ശബരിമല വെറുമൊരു ക്ഷേത്രമല്ല. മലമുകളിലെ അയ്യപ്പനെ ആരാധിക്കുകമാത്രമല്ല ഇവിടെ തീര്‍ഥാടനലക്ഷ്യം. പ്രകൃതിയെ അറിഞ്ഞാണ് ഓരോ ഭക്തനും ശബരിമലയിലൂടെ ചുവടുവെക്കുന്നത്. ആരാധന അയ്യപ്പന് മാത്രമല്ല പ്രകൃതിക്കുമുണ്ട്. മന്ത്രം ചൊല്ലുന്നതിനൊപ്പം മണ്ണിനെയുമറിയുന്നു. കാട്ടിലലയുന്ന ജീവനുകളെയറിഞ്ഞ് ശാസ്താവിലും സ്രഷ്ടാവിലുമെത്തുന്നു. അപ്പോള്‍ അയ്യപ്പനെ ചരാചരപ്രപഞ്ചത്തിലും പ്രപഞ്ചത്തെ അയ്യപ്പനിലും കാണാന്‍ സാധിക്കുന്നു.
    
ഭക്തിക്കൊപ്പം ചേര്‍ന്നുപോകുന്നതാണ് വൃത്തി. യഥാര്‍ഥഭക്തിയുള്ളിടത്ത് വൃത്തിയുണ്ടാവും; വൃത്തിയുണ്ടാവുന്ന സ്ഥലത്ത് ഭക്തിയും. മലിനമായ ഒരു സ്ഥലത്ത് ദൈവം ഉണ്ടാവും എന്നു പറഞ്ഞാല്‍ ബുദ്ധിയും വിവേകവുമുള്ള മനസ്സുകള്‍ക്ക് അത് വിശ്വസിക്കാന്‍ സാധ്യമല്ല. ശബരിമലയെ അതിന്റെ സ്വാഭാവികവിശുദ്ധിയിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് അവിടെയെത്തുന്ന ഓരോ ഭക്തനും വരുംതലമുറയോട് ചെയ്യാവുന്ന ഏറ്റവും പ്രധാനമായ കടമ. അത് ഓരോരുത്തരും സ്വയമറിഞ്ഞ് ചെയ്യേണ്ടതാണ്. 2011ല്‍ 'പുണ്യം പൂങ്കാവനം' എന്ന പദ്ധതി ആരംഭിച്ചത് ഈ ലക്ഷ്യത്തോടെയാണ്. പദ്ധതിയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയുംകുറിച്ച് ഇനിപ്പറയാം.

പുണ്യം പൂങ്കാവനം

*ശബരിമലതീര്‍ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകളായ പോലീസ്, ദേവസ്വം, ആരോഗ്യം, അഗ്‌നിശമനസേന, ഒപ്പം സന്നദ്ധസംഘടനകളായ അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, അയ്യപ്പഭക്തര്‍ തുടങ്ങിയവരുടെ ഒരു കൂട്ടായ്മയാണ് പുണ്യം പൂങ്കാവനം.

*ഇത് ഒരു കൂട്ടായ യജ്ഞമാണ്. ശബരിമലയുടെ തനത് വിശുദ്ധി നിലനിര്‍ത്താനുള്ള യജ്ഞം. ഉത്തരവാദിത്വപൂര്‍വവും ബോധപൂര്‍വവുമായ തീര്‍ഥാടനമാണ് (responsible and conscious pilgrimage) കാനനവാസനായ ശ്രീധര്‍മശാസ്താവിന് പ്രിയം എന്ന് ഓരോ അയ്യപ്പനെയും മനസ്സിലാക്കി വരുംതലമുറയ്ക്കായി ഈ പൂങ്കാവനം കാത്തുസൂക്ഷിക്കുക എന്നതു മാത്രമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയിലെ സപ്തകര്‍മങ്ങള്‍

* അയ്യപ്പന്റെ പൂങ്കാവനത്തിലെത്തുന്ന ഓരോ അയ്യപ്പനും പൂങ്കാവനത്തിന്റെ പരിശുദ്ധിയെയും നിലനില്‍പ്പിനെയും ബാധിക്കുന്ന ഒരു വസ്തുവും, പ്രത്യേകിച്ച് പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നില്ല  എന്ന് സ്വയം ഉറപ്പുവരുത്തുക.

* തീര്‍ഥാടനവേളയില്‍ അവശേഷിക്കപ്പെടുന്ന വസ്തുക്കള്‍ ശബരീവനത്തില്‍ വലിച്ചെറിയാതെ ഒപ്പം തിരികെ കൊണ്ടുപോകുക.

