ന്യൂജഴ്‌സി: കളിക്കളത്തില്‍ കാര്‍ഡ് കൊണ്ട് കളിക്കുന്നവനാണ് ബ്രസീലുകാരന്‍ റഫറി ഹെബെര്‍ റോബര്‍ട്ടോ ലോപ്പസ്. പലപ്പോഴും കളിയഴകിന്റെ കണ്ണിലെ കരടായി കാര്‍ഡ് കളി മാറും. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലും അത് തന്നെയാണ് സംഭവിച്ചത്. എട്ട് മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പ് കാര്‍ഡുകളുമാണ് ഹെബെര്‍ പുറത്തെടുത്തത്.

16ാം മിനിറ്റില്‍ ചിലിയുടെ അല്‍ഫോന്‍സോ റോജോസ് ഡയസ് ആയിരുന്നു ഹെബെറിന്റെ ആദ്യ ഇര. 12 മിനിറ്റുകള്‍ക്കു ശേഷം അതേ ഡയസിനെതിരെ ഹെബെര്‍ വീണ്ടും കാര്‍ഡ് പുറത്തെടുത്തു. ചിലിയുടെ മദ്ധ്യനിരയിലെ നീക്കങ്ങളെ തകിടം മറിച്ച് ഡയസ് പുറത്തേക്ക്. ചിലി പത്ത് പേരിലേക്ക്.

heber27ാം മിനിറ്റില്‍ തുടരെ രണ്ട് മഞ്ഞക്കാര്‍ഡുകളുമായി ബ്രസീലിയന്‍ റഫറി വീണ്ടും കളിക്കിടയിലെ രസംകൊല്ലിയായി. ഇത്തവണ ഇരകളായത് അര്‍ജന്റീനയുടെ ഹാവിയര്‍ മഷരാനോയും ചിലിയുടെ അര്‍ദുറൊ വിദാലും. സാക്ഷാല്‍ ലയണല്‍ മെസ്സിയെയും ഹെബെര്‍ വെറുതെ വിട്ടില്ല. 

ഇതെല്ലാം ക്ഷമിക്കാം. എന്നാല്‍ 43ാം മിനിറ്റില്‍ അര്‍ജന്റീനയുടെ മാര്‍ക്കോസ് റോഹോക്ക് സ്‌ട്രൈറ്റ് ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയുടെ തീരുമാനത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല. ചിലി താരം വിദാലിനെ ഫൗള്‍ ചെയ്തതിനായിരുന്നു റോഹോക്ക് നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിച്ചത്. മഞ്ഞക്കാര്‍ഡ് കാണിക്കാനുള്ള ഫൗള്‍ പോലുമുണ്ടായിരുന്നോ എന്ന സംശയം ബാക്കി നില്‍ക്കെയാണ് ഹെബെറിന്റെ അതിരുവിട്ട കാര്‍ഡ് സ്‌നേഹം അര്‍ജന്റീനയുടെ കളിഗതിയെ ആകെ മാറ്റി മറിച്ചത്.

ഹെബെര്‍ ബ്രസീലുകാരനായത് കൊണ്ടാണോ ഇങ്ങനെ കാണിച്ചതെന്ന് ഒരു നിമിഷം തോന്നിപ്പോയാല്‍ തെറ്റു പറയാനാവില്ല. കളി രണ്ടാം പകുതിയിലെത്തിയപ്പോള്‍ കാര്‍ഡുകളുടെ എണ്ണം കുറഞ്ഞു. രണ്ടാം പകുതിയില്‍ മൂന്ന് മഞ്ഞക്കാര്‍ഡുകളിലേക്കൊതുങ്ങി. 

heber

ഹെബെറയുടെ ചരിത്രം പരിശോധിച്ചു പോയാല്‍ കാര്‍ഡുകളുടെ ഒരു നീണ്ട നിര തന്നെയുണ്ടാകും. കോപ്പ അമേരിക്കയില്‍ നിയന്ത്രിച്ച നാല് മത്സരങ്ങളില്‍ ആകെ 20  മഞ്ഞക്കാര്‍ഡുകളും മൂന്ന് ചുവപ്പ് കാര്‍ഡുകളുമാണ് ഹെബെര്‍ പുറത്തെടുത്തത്. കഴിഞ്ഞ മുപ്പത് മത്സരങ്ങളില്‍ നിന്നാകട്ടെ, 143 മഞ്ഞക്കാര്‍ഡുകളും 15 ചുവപ്പ് കാര്‍ഡുകളും. ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന അര്‍ജന്റീന-ചിലി മത്സരത്തിലെ ആറ് മഞ്ഞക്കാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഹെബെറിനെതിരായ ട്രോളുകള്‍