായ യോങ് ട്വെന്റിയിലായിരുന്നു തുടക്കം. പിന്നീട് മൂന്ന് വര്‍ഷം അവരുടെ സീനിയര്‍ ടീമായ ട്വെന്റിയിലും കളിച്ചു. കഴിഞ്ഞ വര്‍ഷമാണ പോര്‍ട്ടോയിലെത്തിയത്.

ഇതുവരെയായി അവര്‍ക്കുവേണ്ടി 28 കളിയില്‍ നിന്ന് എട്ട് ഗോള്‍ നേടിക്കഴിഞ്ഞു കൊറോണ. രണ്ട് വര്‍ഷം മുന്‍പാണ് മെക്‌സിക്കന്‍ സീനിയര്‍ ടീമില്‍ ഇടം നേടുന്നത്. കഴിഞ്ഞ വര്‍ഷം കോണ്‍കാക്കാഫ് ഗോള്‍ കപ്പ് കിരീടം നേടിയ മെക്‌സിക്കല്‍ ടീമില്‍ അംഗമായിരുന്നു.

ഫിലാഡല്‍ഫിയയില്‍ ജമൈക്കയ്‌ക്കെതിരെ നേടിയ ഗോളുകളില്‍ ഒന്ന് കൊറോണയുടേതായിരുന്നു. മികച്ച ഭാവി താരത്തിനുള്ള അവാര്‍ഡും കൊറോണ സ്വന്തമാക്കി. മെക്‌സിക്കന്‍ ഫുട്‌ബോളിന്റെ ഭാവി ഇപ്പോള്‍ തെളിഞ്ഞുകത്തുന്നത് കൊറോണയില്‍ തന്നെയാണ്.