* ശബരിമലയിലെത്തുന്ന ഓരോ അയ്യപ്പനും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സന്നിധാനവും പരിസരവും വൃത്തിയാക്കാന്‍ സന്നദ്ധസേവനം ചെയ്ത് യഥാര്‍ഥ അയ്യപ്പസേവയില്‍ പങ്കാളിയാവുക.

* പുണ്യനദിയായ പമ്പയെ പാപനാശിനിയായി കാത്തുസൂക്ഷിക്കുക. ഈ തീര്‍ഥനദിയില്‍ കുളിക്കുമ്പോള്‍ സോപ്പ്, എണ്ണ തുടങ്ങിയവ ഉപയോഗിക്കരുത്. മടക്കയാത്രയില്‍ വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കരുത്.

* ശൗചാലയങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവ വൃത്തിയാക്കി സൂക്ഷിക്കുകയും തീര്‍ഥാടനപാതയില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുകയും ചെയ്യുക.

പുണ്യം പൂങ്കാവനം കേന്ദ്രങ്ങള്‍

* കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍നിന്നു ബോധ്യമായ വസ്തുത സന്നിധാനത്തോ പമ്പാനദീതീരത്തോവെച്ച് ബോധവത്കരണം നടത്തി പുണ്യം പൂങ്കാവനം പദ്ധതി പരിപൂര്‍ണ വിജയത്തിലെത്തിക്കുക പ്രയാസകരമാണെന്നാണ്. അയ്യപ്പന്മാര്‍ മാലയിടുന്ന, ശരണംവിളിക്കുന്ന ഇരുമുടിക്കെട്ട് നിറയ്ക്കുന്ന ക്ഷേത്രങ്ങളിലോ ഭജനമഠങ്ങളിലോ വെച്ചുതന്നെ ശബരിമലതീര്‍ഥാടനത്തിന്റെ മാഹാത്മ്യത്തെയും സപ്തകര്‍മങ്ങളെയുംക്കുറിച്ച്  അയ്യപ്പന്മാരെ ബോധവത്കരിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമായിരിക്കുക. ഈ വസ്തുത ബോധ്യപ്പെട്ടതിനാലാണ് പുണ്യം പൂങ്കാവനം കേന്ദ്രങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള, ശബരിമലതീര്‍ഥാടനവുമായി  ബന്ധപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും ആരംഭിക്കാന്‍ തീരുമാനിച്ചത്.

* ഉത്തരവാദിത്വപൂര്‍വവും ബോധപൂര്‍വമായ തീര്‍ഥാടനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നുള്ളത് പുണ്യം പൂങ്കാവനം പ്രാദേശികകേന്ദ്രങ്ങളുടെ ചുമതലയാണ്. ശബരിമലയിലേക്ക് വരുന്ന ഓരോ അയ്യപ്പഭക്തനും വര്‍ജിക്കേണ്ടതായ കാര്യങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ അയ്യപ്പഭക്തരിലേക്ക് എത്തിക്കേണ്ടതാണ്. 
ഈ കേന്ദ്രത്തിലെ സേവനസന്നദ്ധരായ അംഗങ്ങള്‍ അയ്യപ്പസേവകര്‍ എന്ന് അറിയപ്പെടും. 

പുണ്യം പൂങ്കാവനം പദ്ധതിയുടെ മേഖലാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതലയും ശബരിമലയ്ക്കു പുറത്ത് പ്രവര്‍ത്തിക്കുന്ന പുണ്യം പൂങ്കാവനം കേന്ദ്രനേതൃത്വവുമായി തുടര്‍ച്ചയായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ട ചുമതലയും പ്രാദേശിക കേന്ദ്രങ്ങള്‍ക്കുണ്ട്.

കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍

* ആഴ്ചയിലൊരിക്കല്‍ അതത് ക്ഷേത്രങ്ങളും പരിസരങ്ങളും ശുചിയാക്കുന്നതിലേക്ക് ശ്രമദാനം സംഘടിപ്പിക്കുക. ക്ഷേത്രത്തില്‍ പാലിക്കേണ്ട ആചാര്യമര്യാദകളെക്കുറിച്ച് അയ്യപ്പഭക്തരെ ബോധവത്കരിക്കുക. അനാചാരങ്ങള്‍ ഒഴിവാക്കുക.

