ശബരിമല: വെള്ളിയാഴ്ച തിരക്ക് നിയന്ത്രിക്കന്‍ കെ.എസ്.ആര്‍.ടി.സി. ക്രമീകണങ്ങള്‍ ഏര്‍പ്പെടുത്തി. പമ്പ-നിലയ്ക്കല്‍, പമ്പ-പ്ലാപ്പള്ളി ചെയിന്‍ സര്‍വീസിനായി 350 ബസ്സുകളും ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി 650 എണ്ണവും നിശ്ചയിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസ്സുകളാണ് സര്‍വീസ് നടത്തുക.

ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ബി.എസ്.എന്‍.എല്‍. ഓഫീസ് മുതല്‍ ചാലക്കയംവരെ ക്രമീകരിക്കും. വിളക്കിനുശേഷം ഇവ രണ്ട് റൗണ്ട് ചെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കിയശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ അയച്ചുതുടങ്ങും. പമ്പ ഗ്രൗണ്ടില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി ഇരുന്നൂറ് ബസ്സുകള്‍ ക്രമീകരിക്കും. പമ്പയില്‍നിന്ന് സര്‍വീസുകള്‍ അയയ്ക്കുന്നതിനനുസരിച്ച് പ്ലാപ്പള്ളിയില്‍നിന്നും പത്തനംതിട്ടയില്‍നിന്നും ക്രമമായി പമ്പയിലേക്ക് ബസ്സുകള്‍ അയച്ചുതുടങ്ങും.

സര്‍വീസ് കാര്യക്ഷമമാക്കാന്‍ ഈ സ്ഥലങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെയും നിയമിച്ചു. പത്തനംതിട്ട, കൊട്ടാരക്കര, തിരുവനന്തപുരം, എറണാകുളം, ഗുരുവായൂര്‍, ഓച്ചിറ, കുമളി, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലേക്കും തെങ്കാശി, കോയമ്പത്തൂര്‍, പളനി, തേനി, ചെന്നൈ, ബംഗളൂരു തുടങ്ങിയ അന്തസ്സംസ്ഥാന സര്‍വീസുകളും ഉണ്ടാകും. ബസ്സുകളുടെ സാങ്കേതിക സഹായത്തിനായി ത്രിവേണി, ചാലക്കയം, അട്ടത്തോട്, നിലയ്ക്കല്‍, നാറാണംതോട്, പ്ലാപ്പള്ളി, പെരിനാട്, എന്നിവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി., വാഹന നിര്‍മ്മാതാക്കള്‍ എന്നിവരുടെ സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ വാനുകള്‍ സജ്ജീകരിക്കും.