ശബരിമലയില്‍ മാസപൂജ തൊഴാന്‍ പോകുന്നതിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട്. അയ്യപ്പന്മാരുടെ തിരക്ക് പ്രായേണ കുറവായിരിക്കും. സുഖമായി ദര്‍ശനം നടത്താം. പുണ്യനദിയായ പമ്പയില്‍ നിറയെ വെള്ളമുണ്ടാകും. ആസ്വദിച്ച് മുങ്ങിക്കുളിക്കുകയും ചെയ്യാം. പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ട്, തൊട്ടുതലോടുന്ന കുളിര്‍കാറ്റിന്റെ കര്‍പ്പൂരഗന്ധം ആസ്വദിച്ചുകൊണ്ട് അവാച്യമായ കാനനഭംഗിയില്‍ ലയിച്ചുകൊണ്ടുള്ള ഒരോ തീര്‍ഥാടനവും അനിര്‍വചനീയമായ ആത്മാനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്.
തുലാം അഞ്ചിന് അതിരാവിലെ പമ്പയിലേക്ക് യാത്ര തിരിക്കുമ്പോള്‍ കഴിഞ്ഞ രാത്രി പെയ്ത തുലാവര്‍ഷം കാനനപാതയാകെ കഴുകി വെടിപ്പാക്കിയിരുന്നു. വഴി നീളെ പാറക്കെട്ടുകളില്‍ തട്ടിച്ചിതറി താഴേക്കു പതിക്കുന്ന ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങള്‍. അതൊരു പുതിയ കാഴ്ചയായിരുന്നു.

sabarimala

പമ്പ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. കാവിയും കറുപ്പുമുടുത്ത അയ്യപ്പന്മാരുടെ ചെറുസംഘങ്ങള്‍ മല കയറാനൊരുങ്ങുന്നു. ഇന്ന് ഈ സീസണിലെ അവസാന ദിവസമാണ്.  വൃശ്ചികം ഒന്നിന് ആരംഭിച്ച് തുലാം മുപ്പതിന് അവസാനിക്കുന്നതാണ് ശബരിമലയിലെ ഒരു സീസണ്‍. ഇടയ്ക്ക് നവംബര്‍ 12-ന് ചിത്തിര ആട്ടത്തിനായി ഒരു ദിവസത്തേക്കു മാത്രമായി നടതുറക്കും. നവംബര്‍ 16-ന് വൃശ്ചികം ഒന്ന് പിറന്നുകഴിഞ്ഞാല്‍ പിന്നെ ശബരിമലയ്ക്ക് വിശ്രമമില്ല. രാത്രിയും പകലും ഒരുപോലെ. എല്ലാ വഴികളും ശബരിമലയിലേക്ക്. നാനാജാതി മതസ്ഥരെക്കൊണ്ട് നിറയുന്ന ഈ പുണ്യഭൂമി രാജ്യത്തിന്റെ പരിഛേദമായി മാറുന്ന മുഹൂര്‍ത്തം. അതിനു മുമ്പുള്ള താത്കാലികമായ ശാന്തതയാണ് ഇപ്പോള്‍ എവിടെയും. മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മരമുത്തച്ഛന്മാര്‍ പോലും നിര്‍ന്നിമേഷരായി ആ അത്ഭുതക്കാഴ്ചകള്‍ കാണാനായി ഒരുങ്ങി നില്‍ക്കുന്നു. ശബരിമല ഈ മയക്കം വിട്ടുണരുന്നത് ഉത്സവങ്ങളുടെ ഉത്സവമായ മണ്ഡലമഹോത്സവത്തിലേക്കാണ്.
പമ്പയില്‍ മുങ്ങിനിവര്‍ന്നപ്പോഴേക്കും യാത്രാക്ഷീണമെല്ലാം വഴിമാറി. കിഴക്കന്‍ മലനിരകളില്‍നിന്ന് ഒഴുകിയെത്തുന്ന പമ്പാതീര്‍ഥത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വിശ്വാസം...പമ്പയിലെ ത്രിവേണിയില്‍ പിതൃതര്‍പ്പണത്തിനുള്ള സൗകര്യങ്ങളുമുണ്ട്. മറവപ്പടയുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ച സംഘാംഗങ്ങള്‍ക്ക് അയ്യപ്പന്‍ തര്‍പ്പണം നടത്തിയതിന്റെ ഓര്‍മ പുതുക്കാനായി അയ്യപ്പന്മാരും പമ്പയില്‍ പിതൃതര്‍പ്പണം നടത്താറുണ്ട്.

