പന്തളം: മണ്ഡലച്ചിറപ്പുത്സവം തുടങ്ങിയ ചൊവ്വാഴ്ചതന്നെ പന്തളത്ത് ഭക്തജനപ്രവാഹം. മാലയിട്ട് വ്രതം തുടങ്ങാനും വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും തിരുവാഭരണം കണ്ടുതൊഴാനുമെത്തിയതായിരുന്നു ഭക്തര്‍. ക്ഷേത്രക്കടവില്‍ കുളിച്ചുതൊഴുത് കന്നിയയ്യപ്പന്മാരുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ മുദ്ര ധരിച്ചു.

പുലര്‍ച്ചെ അഞ്ചുമണിക്കുതന്നെ തിരുവാഭരണങ്ങള്‍ ദര്‍ശനത്തിനായി തുറന്നു. വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെമുതല്‍തന്നെ ദര്‍ശനത്തിനായി നീണ്ടനിര കാണപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആലുംമൂട്ടില്‍ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ വകയായിരുന്നു അന്നദാനം. തിരുവിതാംകൂര്‍ വികസനസമിതി ചെയര്‍മാന്‍ പി.എസ്.നായര്‍ ഉദ്ഘാടനംചെയ്തു. മണികണ്ഠനാല്‍ത്തറയിലെ അന്നദാനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ദേവസ്വം ബോര്‍ഡംഗം പി.കെ.കുമാരന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.ആര്‍.രവി, സുധ ശശി എന്നിവര്‍ പങ്കെടുത്തു.

പന്തളം പാലസ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ മണികണ്ഠനെ പമ്പാതീരത്തുനിന്നു ലഭിച്ച ഐതിഹ്യത്തിന്റെ ശിലാശില്പവും ദര്‍ശനത്തിനായി രാവിലെ തുറന്നു. തിരുവാഭരണഘോഷയാത്രയിലെ അപൂര്‍വമുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങളും തീര്‍ഥാടകര്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

പന്തളത്തെ അനുബന്ധക്ഷേത്രങ്ങളിലും മണ്ഡലച്ചിറപ്പുത്സവം തുടങ്ങി. ചില ക്ഷേത്രങ്ങളില്‍ അന്നദാനവുമുണ്ട്.