ഷിക്കാഗോ: ഫുട്‌ബോള്‍ ലഹരിക്ക് മുന്നില്‍ മഴയും മിന്നലും മുട്ടുമടക്കി. കോപ്പ അമേരിക്ക ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒരു അര്‍ജന്റീന-ചിലി ഫൈനലിന് അരങ്ങൊരുങ്ങി. പകുതി സമയത്ത് ശക്തമായ കാറ്റും മഴയും മിന്നലും വന്ന് മുടക്കിയ രണ്ടാം സെമിയില്‍ കൊളംബിയയെ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ചിലി മറികടന്നത്.

ഏഴാം മിനിറ്റില്‍ ചാള്‍സ് അരാഗ്യുസും പതിനൊന്നാം മിനിറ്റി പെഡ്രോ ഫ്യുന്‍സാലിഡയുമാണ് ചിലിയുടെ ഗോളുകള്‍ നേടിയത്.

അമ്പത്തിയാറാം മിനിറ്റില്‍ കാര്‍ലോസ് സാഞ്ചസ് രണ്ടാം മഞ്ഞ കണ്ട് പുറത്തായതോടെ കൊളംബിയ പത്ത് പേരായി ചുരുങ്ങി.

പകുതി സമയത്തിന് കളി പിരിഞ്ഞപ്പോഴാണ് കാറ്റിന്റെയും മഴയുടെയും മിന്നലിന്റെയും രൂപത്തില്‍ കാലാവസ്ഥ പ്രതികൂലമായി എത്തിയത്. ഏതാണ്ട് രണ്ട് മണിക്കൂര്‍ കാത്ത് പാതി രാത്രിയാണ് രണ്ടാം പകുതിയില്‍ കളി ആരംഭിച്ചത്.

രണ്ടാം പകുതിയുടെ അവസാന ഭാഗം ഗോളടിക്കാന്‍ കഠിനമായി പ്രയത്‌നിച്ച കൊളംബിയക്ക് പക്ഷേ, രണ്ടാം പകുതിയില്‍ മഴ നനച്ച ഗ്രൗണ്ടില്‍ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. ഇടയ്ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് ഒരാളെക്കൂടി നഷ്ടപ്പെട്ടതു മാത്രമായിരുന്നു മിച്ചം.

കോപ്പയില്‍ ഒരിക്കല്‍ മാത്രം കിരീടം ചൂടിയ ചിലിയുടെ അഞ്ചാം ഫൈനലാണിത്. അര്‍ജന്റീനയുമായി കലാശപ്പോരാട്ടത്തില്‍ കൊമ്പു കോര്‍ക്കുന്നതാവട്ടെ രണ്ടാം തവണയും. 1955ല്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റീനയ്ക്കായിരുന്നു ജയം. കഴിഞ്ഞ വര്‍ഷം സ്വന്തം നാട്ടില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ചിലി അതിന് മറുപടി നല്‍കി. ഇക്കുറി ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരെ രണ്ട് ഗോളിന് ചാമ്പ്യന്മാരെ വീഴ്ത്തിയിരുന്നു.