* ശബരിമല തീര്‍ഥാടനത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ചും ആയതിലേക്കുള്ള വ്രതമനുഷ്ഠിക്കുമ്പോഴും തീര്‍ഥാടനസമയത്തും പാലിക്കേണ്ട നിഷ്ഠകളെക്കുറിച്ചും ഭക്തരെ ബോധവത്കരിക്കുക.
* ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഇരുമുടിക്കെട്ട് തയ്യാറാക്കുമ്പോള്‍ സന്നിധാനത്തെ മലിനമാക്കാനിടയുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കുക.
* സന്നിധാനവും പരിസരപ്രദേശങ്ങളായ എരുമേലി, നിലയ്ക്കല്‍, പമ്പ തുടങ്ങിയ സ്ഥലങ്ങളും ശുചിയാക്കാന്‍ സ്വയം തയ്യാറാകാന്‍ ഭക്തരെ പ്രേരിപ്പിക്കുക.

ഭരണസംവിധാനം

* ഓരോ പുണ്യം പൂങ്കാവനം കേന്ദ്രവും അഞ്ച് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അടങ്ങിയതും അവരില്‍ പ്രത്യേകിച്ചും ക്ഷേത്ര മുഖ്യതന്ത്രി, അമ്പലക്കമ്മിറ്റിയിലെയോ ഭരണസമിതിയിലെയോ രണ്ട് മുഖ്യഭാരവാഹികള്‍, ഒരു മുതിര്‍ന്ന ഗുരുസ്വാമി, കൂടാതെ അമ്പലവുമായി ബന്ധപ്പെട്ട ഒരു ശ്രേഷ്ഠവ്യക്തി എന്നിവരുണ്ടായിരിക്കണം. എല്ലാ അയ്യപ്പഭക്തരും ജനറല്‍ബോഡി അംഗങ്ങളായിരിക്കും.
* അമ്പലക്കമ്മിറ്റിയുടെ രക്ഷാധികാരിയും ബന്ധപ്പെട്ട പുണ്യം പൂങ്കാവനം കേന്ദ്രത്തിന്റെ പ്രസിഡന്റും ക്ഷേത്ര മുഖ്യതന്ത്രിയായിരിക്കും.
* ഓരോ പുണ്യം പൂങ്കാവനം കേന്ദ്രത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ അതത് ജില്ലാ കമ്മിറ്റി വിലയിരുത്തും.

* പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും സപ്തകര്‍മങ്ങളും പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ (പ്ലാസ്റ്റിക്, ഫ്‌ലക്‌സുകളല്ലാത്തത്) ക്ഷേത്രപരിസരത്ത് വെക്കുക.
* ജനറല്‍ബോഡിയോഗം ആറു മാസത്തിലൊരിക്കല്‍ സംഘടിപ്പിക്കേണ്ടതാണ്. ആയത് ഓരോ വര്‍ഷവും നവംബര്‍ 10നു മുമ്പ് വീഴ്ചകൂടാതെ നടത്തേണ്ടതാണ്.

ഓരോ അയ്യപ്പനും ചോദിക്കേണ്ട മൂന്നു ചോദ്യങ്ങള്‍

1. ഓരോ അണുവിലും ദൈവചൈതന്യം തുടിക്കുന്ന പൂങ്കാവനം പങ്കിലമാക്കാന്‍ സ്വയം അയ്യപ്പനായി മാറിയ ഒരാള്‍ക്ക് കഴിയുമോ?
2. തന്നെപ്പോലെതന്നെ ദൈവസാന്നിധ്യമുള്‍ക്കൊള്ളുന്ന മറ്റൊരു അയ്യപ്പനെക്കൊണ്ട് തന്റെ ഉച്ഛിഷ്ടം വാരിക്കുന്നത് ശരിയാണോ?
3. സര്‍വവ്യാപിയും സര്‍വജ്ഞാനിയുമായ ഭഗവാന്‍ എല്ലാം കാണുകയും അറിയുകയും ചെയ്യുമെങ്കില്‍ അയ്യപ്പന്മാരുടെ ഓരോ പ്രവൃത്തിയും കാണുന്നില്ലേ?
ഈ മൂന്നു ചോദ്യങ്ങളുടെ ഉത്തരത്തിലൂടെയാകട്ടെ അയ്യപ്പസവിധത്തിലേക്കുള്ള നമ്മുടെ അടുത്ത യാത്ര. കാരണം ഇത്  കാലഘട്ടത്തിന്റെ ആവശ്യമാണ്. 
(സംസ്ഥാന ഇന്റലിജന്‍സ് ഡി.ഐ.ജി.യും 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ ചീഫ് കോഓര്‍ഡിനേറ്ററുമാണ് ലേഖകന്‍).