sbarimala

മലകയറ്റം തുടങ്ങുന്നതിനു മുമ്പായി നാളികേരമുടച്ച് പമ്പാ ഗണപതിയെ കണ്ടു വണങ്ങണം. കെട്ടു നിറയ്ക്കാത്തവര്‍ക്ക് ഗണപതി ക്ഷേത്രത്തില്‍ കെട്ടു മുറുക്കാവുന്നതാണ്. വിഘ്‌നേശ്വരനോടൊപ്പം ഉപദൈവങ്ങളായ നാഗരാജാവ്, പാര്‍വതി, ആദിമൂലഗണപതി, ഹനുമാന്‍, ശ്രീരാമന്‍,  എന്നീ ക്ഷേത്രങ്ങളിലും തൊഴുത് കാണിക്കയിട്ട് പന്തളം രാജാവിന്റെ അനുഗ്രഹവും വാങ്ങി പ്രാര്‍ഥനയോടെ ചുണ്ടില്‍ ശരണമന്ത്രവുമായി ഒരു നിമിഷം... വീണ്ടും ഒരു മലകയറ്റം ആരംഭിക്കുകയായി. തത്ത്വമസിയുടെ പൊരുള്‍തേടി, കലിയുഗവരദനായ ധര്‍മശാസ്താവിന്റെ സന്നിധിയിലേക്ക്.

സമുദ്ര നിരപ്പില്‍നിന്ന് ഏകദേശം മൂവായിരം അടി ഉയരത്തിലാണ് ശബരിമല. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് അഞ്ചു കിലോമീറ്റര്‍. രണ്ടു മാര്‍ഗങ്ങളിലൂടെ സന്നിധാനത്തെത്താം. പമ്പയില്‍നിന്ന് നീലിമല, അപ്പാച്ചിമേട് വഴിയുള്ളതാണ് പരമ്പരാഗത വഴി. തീര്‍ഥാടന വേളയില്‍ ഭൂരിഭാഗം അയ്യപ്പന്മാരും നീലിമല ചവിട്ടിയാണ് സന്നിധാനത്തില്‍ എത്തുന്നത്. മൂന്നു കിലോമീറ്ററാണ് ഈ വഴിയുടെ ദൈര്‍ഘ്യം. താരതമ്യേന കയറ്റിറക്കങ്ങള്‍ കുറഞ്ഞ സ്വാമി അയ്യപ്പന്‍ റോഡാണ് മറ്റൊരു പാത. ഏകദേശം അഞ്ഞൂറു മീറ്ററോളം ദൂരം കൂടുതലാണെങ്കിലും മലകയറ്റത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് സ്വാമി അയ്യപ്പന്‍ റോഡ്.

ഞാന്‍ പരമ്പരാഗതവഴി തിരഞ്ഞെടുത്തു. ഒപ്പം മലകയറുന്നവരിലേറെയും അന്യസംസ്ഥാനക്കാരാണ്. ഹിന്ദിയും തമിഴും തെലുങ്കുമെല്ലാം ഇടകലര്‍ന്നു കേള്‍ക്കാം...അടിവെച്ചടിവെച്ച് സാവധാനം മലകയറിത്തുടങ്ങി. യാത്രയുടെ തുടക്കത്തില്‍ തന്നെയാണ് 1.5 കിലോമീറ്റര്‍ ദൂരമുള്ള നീലിമലകയറ്റം. മലകയറുന്നതിനു മുമ്പായി ശാരീരികമായി വേണ്ടത്ര തയ്യാറെടുപ്പുകള്‍ എടുക്കാത്തവര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും പെട്ടെന്നുള്ള നീലമലകയറ്റം ക്ലേശകരമായേക്കാം. അതുകൊണ്ടാണ് വളരെ സാവധാനം ആവശ്യത്തിന് വിശ്രമമെടുത്തുകൊണ്ടു മാത്രം നീലിമല കയറാന്‍ നിര്‍ദേശിക്കാറുള്ളത്. പമ്പയില്‍ നിന്ന് വയര്‍ നിറയെ ഭക്ഷണം കഴിച്ചശേഷം പെട്ടെന്ന് മല കയറാനൊരുങ്ങുമ്പോഴും ശാരീരികവൈഷമ്യങ്ങള്‍ ഉണ്ടായെന്നുവരാം. കഴിയുന്നതും ലഘുഭക്ഷണം മാത്രം കഴിച്ചുകൊണ്ട് നീലിമല കയറുന്നതാണ് നല്ലത്. ഗ്ലൂക്കോസോ പഴങ്ങളോ കഴിക്കുന്നത് ക്ഷീണം മാറ്റും.

