ന്യൂജേഴ്സി: കോപ്പ അമേരിക്ക ഫുട്ബോളിന്റെ ശതാബ്ദിവര്‍ഷത്തില്‍ ആര് കപ്പുയര്ത്തുമെന്നറിയാന് ഇനി മണിക്കൂറുകള്‍. കഴിഞ്ഞവര്‍ഷത്തെ തനിയാവര്‍ത്തനമായ ഫൈനലില്‍ മെസ്സിയുടെ നേതൃത്വത്തില്‍ അര്‍ജന്റീനയും ക്ലോഡിയോ ബ്രാവോയുടെ ചിലിയും കലാശക്കളിയില്‍ നേര്‍ക്കുനേര്‍വരും. തിങ്കളാഴ്ച പുലര്‍ച്ചെ 5.30നാണ് ഫൈനല്‍.
കഴിഞ്ഞവര്‍ഷം ഫൈനലില്‍ സ്വന്തം മണ്ണില്‍വെച്ചാണ് ചിലി അര്‍ജന്റീനയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് കപ്പുയര്‍ത്തിയത്. ഇത്തവണ പ്രാഥമികറൗണ്ടില്‍ ചിലിയെ തോല്‍പ്പിച്ചെങ്കിലും കിരീടപോരാട്ടത്തിലും ജയം നേടി മധുരപ്രതികാരമാണ് മെസ്സിയും സംഘവും ലക്ഷ്യമിടുന്നത്. കോപ്പ ജയിക്കാന്‍ ഇതിലും നല്ലൊരു അവസരം അര്‍ജന്റീനയ്ക്ക് ഇനിയുണ്ടാകില്ല. സുശക്തമായ പ്രതിരോധം. ധാരണയുള്ള മധ്യനിര. മുന്നേറ്റത്തില്‍ മികച്ച ഫോമില്‍ കളിക്കുന്ന മെസ്സിയും ഹിഗ്വയ്നും.
മറുവശത്ത് ചിലിയാകട്ടെ തുടക്കത്തിലെ പാളിച്ചകള്‍ പരിഹരിച്ചുകഴിഞ്ഞു. യോര്‍ഗെ സാംപോളിയുടെ പിന്‍ഗാമിയായെത്തിയ യുവാന്‍ പിസ്സിയുടെ കീഴില്‍ ടീമിന് ഒത്തിണക്കം കൈവന്നു. ക്വാര്‍ട്ടറില്‍ മെക്സിക്കോയെ 7-0ത്തിനും സെമിയില്‍ കൊളംബിയയെ 2-0ത്തിനും തോല്‍പ്പിച്ചത് ടീമിന്റെ കരുത്ത് വെളിപ്പെടുത്തുന്നു.
അര്‍ജന്റീനാ നിരയില്‍ പരിക്കറ്റ എയ്ഞ്ചല്‍ ഡി മരിയ, എസീക്വല്‍ ലാവേസി എന്നിവരുണ്ടാകാനിടയില്ല. മുന്നേറ്റത്തില്‍ മെസ്സി-ഹിഗ്വയ്ന്-എറിക് ലമേല എന്നിവര്‍ കളിക്കും. മധ്യനിരയില്‍ ഹാവിയര്‍ മഷെറാനോ-അഗുസ്തോ ഫെര്‍ണാണ്ടസ്-എവര്‍ ബനേഗ ത്രയമുണ്ടാകും. പ്രതിരോധത്തില്‍ നിക്കോളസ് ഒട്ടാമെന്‍ഡി, മാര്‍ക്കോസ് റോജോ, ഫ്യൂണസ് മോറി, മെര്ക്കാര്ഡോയും ഗോള്‍കീപ്പറായി സെര്‍ജിയോ റാമോസും ഇറങ്ങും.
ചിലി നിരയില്‍ അര്‍ട്ടൂറോ വിദാല്‍ മടങ്ങിയെത്തും മുന്നേറ്റത്തില്‍ അലക്സിസ് സാഞ്ചസ്എഡ്വാര്ഡോ വാര്ഗാസ്ഫ്യൂന്സാലിഡ എന്നിവര്‍ കളിക്കും. മധ്യനിരയില്‍ വിദാല്‍, മാഴ്സലോ ഡയസ്, ചാള്‍സ് അരാഗ്യൂണിസ് എന്നിവരുണ്ടാകും. യാറയും മെഡലുമാകും പ്രതിരോധത്തെ കാക്കാന്‍ നേതൃത്വംനല്കുന്നത്. ഗോള്‍കീപ്പറായി നായകന് ക്ലോഡിയോ ബ്രാവോയാകും.
കൊളംബിയ്ക്കെതിരായ കളിയില്‍ അരാഗ്യൂണിസ് ഫോമിലേക്കുയര്‍ന്നതോടെ ചിലിയുടെ ശക്തി വര്‍ധിച്ചു. ഇതുവരെ ഇണങ്ങാതിരുന്ന കണ്ണിയായിരുന്നു അത്. കഴിഞ്ഞ കോപ്പയില്‍ ടീമിന്റെ വിജയത്തിനു പിന്നില്‍ ചാള്‍സ് നിര്‍ണായകഘടകമായിരുന്നു. അര്‍ജന്റീന ഭയക്കേണ്ടതും മധ്യനിരയിലെ ത്രിമൂര്‍ത്തികളെയാണ്.