പന്തളത്തുനിന്ന് പൂങ്കാവനത്തിലേക്ക് അയ്യപ്പനൊപ്പം ഒരു യാത്ര. അതിനുമപ്പുറത്തേക്ക് ഒരു വിശേഷണം തിരുവാഭരണ ഘോഷയാത്രക്കില്ല.

മുന്നിലും പിന്നിലും കൂടെ നടന്നും താങ്ങായും തണലായുമൊക്കെ അയ്യപ്പന്‍ നിറഞ്ഞു നില്‍ക്കുന്ന തീര്‍ഥയാത്ര. ഓരോ വര്‍ഷവും മകരവിളക്കടുക്കുമ്പോഴേക്കും മനസ്സും ശരീരവും തയ്യാറായിക്കഴിയും. അത്രയ്ക്ക് വലിയ അനുഭൂതിയാണ് മൂന്നു നാള്‍കൊണ്ട് കാനനവാസന്‍ ഭക്തരില്‍ നിറയ്ക്കുന്നത്.

നാടുമുഴുവന്‍ പന്തളം കൊട്ടാരമുറ്റത്ത് നിറഞ്ഞു നില്‍ക്കുകയാണ്. അയ്യപ്പന്‍ ഓടിക്കളിച്ച മണ്ണില്‍ ചവിട്ടി ശരണം വിളിച്ച് പതിനായിരങ്ങള്‍ താളമേളങ്ങള്‍ കൊട്ടിക്കയറുന്നതിനു മുകളില്‍ അയ്യപ്പനാമത്തിന്റെ താളം.
ഉച്ചയ്ക്ക് 12 കഴിയുമ്പോള്‍ യാത്രയ്ക്കുള്ള അവസാനവട്ട ഒരുക്കങ്ങളും പൂജകളും. ആകാശത്തേക്ക് നോക്കി കൈകളുയര്‍ത്തി ഭക്തജനാരവം കണ്ഠമിടറുന്നു. 
ഭഗവദ്‌സാന്നിധ്യമറിയിച്ച് യാത്രയ്ക്ക് അനുമതി നല്‍കി കൃഷ്ണപ്പരുന്ത് കൊട്ടാരത്തിനും വലിയ കോയിക്കല്‍ ക്ഷേത്രത്തിനും മുകളില്‍ വട്ടമിട്ട് പറന്നു.
യാത്രയ്ക്ക് വഴികാട്ടിയാവാന്‍ ഭഗവാനെത്തിയെന്ന വിശ്വാസം. രാജപ്രതിനിധിയുടെ അനുമതിയെത്തിയതോടെ ഒരു മണിക്ക് തന്നെ തിരുവാഭരണങ്ങള്‍ പുറത്തേക്കെടുത്തു. പെരിയസ്വാമി ഗംഗാധരപിള്ള ശിരസ്സിലേന്തിയ തിരുവാഭരണ പേടകം മുന്നില്‍; പിന്നിലായി മറ്റു രണ്ടു പേടകങ്ങള്‍. ക്ഷേത്രത്തിന് വലം വെച്ച് കൊട്ടാരവഴിയിലേക്ക്.
ശരണംവിളി നിറഞ്ഞ കൊട്ടാര കവാടത്തിലൂടെയെത്തി മണികണ്ഠനാല്‍ത്തറയ്ക്ക് വലത്തുവെച്ച് വേഗമേറിയ യാത്ര. 
വഴികാട്ടിയായി ആകാശത്ത് കൃഷ്ണപ്പരുന്ത്. ചുട്ടുപൊള്ളുന്ന വെയിലിന്റെ കാഠിന്യം ശരണം വിളിയില്‍ അലിഞ്ഞു തീരുന്നു.
കൈപ്പുഴയും ഉള്ളന്നൂരും കിടങ്ങന്നൂരുമൊക്കെ താണ്ടി പരമ്പരാഗത പാതയിലൂടെ യാത്ര. വഴിയിലുടനീളം സ്വീകരണങ്ങള്‍. നാടുമുഴുവന്‍ ഭഗവാനെ വരവേല്‍ക്കുകയാണ്.

thiruvabharanam

യാത്രയുടെ പ്രത്യേകത അതിന്റെ ശരവേഗം തന്നെ. തെല്ലൊന്നു പതുക്കെയായാല്‍ പെരിയസ്വാമിയുടെ വിളിയെത്തും. ''പോരാ പോരാ വേഗത പോരാ!'' പിന്നെ നിലംതൊടാതെയുള്ള ഓട്ടമാണ്. കനകധാരിയായ അയ്യപ്പനെ ദര്‍ശിക്കാനുള്ള ആവേശംതന്നെ.

ആറന്‍മുളയും കോഴഞ്ചേരിയും പിന്നിടുമ്പോഴേക്കും രാത്രിമയങ്ങിത്തുടങ്ങും. വിളക്കായി വെളിച്ചമായി പിന്നെ ഒപ്പം അയ്യപ്പന്‍. രാത്രി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുമ്പോഴേക്കും 10 മണി. ആദ്യ ദിവസത്തെ വിശ്രമം ഇവിടെ.

ക്ഷേത്ര പരിസരം ഭക്തസഹസ്രങ്ങള്‍ നിറഞ്ഞു കിടക്കുന്നു. എല്ലാവരും അയ്യപ്പപാദം തേടിയിറങ്ങിയവര്‍. തിരുവാഭരണ പേടകം രാത്രി മുഴുവന്‍ തുറന്ന് ദര്‍ ശിക്കാന്‍ പുതിയകാവ് ക്ഷേത്രത്തില്‍ അവസരമുണ്ട്. ഇത് പൂര്‍ത്തിയാകുമ്പോഴേക്കും പുലര്‍ച്ചെ രണ്ടുമണിയോടടുക്കും.

അപ്പോഴേക്കും ചെറിയസ്വാമിയുടെ ശരണംവിളിയെത്തും. പമ്പയിലിറങ്ങി കുളികഴിഞ്ഞ് തിരികെയെത്തി പുലര്‍ച്ചെ രണ്ടരയോടെ വീണ്ടും യാത്ര തുടങ്ങും.
നാടുണര്‍ത്തി പുലര്‍ച്ചയ്ക്ക് പുണ്യം നല്‍കി ശരണംവിളി. ഒരാള്‍ വിളിക്കും. ഏറ്റുവിളിക്കുന്ന കണ്ഠങ്ങള്‍ക്ക് എണ്ണമില്ല. കാരണം പ്രകൃതിയും ജീവജാലങ്ങളുമെല്ലാം അത് ഏറ്റുവിളിക്കുകയാണ്.
പേരൂച്ചാല്‍ കടന്നാല്‍ ആറ്റുതീരത്തുകൂടി ആയിക്കല്‍ പാറയിലേക്ക് പുലിപ്പാലുതേടിയിറങ്ങിയ അയ്യപ്പന്‍ വിശ്രമിച്ചതെന്നു കരുതുന്നിടം. ഇവിടെ വിശ്രമം കഴിഞ്ഞാല്‍ ഇടയാളം കഴിഞ്ഞ് വെട്ടം വീണുതുടങ്ങുമ്പോള്‍ വടശ്ശേരിക്കരയിലേക്ക് കക്കാട്ടാറ് കടന്ന് ചെറുകാവ് ക്ഷേത്രത്തില്‍ ചെറിയ വിശ്രമം.

പിന്നീടുള്ള യാത്രയില്‍ വഴിയിലുടനീളം വഴിപാടുകള്‍. കരിക്ക്, പുകയില, കയര്‍, അരളി, തേങ്ങ... കഴിവുള്ളതെല്ലാം നല്‍കി കരക്കാര്‍ ഭഗവാനെ വരവേല്‍ക്കുകയാണ്. നിറഞ്ഞുനില്‍ക്കുന്ന ഉച്ചവെയില്‍, തുടര്‍ച്ചയായ യാത്ര. പക്ഷേ, ഏറെപ്പേരും കഠിനവ്രതക്കാരായതിനാല്‍ കാഠിന്യങ്ങളൊന്നും ഏല്‍ക്കുന്നില്ല. ഉച്ചയ്ക്ക് ഒരുമണിയോടെ പെരുനാട് കക്കാട്ട് കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെത്തി ഉച്ചയൂണും വിശ്രമവും. അന്നദാനം നടത്തി പുണ്യം പേറുകയാണ് നാട്ടുകാര്‍.

മൂന്നുമണിയോടെ വീണ്ടും യാത്രയ്ക്ക് ഒരുക്കം. സമയമറിയിച്ച് ആകാശത്ത് കൃഷ്ണപ്പരുന്ത്. പിന്നീട് തടസ്സമില്ല. ശരണം വിളിച്ചാല്‍ ശരവേഗം തന്നെ.

