അരിസോണ: കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണ്ണമെന്റില്‍ ആതിഥേയരായ അമേരിക്കയെ ലൂസേഴ്‌സ് ഫൈനലില്‍ വീഴ്ത്തി കൊളംബിയ മൂന്നാം സ്ഥാനത്തെത്തി. 31-ാം മിനിറ്റില്‍ കാര്‍ലോസ് ബാക്ക നേടിയ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കൊളംബിയയുടെ വിജയം.

സ്വന്തം തട്ടകത്തില്‍ മൂന്നാം സ്ഥാനവുമായി തല ഉയര്‍ത്തി ടൂര്‍ണ്ണമെന്റ് അവസാനിപ്പിക്കാമെന്ന അമേരിക്കന്‍ സ്വപ്‌നമാണ് ജെയിംസ് റോഡ്രിഗസും സംഘവും തകര്‍ത്തത്‌. തുടക്കം മുതല്‍ കൊളംബിയ ഗോളിനായി മുന്നേറിയെങ്കിലും 31-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ആദ്യ ഗോളിനായി. പെനാല്‍റ്റി ബോക്‌സിനടുത്തുനിന്ന്‌ റോഡ്രിഗസ് നല്‍കിയ പന്ത്‌ സാന്റിയാഗോ അരിയാസിന്റെ കൃത്യതയാര്‍ന്ന ഹെഡ്ഡര്‍ പാസ്സില്‍ കാര്‍ലോസ് ബാക്ക പിഴവുകളില്ലാതെ പോസ്റ്റിലെത്തിച്ചു.

copa

ആദ്യ പകുതിക്കു ശേഷം ഇരുടീമും ഒന്നിനൊന്ന് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളുകള്‍ പിറന്നില്ല. അതേസമയം പരുക്കന്‍ പ്രകടനത്തിന്റെ പേരില്‍ അവസാന മിനിറ്റില്‍ അമേരിക്കയുടെ ഒരോസുകോയും കൊളംബിയയുടെ ഹരിയാസും റഫറിയുടെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. അരിയാസിനെ തള്ളിയതിനായിരുന്നു ഒരോസ്‌കേയ്ക്ക്‌ ചുവപ്പ് കാര്‍ഡ്. ഒരോസ്‌കോയെ തലകൊണ്ടിടിച്ചതിന് ഹരിയാസിനും ചുവപ്പ് കാര്‍ഡ് കിട്ടി.

copa

ഗോള്‍ മടക്കാന്‍ ബ്രാഡ്‌ലിയും ബേബിവുഡും പല തവണ മികച്ച അവസരങ്ങള്‍ തീര്‍ത്തെങ്കിലും പരിചയ സമ്പന്നനായ കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിയ ഷോട്ടുകളെല്ലാം തട്ടിയകറ്റുകയായിരുന്നു. 2001-ല്‍ കിരീടം നേടിയ ശേഷം കോപ്പയില്‍ കൊളംബിയയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. നാളെ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചിലി, അര്‍ജന്റീനയെ നേരിടും.

ആദ്യ ഗോള്‍... വിഡിയോ കാണാം.,