ഹൂസ്റ്റണ്‍: ആതിഥേയരായ യു.എസ്.എ.യെ കണ്ണില്‍ച്ചോരയില്ലാതെ നാലു ഗോളില്‍ മുക്കിയ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. നിലവിലെ റണ്ണറപ്പുകള്‍ക്കുവേണ്ടി ഗോണ്‍സാലോ ഹിഗ്വായ്ന്‍ രണ്ടും ലയണല്‍ മെസ്സിയും എസ്‌ക്വല്‍ ലവെസിയും ഓരോ ഗോളും നേടി. പകുതി സമയത്ത് അര്‍ജന്റീന ലവെസിയും മെസ്സിയും നേടിയ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ എസ്‌ക്വല്‍ ലവെസിയാണ് അര്‍ജന്റീനയുടെ സ്‌കോറിങ്ങിന് തുടക്കമിട്ടത്. യു.എസ്.എ. പ്രതിരോധനിരയുടെ തലയ്ക്ക് മുകളിലൂടെ മെസ്സി കോരിയിട്ടു കൊടുത്ത പന്ത് മനോഹരമായി പറന്ന് കുത്തിയാണ് ലവെസി സ്‌കോറിങ്ങിന് തുടക്കമിട്ടത്. മുപ്പത്തിരണ്ടാം മിനിറ്റിലായിരുന്നു മെസ്സിയുടെ ചരിത്രം കുറിച്ച ഗോള്‍. ബോക്‌സിന് തൊട്ടു പുറത്ത് നിന്നെടുത്ത ഇടങ്കാലന്‍ ഫ്രീകിക്ക് വളഞ്ഞുപുളഞ്ഞ് ഗോളിയുടെ കൈകള്‍ക്കും കിട്ടാതെ വലയില്‍ കയറിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചുനിന്നു ഗ്യാലറി. അര്‍ജന്റീനയ്ക്കുവേണ്ടിയുള്ള മെസ്സിയുടെ 55-ാം ഗോള്‍. ഇതോടെ അര്‍ജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ബഹുമതി മെസ്സി സ്വന്തമാക്കി. ഗബ്രിയല്‍ ബാറ്റിസ്റ്റിയൂട്ടയെയാണ്‌ ഗോള്‍വേട്ടയില്‍ മെസ്സി പിന്നിലാക്കിയത്.

50-ാം മിനിറ്റില്‍ തിരിച്ചുവരാനുള്ള യു.എസ്.എയുടെ സ്വപ്‌നത്തിന്റെ ചിറകരിഞ്ഞുകൊണ്ട് ഹിഗ്വായ്‌നും ലക്ഷ്യം കണ്ടു. ഒരു നീളന്‍ പാസ് ഓടിപ്പിടിച്ചെടുത്ത് ഹിഗ്വായ്ന്‍ തോണ്ടിയിട്ട പന്ത് ആദ്യം തടഞ്ഞെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത് വരുതിയിലാക്കിയ ഹിഗ്വായ്‌ന്റെ ഫിനിഷിങ്ങിന് മുന്നില്‍ യു.എസ്. ഗോളി പരാജയപ്പെട്ടു. അര്‍ജന്റീന മടക്കമില്ലാത്ത മൂന്ന് ഗോളിന് മുന്നില്‍.

യു.എസ്.എ. ഗോള്‍ മടക്കാനുള്ള ശ്രമങ്ങളൊന്നും കാര്യമായി നടത്താതിരിക്കുമ്പോള്‍ 86-ാം മിനിറ്റില്‍ നാലാം ഗോളും വീണു. ഇക്കുറിയും തലച്ചോര്‍ മെസ്സി തന്നെ. അമേരിക്കന്‍ പ്രതിരോധത്തെ ഡ്രിബിള്‍ ചെയ്ത് നെടുകെ പിളര്‍ന്നുകൊണ്ട് മെസ്സി കൊടുത്ത ക്രോസ് ഒന്ന് മെല്ലെ തൊടുകയേ വേണ്ടിവന്നുള്ളൂ ഹിഗ്വായ്‌ന്.

പന്ത് ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ പരസ്യ ബോര്‍ഡിനപ്പുറത്തേയ്ക്ക് മറിഞ്ഞ് എസ്‌ക്വല്‍ ലവെസിക്ക് പരിക്കേറ്റത് മാത്രമാണ് ജയത്തിനിടയിലും അര്‍ജന്റീനയ്ക്കു തിരിച്ചടിയായത്.

ഇതൊഴിച്ചു നിര്‍ത്തിയാല്‍ തൊണ്ണൂറു മിനിറ്റ് നേരവും മത്സരത്തില്‍ അര്‍ജന്റീന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമേരിക്കയുടെ മധ്യനിരയും പ്രതിരോധവും സമ്പൂര്‍ണ പരാജയമായിരുന്നു. ഒരൊറ്റ നീക്കം പോലും മധ്യനിരയില്‍ നിന്ന് ഉയിര്‍കൊണ്ടില്ല. പ്രതിരോധനിരയാവട്ടെ അര്‍ജന്റീനയുടെ മുന്നേറ്റത്തില്‍ എപ്പോഴും ആടിയുലകയും ചെയ്തു. അലക്ഷ്യമായ പാസുകളും അലസമായ ക്ലിയറിങ്ങുമായിരുന്നു ഇവരുടെ മുഖമുദ്ര. മികച്ച ഒത്തിണക്കത്തില്‍ കളിച്ച അര്‍ജന്റീനയ്ക്ക് ഇത് ഗുണം ചെയ്യുകയും ചെയ്തു. ഡി മരിയയുടെയും സെര്‍ജി അഗ്യുറോയുടെയും അഭാവം അര്‍ജന്റീന അറിഞ്ഞതുതന്നെയില്ല.

കൊളംബിയയോ ചിലിയോ ആയിരിക്കും ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളി.