മസാചുസെറ്റ്‌സ്: പണ്ട് ലോകകപ്പില്‍ അര്‍ജന്റീനയെ തുണച്ചത് ഒരു ദൈവത്തിന്റെ കൈയാണെങ്കില്‍ ഇക്കുറി കോപ്പ അമേരിക്കയില്‍ ബ്രസീലിന് ദുരന്തം സമ്മാനിച്ചത് മറ്റൊരു ദൈവത്തിന്റെ കൈ. എഴുപത്തിയഞ്ചാം മിനിറ്റില്‍ കൈകൊണ്ട് തട്ടി റൗള്‍ റൂയിഡിയാസ്‌ നേടിയ വിവാദ ഗോളിന് പെറുവിനോട് തോറ്റ മഞ്ഞപ്പട കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍കാണാതെ പുറത്തായി.

hand goal

തൊണ്ണൂറു മിനിറ്റ് കളിയുടെ മുക്കാല്‍ ഭാഗവും കാഴ്ചക്കാരായി നിന്ന പെറു റഫറിയുടെ ഔദാര്യം കൊണ്ട് വീണു കിട്ടിയ നിറംകെട്ട വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ ചാമ്പ്യന്‍മാരായാണ്‌ ക്വാര്‍ട്ടറിലെത്തിയത്. കൊളംബിയയുമായാണ് പെറുവിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം. ഹെയ്തിക്കെതിരെ ഗോള്‍വര്‍ഷം നടത്തിയ ഇക്വഡോര്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി നേരത്തെ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരുന്നു. യു.എസ്.എ.യുമായാണ് ഇക്വാഡോറിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം.

1987നുശേഷം മൂന്ന് പതിറ്റാണ്ടു കഴിഞ്ഞാണ് പെറു ബ്രസീലിനെതിരെ കോപ്പയില്‍ ഒരു ജയം നേടുന്നത്. സ്വന്തം മണ്ണില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയോടേറ്റ ഏഴ് ഗോള്‍ തോല്‍വിക്കുശേഷം ബ്രസീല്‍ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

ബ്രസീല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കെയാണ് കളിയുടെ ഗതിക്കെതിരെ എഴുപത്തിയഞ്ചാം മിനിറ്റില്‍ അവരുടെ വല കുലുങ്ങിയത്. വലതു വിംഗിലൂടെ പറന്നിറങ്ങിയ പോളൊ ഗോള്‍മുഖത്തേയ്ക്ക് മനോഹരമായൊരു ക്രോസ് നല്‍കി. പന്ത് ഓടിയെത്തിയ റൂയിഡിയാസ് പന്ത് വലയിലെത്തിക്കുകയും ചെയ്തു. റഫറി ഗോളെന്ന് വിധിച്ച് വിസില്‍ ഊതിയെങ്കിലും ബ്രസീല്‍ താരങ്ങള്‍ ബഹളവുമായി രംഗത്തെത്തി. പിന്നീട് ഗ്രൗണ്ടില്‍ നാടകീയ നിമിഷങ്ങളായിരുന്നു. ലൈന്‍ റഫറിയുമായി ചര്‍ച്ച നടത്തിയ റഫറി ഗോള്‍ റദ്ദാക്കിയെങ്കിലും വിടാന്‍ പെറു താരങ്ങള്‍ ഒരുക്കമായിരുന്നില്ല. വീണ്ടും ചര്‍ച്ചയായി. മിനിറ്റുകളോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ വീണ്ടും റഫറി ഗോള്‍ വിധിച്ചു. എന്നാല്‍, ടെലിവിഷന്‍ റീപ്ലേയില്‍ റൂയിഡിയാസ് പന്ത് കൈ കൊണ്ട് തൊട്ടുവെന്ന് വ്യക്തമായിരുന്നു.