പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ പരാതി പരിഹാരത്തിനായി ജില്ലാ ഭരണകൂടം ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. 25ന് രാവിലെ 9.30ന് പമ്പയില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ടോള്‍ഫ്രീ നമ്പര്‍ സംവിധാനം ഉദ്ഘാടനംചെയ്യും. തീര്‍ഥാടകരോട് ഹോട്ടലുകളിലും കടകളിലും അമിതവിലയോ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതിന് അമിതചാര്‍ജോ ഈടാക്കുകയോ വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പ്പെടുകയോ ചെയ്താല്‍ ടോള്‍ഫ്രീ നമ്പരില്‍ പരാതി അറിയിക്കാം. പമ്പ, നിലയ്ക്കല്‍, സന്നിധാനം തുടങ്ങിയ കേന്ദ്രങ്ങളിലെ കടകളും ടോയ്‌ലറ്റുകളും നമ്പര്‍സഹിതം രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. പരാതി അറിയിക്കുമ്പോള്‍ കടയുടെ നമ്പര്‍സഹിതം സൂചിപ്പിച്ചാല്‍ പ്രസ്തുതസ്ഥാപനത്തിനെതിരെ നടപടി ഉറപ്പാക്കും. 1800-425-1606 നമ്പരിലാണ് പരാതി അറിയിക്കേണ്ടത്. പരാതി അറിയിക്കുമ്പോള്‍ത്തന്നെ റെക്കോഡ് ചെയ്യപ്പെടും. ഈ പരാതി പമ്പയിലെ ഡ്യൂട്ടിമജിസ്‌ട്രേറ്റിനു കൈമാറും. ഡ്യൂട്ടിമജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ മൊബൈല്‍സന്ദേശംവഴി ചുമതലയുള്ള ഓഫീസര്‍മാര്‍ക്ക് പരാതി കൈമാറും. ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും പരാതി സ്വീകരിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഐ.ടി. മിഷനാണ് സംവിധാനത്തിനാവശ്യമായ സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചെടുത്തത്.