സാവധാനം മല കയറിയതുകൊണ്ട് ഒട്ടും ക്ഷീണം തോന്നിയില്ല. ഇനി അല്പദൂരം സമനിരപ്പിലൂടെയുള്ള യാത്രയാണ്. യാത്ര അവസാനിക്കുന്നയിടത്ത് അടുത്ത കയറ്റം തുടങ്ങുകയാണ്. 750 മീറ്റര്‍ ദൈര്‍ഘ്യമുള്ള അപ്പാച്ചിമേട്. ശബരിനാഥന്റെ ആജ്ഞാനുവര്‍ത്തിയായ കടൂരവന്‍ ദുര്‍ദേവതകളെ അടക്കിപരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. അഗാധമായ താഴ്ചയാണ് പാതയുടെ ഒരു വശം. ദുര്‍ദേവതകളുടെ തൃപ്തിക്കായി പാതയുടെ ഇരുവശത്തുമുള്ള അപ്പാച്ചി, ഇപ്പാച്ചി കുഴികളില്‍ അരിയുണ്ട എറിയാവുന്നതാണ്.

കുത്തനെയുള്ള കയറ്റമായതുകൊണ്ട് വളരെ സാവധാനമാണ് മലകയറിയത്. ദേഹത്തു വന്നുപതിക്കുന്ന തുലാവെയിലിന് പൊള്ളുന്ന ചൂട്. ഓരോ ശ്വാസനിശ്വാസത്തിലും സ്വാമിശരണം - അയ്യപ്പശരണമെന്ന മന്ത്രം സന്നിവേശിപ്പിച്ചുകൊണ്ട് മലകയറുമ്പോള്‍ ക്ഷീണമറിയുകയില്ല. ഓരോ ഹൃദയസ്പന്ദനവും ഉരുവിടുന്നതും സ്വാമിയേ-അയ്യപ്പോ മന്ത്രം തന്നെ. തൊട്ടടുത്ത കുറ്റിക്കാട്ടില്‍ വള്ളിപ്പടര്‍പ്പുകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ രണ്ടടിയോളം നീളമുള്ള ഒരു പാമ്പ് താഴേക്കിഴഞ്ഞ് നീങ്ങുന്നു. കറുത്ത നിറത്തില്‍ വെള്ളപ്പുള്ളികള്‍. കാടിന്റെ വന്യതയെ ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുന്ന കാഴ്ച. അപ്പാച്ചിമേട്ടിലെ കയറ്റം അവസാനിക്കുന്നയിടത്തും ഒരു കാര്‍ഡിയോളജി സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അപ്പാച്ചിമേട്ടിലെ കയറ്റം കയറി ശബരിപീഠമെത്തിയപ്പോഴേക്കും കയറ്റം തീര്‍ന്നതിന്റെ ആശ്വാസമായി. ദേഹബലം തന്ന് പാദബലം തന്ന്  മലകയറ്റിവിട്ട കരുണാമൂര്‍ത്തിയെ നന്ദിപൂര്‍വം സ്മരിച്ച് നിഷ്‌കാമഭക്തിയുടെ അവതാരമായ ശബരിയുടെ സന്നിധിയിലെത്തി. വനവാസ കാലത്ത് സീതാന്വേഷണവുമായി കാനനത്തില്‍ അലഞ്ഞ ശ്രീരാമലക്ഷ്മണന്മാര്‍ ശബരിയെ കണ്ടുമുട്ടിയ സ്ഥലമാണ് ശബരിപീഠം. ഇവിടെ വെച്ചാണ് ശബരിക്ക് മോക്ഷപ്രാപ്തിയുണ്ടായത്. മനസ്സ് ത്രേതായുഗകാലഘട്ടത്തിലേക്ക് പ്രകാശവേഗത്തില്‍ പാഞ്ഞു. കണ്ണടച്ച് പ്രാര്‍ഥിച്ചപ്പോള്‍ മനസ്സില്‍ ശുഭ്രവസ്ത്രധാരിണിയായി, ചുണ്ടില്‍ ശ്രീരാമമന്ത്രവുമായി തപസ്സിരിക്കുന്ന ശബരിയുടെ രൂപം തെളിഞ്ഞു. ശബരിപീഠത്തില്‍ ഭക്തര്‍ക്ക് വെടിവഴിപാട് നടത്താം. കര്‍പ്പൂരം കത്തിക്കാം...കാണിക്കയിടാം...

