കാലിഫോര്‍ണിയ: നിലവിലെ ചാമ്പ്യന്‍മാര്‍ യഥാര്‍ഥ ഫോമിലേക്കുയര്‍ന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ മെക്‌സിക്കോയെ എകപക്ഷീയമായ ഏഴു ഗോളുകള്‍ക്ക് തറപറ്റിച്ച് ചിലി കോപ്പ അമേരിക്ക സെമിയില്‍ കടന്നു. എഡ്വാര്‍ഡ് വര്‍ഗാസ് നാല് ഗോളുകള്‍ നേടി. എഡ്‌സണ്‍ പുച്ച് രണ്ട് ഗോളുകളും അലക്‌സ് സാഞ്ചസ് ഒരു ഗോളും നേടി. 44,52,57,74 മിനിറ്റുകളിലായിരുന്നു വര്‍ഗാസിന്റെ ഗോളുകള്‍. മികച്ച പ്രകടനത്തോടെ കോപ്പയിലെ ഗോള്‍ വേട്ടയിലും വര്‍ഗാസ് മുന്നിലെത്തി

copa

മെക്‌സിക്കോയ്ക്ക് കളിയല്‍ യാതൊരു സാധ്യതയും നല്‍കാതെയായിരുന്നു ചിലിയുടെ ആധികാരിക വിജയം. ആദ്യ പകുതിയില്‍ 16-ാം മിനിറ്റില്‍തന്നെ ചിലി ഗോള്‍ വര്‍ഷത്തിന് തുടക്കം കുറിച്ചു. സാഞ്ചസ് നല്‍കിയ പാസില്‍ നിന്ന് എഡ്‌സണ്‍ പുച്ചാണ് ആദ്യ ഗോള്‍ കുറിച്ചത്. 87-ാം മിനിറ്റില്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയതും പുച്ച് ആയിരുന്നു. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടുനിന്ന ചിലി കൂടുതല്‍ കരുത്താര്‍ജിച്ച രണ്ടാം പകുതിയില്‍ അഞ്ചു ഗോളുകളും വലയില്‍ അടിച്ചു കയറ്റി.

copa

അതേസമയം മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെ ആര്‍ട്ടൂറോ വിദാലിന് അടുത്ത കളിയില്‍ ഇറങ്ങാന്‍ സാധിക്കാത്തത്‌ സെമിയില്‍ ചിലിക്ക്‌ തിരിച്ചടിയാകും. രണ്ടാം ക്വര്‍ട്ടറില്‍ വിജയിച്ച കൊളംബിയയാണ് സെമിയില്‍ ചിലിയുടെ എതിരാളികള്‍.