സാന്റ ക്ലാര: മെസ്സിയില്ലെങ്കില്‍ അര്‍ജന്റീന വട്ടപ്പൂജ്യമാണെന്നു പറയുന്നവര്‍ക്കുള്ള മറുപടി ഇതാ. ഒരു കൊല്ലം മുന്‍പ് കോപ്പയില്‍ സാന്റിയാഗോ എസ്റ്റാഡിയോ നാസിയോണല്‍ സ്‌റ്റേഡിയത്തിലേറ്റ തീരാമുറിവിന് മെസ്സിയില്ലാതെ തന്നെ കണക്കുതീര്‍ത്തിരിക്കുന്നു നീലപ്പട. കോപ്പ അമേരിക്ക ഫുട്‌ബോളിലെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പിച്ചാണ് നീലപ്പട കഴിഞ്ഞ കോപ്പ ഫൈനലിലെ തോല്‍വിയുടെ കണക്കുതീര്‍ത്തത്.

argentina win

ലയണല്‍ മെസ്സി സൈഡ് ബെഞ്ചിലിരുന്നിട്ടും ആക്രമണത്തില്‍ ലുബ്ധ് ഒട്ടും കാണിക്കാത്ത അര്‍ജന്റീനയെ ആദ്യം മുന്നിലെത്തിച്ചത് ഏയ്ഞ്ചല്‍ ഡി മരിയയാണ്. അമ്പത്തിയൊന്നാം മിനിറ്റില്‍ അരാന്‍ഗ്യുസിനെ കബളിപ്പിച്ച് പന്ത് പിടിച്ചെടുത്ത എവര്‍ ബെനേഗ കൊടുത്ത പാസ് മനോഹരമായൊരു ഫിനിഷിലൂടെ വലയിലെത്തിച്ചാണ് ഡി മരിയ ലീഡ് നേടിയത്.

ചിലി സര്‍വസന്നാഹവുമായി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും എട്ട് മിനിറ്റിനുള്ളില്‍ അര്‍ജന്റീന വീണ്ടും വല കുലുക്കി കരുത്തുകാട്ടി. ഇക്കുറി ഇടതുവിംഗില്‍ നിന്ന് ഡി മരിയയുടെ വകയായിരുന്നു പാസ്. പ്രത്യുപകാരമായി മികച്ചൊരു ഇടങ്കാലന്‍ ഗ്രൗണ്ടിറിലൂടെ ബെനേഗ വല ചലിപ്പിക്കുകയും ചെയ്തു.

ആക്രമണ, പ്രത്യാക്രമണങ്ങളിലൂടെയാണ് പിന്നീടുള്ള ഓരോ നിമിഷവും കടന്നുപോയത്. ചിലിക്ക് പക്ഷേ, സമാശ്വാസഗോള്‍ നേടാന്‍ ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റ് വരെ കാക്കേണ്ടിവന്നുവെന്ന് മാത്രം. ഒരിക്കലും കിട്ടാത്ത ഒരു ക്രോസിന് വേണ്ടി ഗോള്‍ലൈനില്‍ നിന്ന് അനാവശ്യമായി മുന്നോട്ടു കയറിവന്നതിന് ഗോളി റൊമെരൊ കൊടുത്ത വിലയായിരുന്നു ഈ ഗോള്‍. പകരക്കാരന്‍ പെഡ്രോ ഫ്യുസാലിഡയുടെ ഹെഡ്ഡര്‍ കൃത്യം വലയില്‍.
 

അര്‍ജന്റീന അര്‍ഹിക്കുന്നത് തന്നെയായിരുന്നു ഈ മിന്നുന്ന ജയം. ഹിഗ്വായ്‌നെ മാത്രം മുന്നില്‍ നിര്‍ത്തി കളിച്ചവര്‍ ഒരിക്കല്‍പ്പോലും മെസ്സിയുടെ അഭാവം ആക്രമണത്തിലോ മധ്യനിരയിലെ പുറത്തുകാട്ടിയില്ല. മെസ്സിക്ക് പകരം വന്ന നിക്കോളസ് ഗെയ്റ്റനായിരുന്നു മധ്യനിരയില്‍ അവരുടെ ഊര്‍ജസ്രോതസ്സ്. ചുറുചുറുക്കോടെ പറന്നു കളിച്ച ഗെയ്റ്റനെ തളയ്ക്കാന്‍ ചിലിയുടെ പുകള്‍പെറ്റ പ്രതിരോധത്തിന് സകല അടവും പുറത്തെടുക്കേണ്ടിവന്നിരുന്നു. മത്സരത്തിലെ ആദ്യ അവസരം തുറന്നെടുത്തതും ഗെയ്റ്റന്‍ തന്നെ. തുടക്കത്തില്‍ തൊടുത്ത ഹെഡ്ഡര്‍ ബാറിലിടിച്ചുമടങ്ങിയത് നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ്.

 മൂന്ന് സ്‌ട്രൈക്കര്‍മാരെ മുന്നില്‍ നിര്‍ത്തി കളിച്ച ചിലിയുടെ കരുത്ത് പരിചയസമ്പന്നരായ വര്‍ഗാസും അലക്‌സി സാഞ്ചസും ബ്യൂസോയറുമായിരുന്നു. മധ്യനിരയെ വിഡാലും ഡിയാസും അരാന്‍ഗ്യുസും ചലനാത്മകമാക്കി നിര്‍ത്തി. ഫിനിഷിങ്ങായിരുന്നു അവരുടെ പ്രധാന പോരായ്മ. അലക്ഷ്യവും മൂര്‍ച്ച കുറഞ്ഞതുമായ ചില ക്രോസുകളില്‍ ഒതുങ്ങി അവരുടെ ഗോള്‍ശ്രമങ്ങള്‍. ഡി മരിയയാണ് മാന്‍ ഓഫ് ദി മാച്ച്.
 


വേദി: ലെവിസ് സ്‌റ്റേഡിയം, സാന്റാ ക്ലാര, കാലിഫോര്‍ണിയ

ടീമുകള്‍:

അര്‍ജന്റീന 

റോമിറോ, മെര്‍ക്കാഡോ, ഒട്ടാമെന്‍ഡി, മോറി, റോജോ, ബനേഗ, മഷരാനൊ, ഒഗസ്‌റ്റോ ഫെര്‍ണാണ്ടസ്, ഗെയ്റ്റന്‍, ഡി മരിയ, ഹിഗ്വെയ്ന്

ചിലി

ബ്രാവോ, ഇസ്ല, മെഡെല്‍, ജാറ, മെന, വിദാല്‍, ഡയസ്, അരാന്‍ഗ്യുയിസ്, സാഞ്ചസ്, ബ്യൂസജോര്‍, വര്‍ഗാസ്