കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടിന് മാത്രമല്ല, ഒരു കോടിയോളം വരുന്ന ഹെയ്തിയിലെ ജനങ്ങള്‍ക്കും അത് മരണതുല്ല്യമായ നിമിഷമായിരുന്നു. തൊണ്ണൂറ്റിയഞ്ചാം മിനിറ്റില്‍ റഫറി അവസാന വിസില്‍ ഊതാന്‍ ഒരുങ്ങിനില്‍ക്കുമ്പോഴാണ് കെര്‍വെന്‍സിന്റെ തലയില്‍ നിന്ന് ഉറപ്പായൊരു ഗോളവസരം പുറത്തേയ്ക്ക് വഴുതി പാഴായത്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ കെവെന്‍സിന്റെ തലയില്‍ നിന്ന് പോസ്റ്റിന്റെ വശത്തേയ്ക്ക് പന്ത് തെന്നിമാറിയതിന് തൊട്ടു പിറകെ റഫറി അവസാന വിസിലൂതുകയും ചെയ്തു. പാവം കെര്‍വെന്‍സ് ഗ്രൗണ്ടില്‍ വീണ് ഹൃദയം പൊട്ടിക്കരഞ്ഞു. തലസ്ഥാനമായ പോര്‍ട്ട ഓ പ്രിന്‍സില്‍ ലക്ഷക്കണക്കിന് ആരാധകര്‍ ടി.വി. സെറ്റുകള്‍ക്ക് മുന്നില്‍ വാവിട്ട് നിലവിളിച്ചു. ഇവരുടെ കണ്‍മുന്നില്‍ കെര്‍വെന്‍സിന്റെ തലയില്‍ നിന്ന് വഴുതിപ്പോയത് ഗോളല്ല, ഒരു ചരിത്രമാണ്. ചരിത്രത്തില്‍ ആദ്യമായി കോപ്പയില്‍ പന്തുതട്ടിയ ഹെയ്തിക്ക് പെറുവിനെതിരെ നേടാമായിരുന്ന ഈ സമനിലയ്ക്ക് ഒരു കിരീടലബ്ധിയേക്കാള്‍ വിലയുണ്ടാകുമായിരുന്നു. പട്ടിണിക്കും വിശപ്പിനും ദുരിതങ്ങള്‍ക്കുമെതിരെയുള്ള ജയമാകുമായിരുന്നു അവര്‍ക്കിത്.

ഹെയ്തിക്കാര്‍ കോപ്പയില്‍ കളിക്കാന്‍ വന്നത് വെറുതെ കപ്പിടിക്കാനല്ല. പ്രകൃതി ദുരന്തങ്ങള്‍ തങ്ങളെ പൂര്‍ണമായി കൊന്നൊടുക്കിയിട്ടില്ലെന്ന് ലോകത്തോട് വിളിച്ചുപറയാനുണ്ടായിരുന്നു അവര്‍ക്ക്. മധ്യനിരക്കാരന്‍ അലസാന്ദ്രെ പറഞ്ഞതുപോലെ ടീം കളിക്കുന്ന തൊണ്ണൂറു മിനിറ്റെങ്കിലും രാജ്യത്ത് സമാധാനമുണ്ടാകുമല്ലോ. ജനങ്ങള്‍ പട്ടിണിയും വിശപ്പും ദുരിതുവെല്ലാം മറക്കുമല്ലോ. ഇതിനുവേണ്ടിയാണ് വടക്കന്‍ അമേരിക്കയിലെ ഈ പഴയ ഫ്രഞ്ച് കോളനി അര്‍ജന്റീനയും ബ്രസീലും ചിലിയും പെറുവും കൊളംബിയയും പോലുള്ള വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന കോപ്പയില്‍ കളിക്കാന്‍ ഇറങ്ങിയതുതന്നെ.

ദാരിദ്ര്യത്തിന്റെ കൂടെ പിറന്ന ഹെയ്തിയെ ഭൂകമ്പം തകര്‍ത്തെറിഞ്ഞിട്ട് ആറു വര്‍ഷമാകുന്നേയുള്ളൂ. ഒന്നര ലക്ഷം പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. എല്ലാം നാമാവശേഷമായ നാടും നഗരവും ഇപ്പോഴും പൂര്‍ണമായി പഴയ നിലയിലായിട്ടില്ല. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തിനുശേഷം ആറു മാസം ഹെയ്തി ഫുട്‌ബോള്‍ കളിച്ചിട്ടേയില്ല. ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരില്‍ കളിക്കാരും പരിശീലകരുമുണ്ടായിരുന്നു. ഇക്കാലത്ത് ഒരു ടൂര്‍ണമെന്റിന് പോലും രാജ്യം വേദിയായതുമില്ല. രാജ്യത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലായിരുന്നു ഭൂകമ്പം ജീവിതം കശക്കിയെറിഞ്ഞവരുടെ പുനരധിവാസ ക്യാമ്പ്. ടീമിന്റെ ഫിഫ റാങ്കിങ് എഴുപത്തിയൊന്നില്‍ വന്ന് നിന്നു.

എന്നിട്ടും പക്ഷേ, എല്ലാം പ്രകൃതിക്ക് വിട്ടുകൊടുക്കാന്‍ ഹെയ്തിക്കാര്‍ ഒരുക്കമായിരുന്നില്ല. തകര്‍ച്ചയില്‍ നിന്നവര്‍ പതുക്കെ ഉണര്‍ന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കി മൈതാനമൊരുക്കി. ദു:ഖം മറന്ന് വീണ്ടും ഫുട്‌ബോള്‍ കളിച്ചുതുടങ്ങി. മാസങ്ങള്‍ക്കുശേഷം ടീമിന്റെ കളി കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞെത്തിയത്. പിന്നീട് അമേരിക്കയിലും മറ്റും പോയി കളിച്ചും പരിശീലിച്ചുമാണ് അവര്‍ ടീം തട്ടിക്കൂട്ടിയത്.

വിജയവും സമനിലയും തലനാരിഴയ്ക്ക് വഴുതിപ്പോയെങ്കിലും ഒട്ടും മോശമായിരുന്നില്ല കോപ്പയിലെ അവരുടെ കന്നിപ്പോരാട്ടം. പെറുവിനായിരുന്നു മേല്‍ക്കൈയെങ്കിലും നിരവധി അപകടകരമായ നീക്കങ്ങള്‍ കൊണ്ട് അവരെ വിറപ്പിക്കാന്‍ ഹെയ്തിക്കാര്‍ക്കായി. അവസാന നിമിഷത്തെ പിഴവ് കൂടി ഉണ്ടായിരുന്നില്ലെങ്കില്‍ സിയാറ്റിലിലും പോര്‍ട്ട ഒ പ്രിന്‍സിലും പുതിയൊരു ചരിത്രം കൂടി രചിക്കപ്പെടുമായിരുന്നു.

ഓര്‍ലാന്‍ഡോയില്‍ ബ്രസീലുമായും ന്യൂയോര്‍ക്കില്‍ ഇക്വഡോറുമായാണ് അവരുടെ അടുത്ത മത്സരങ്ങള്‍.