നേരം അന്തിമയങ്ങിയപ്പോള്‍ ളാഹ ചെമ്മണ്ണ് കയറ്റം. പരമ്പരാഗത പാത. രണ്ട് വലിയ മലകളെ ചുറ്റിയാണ് ചെമ്മണ്ണ് കയറ്റം. യാത്രയ്ക്ക് വെളിച്ചമായി ശരണം വിളികള്‍.

ളാഹ സത്രത്തില്‍ മലയരയ വിഭാഗത്തിന്റെ സ്വീകരണം. ഇനിയവിടെ ഒരല്പം രാത്രി വിശ്രമം. അയ്യപ്പനാമം പാടിയും ഭജിച്ചുമിരിക്കുമ്പോള്‍ പുറപ്പെടാനുള്ള ശരണംവിളിയെത്തി.
ഇന്ന് മകരം ഒന്ന്. അയ്യപ്പനെ കനകാഭരണങ്ങള്‍ ചാര്‍ത്തി ദര്‍ശിക്കാന്‍ കഴിയുന്ന ദിവസം. ഇതിന്റെ ആവേശത്തിലാണ് എല്ലാവരും. പുലര്‍ച്ചെ രണ്ടിനുതന്നെ യാത്ര. തണുത്ത കാറ്റ്, കോടമഞ്ഞ്, ചുറ്റും കൊടും കാട്. ഭക്തര്‍ വിളിക്കുന്ന ശരണമന്ത്രങ്ങള്‍ കാടും മലകളും ഏറ്റുവിളിക്കുകയാണ്. കാത്തുരക്ഷിക്കാന്‍ കാനനവാസനുണ്ട്.

ആനയിറങ്ങുന്ന ചെളിക്കുഴിയും പ്ലാപ്പള്ളിയും കടന്ന് നിലയ്ക്കല്‍ ലക്ഷ്യമാക്കി യാത്ര. ശരണംവിളിയുടെ താളത്തിനൊപ്പം ഓടുകയാണ്. കല്ലും മുള്ളും കാലിന് മെത്തയാണിവിടെ.

thiruvabharanam


നേരം പുലര്‍ന്നത് നിലയ്ക്കല്‍ മഹാദേവന്റെ സന്നിധിയില്‍. മകനെ കാത്തുനിന്ന അച്ഛന്റെ അടുക്കലേക്ക് എത്തിയതുപോലെയുള്ള അനുഭൂതി. ഇവിടെയെല്ലാം കറുപ്പുമയം. അന്യസംസ്ഥാനത്തെ ഭക്തര്‍ മാത്രം. അവര്‍ തിരുവാഭരണ പേടകത്തില്‍ തൊടാനും നമസ്‌കരിക്കാനും തിരക്കുകൂട്ടുന്നു. മഹാദേവനെ വണങ്ങി പിന്നീട് അട്ടത്തോടിലേക്ക്.

ഇവിടെ കാനനവാസികള്‍ കാനനവാസന് നല്‍കുന്ന ആദരം. മലതുള്ളലും പൂജയും പൂര്‍ത്തിയാക്കി ചെങ്കുത്തായ ഇറക്കം ഇറങ്ങി പമ്പയുടെ മടിത്തട്ടിലേക്ക്. കൊല്ലമൂഴിയില്‍ പേടകങ്ങളിറക്കിവെച്ച് വിശ്രമം.

പമ്പയുടെ അക്കരയിലേക്ക് യാത്ര. വഴുക്കല്‍ നിറഞ്ഞ പാറകള്‍ക്ക് മുകളിലൂടെ കുത്തിയൊഴുകുന്ന നദി കടന്നാണ് യാത്ര. മണലും കടപുഴകി വീണ മരവും മുളഞ്ചില്ലകളുമൊക്കെ നിറഞ്ഞ കാട്ടുപാത. തിരുവാഭരണയാത്രയ്ക്ക് മാത്രമായാണ് വര്‍ഷത്തിലൊരിക്കല്‍ ഈ പാത ഉപയോഗിക്കുന്നത്. ഇരുകരകളിലും ആനകളുടെ സാന്നിധ്യം. പക്ഷേ, അയ്യപ്പന്‍ തുണയുള്ളപ്പോള്‍ ഭയം ഏഴയലത്തെത്തില്ല.
കൂറ്റന്‍ പാറക്കെട്ടുകളും മറ്റും താണ്ടി വീണ്ടും നദികടന്നാല്‍ ഏളപ്പട്ടിയില്‍. ഇവിടെനിന്നും വെള്ളാച്ചിമല കടന്ന് ഒലിയന്‍ പുഴയിലേക്ക്. ആകാശത്ത് വഴികാട്ടിയായി കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറക്കുന്നു.

ഒലിയന്‍പുഴയിറങ്ങി വലിയാനവട്ടത്തെത്തുമ്പോഴേക്കും ഭക്തസഹസ്രങ്ങളുടെ വരവേല്പ്. മകരവിളക്ക് ദര്‍ശിക്കാന്‍ സാധിക്കുന്ന സ്ഥലമാണിവിടം. അതുകൊണ്ടുതന്നെ അന്യസംസ്ഥാനത്തെ ഭക്തര്‍ ആഴ്ചകള്‍ക്ക് മുന്നേ ഇവിടെ തമ്പടിക്കും. ആഭരണപേടകത്തിനു മുകളില്‍ പരുന്ത് വട്ടമിട്ടു പറന്നതോടെ ഭക്തരുടെ ആവേശം ആകാശത്തോളമെത്തി. കണ്ടാല്‍ കുംഭമേളയുടെ സമാന ദൃശ്യങ്ങള്‍.
യാത്ര ചെറിയാനവട്ടവും പിന്നിട്ട് നീലിമലയിലേക്ക്. ഗണപതികോവിലിന്റെ ഭാഗത്തുകൂടിയല്ല തിരുവാഭരണയാത്ര സന്നിധാനത്തേക്കെത്തുന്നത്. നീലിമലയുടെ മറുഭാഗത്ത് ഈ യാത്രയ്ക്ക് മാത്രമായി പരമ്പരാഗത പാത തെളിയിച്ചിട്ടും കുത്തനെയുള്ള കയറ്റം. മുന്നില്‍ പോകുന്നയാളുടെ കാലിലെ മണ്ണ് പിന്നിലെത്തുന്നവരുടെ തലയില്‍ വീഴുന്ന കയറ്റം. അപ്പാച്ചിമേട്ടിലെ വിശ്രമം കഴിഞ്ഞാല്‍ സന്നിധാനത്തേക്കായി യാത്ര.

പാതയ്ക്കിരുവശവും പതിനായിരങ്ങളുടെ ശരണംവിളി. പാറക്കെട്ടുകളിലും മരക്കൊമ്പുകളിലുമെല്ലാം മകരജ്യോതി കാത്ത് ഭക്തലക്ഷങ്ങള്‍.

ശബരിപീഠവും പിന്നിട്ട് ശരംകുത്തിയെത്തുമ്പോഴേക്കും സാന്നിധ്യമറിയിച്ച് വീണ്ടും കൃഷ്ണപ്പരുന്ത് പറന്നെത്തി. യാത്രപറഞ്ഞ് പോയത് സന്നിധാനത്തേക്ക്. അവിടെക്കേട്ട ആരവങ്ങള്‍ ഇതിന്റെ സൂചന.

thiruvabharanam


വാദ്യമേളങ്ങളോടെ സന്നിധാനത്തേക്ക് തിരുവാഭരണപേടകത്തിന് സ്വീകരണം. അകലെ പുല്‍മേട്ടിലും താഴെ സന്നിധാനത്തുമെല്ലാം ശരണംവിളിയുടെ ആരവം. സന്നിധാനം നിറഞ്ഞുകവിഞ്ഞ് ഭക്തര്‍ കൈകൊട്ടിയും ശരണം വിളിച്ചും തിരുവാഭരണത്തിന് അവരുടെ പൂജ.

ആഭരണപേടകവും വഹിച്ച് ഗംഗാധരസ്വാമി പതിനെട്ടാംപടി കയറി. ശ്രീകോവിലിനു മുന്നിലെത്തി തൊഴുതുവണങ്ങി. തന്ത്രിയും മേല്‍ശാന്തിയും ഏറ്റുവാങ്ങിയ ആഭരണങ്ങള്‍ ധരിച്ച് അയ്യപ്പന് മകരസംക്രമനാളില്‍ ദീപാരാധന. ജ്യോതിയും ദര്‍ശിച്ച് അയ്യപ്പന്റെ കനകാഭരണവിഭൂഷിതമായ രൂപവും കണ്‍നിറയെ കണ്ട് മലയിറക്കം.