 

നിരപ്പായ പാതയിലൂടെ വേഗം നടന്നു. മനസ്സ് ഹരിഹരസുതന്റെ സന്നിധിയിലെത്താന്‍ വെമ്പല്‍ കൊള്ളുകയാണ്. മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മരമുത്തച്ഛന്മാര്‍ സ്വാമിശരണം ജപിച്ചു നില്‍ക്കുന്ന മരക്കൂട്ടത്തിലെത്തിയപ്പോഴും പാത ഏറെക്കുറെ വിജനമായിരുന്നു. ഇവിടെവെച്ച് പരമ്പരാഗതപാതയും സ്വാമി അയ്യപ്പന്‍ റോഡും ഒന്നായശേഷം വീണ്ടും രണ്ടായി പിരിയുകയാണ്. ദര്‍ശനത്തിനായി ക്രമികരിച്ചിരിക്കുന്ന മേല്‍പ്പാലം കയറി ശരംകുത്തിവഴി സന്നിധാനത്തെത്താം. ശരംകുത്തിയില്‍ ചെന്ന് ശരമെറിയേണ്ട കന്നി അയ്യപ്പന്മാര്‍ ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്. ഇടതുവശത്തുള്ള പാത ചന്ദ്രാനന്ദന്‍ റോഡാണ്. കോണ്‍ക്രീറ്റ് പാളികള്‍ ഉറപ്പിച്ച് ബലപ്പെടുത്തിയ പാതയിലൂടെ അനായാസം സഞ്ചരിച്ച് സന്നിധാനത്തിലെത്തിച്ചേരാം.
അതിരാവിലെ തന്നെ ദര്‍ശനം കഴിച്ച് മടങ്ങുന്ന അയ്യപ്പന്മാരുടെ ചെറുസംഘങ്ങള്‍. കന്നി അയ്യപ്പന്മാര്‍ക്കാണ് ഏറെ സന്തോഷം. അവര്‍ ഓടിച്ചാടി മലയിറങ്ങുകയാണ്. ഇത്തവണ മലകയറുമ്പോള്‍ ഏറെ ആശ്വാസമായി തോന്നിയത് മുതുകത്ത് അടുക്കിവെച്ചിരിക്കുന്ന ചാക്കുകെട്ടുകളുമായി ഏന്തിവലിഞ്ഞ് നീങ്ങുന്ന കഴുതക്കൂട്ടങ്ങളെ കാണാനിടയാകാത്തതാണ്. പിന്‍ഭാഗത്ത് അടിയേറ്റുണ്ടായ വ്രണങ്ങളുമായി നിരങ്ങിക്കയറുന്ന ഈ മിണ്ടാപ്രാണികളുടെ ദയനീയാവസ്ഥ ഒരു പുണ്യസങ്കേതത്തിനു ചേരാത്ത സങ്കടക്കാഴ്ചയായിരുന്നു. ഏതായാലും ശബരിമലയില്‍ കഴുതകളെക്കൊണ്ട് ചുമടെടുപ്പിക്കുന്നത് നിരോധിച്ചത് സമുചിതമായി.

വിശാലമായ നടപ്പന്തലിലെത്തി. മണ്ഡലകാലത്ത് അയ്യപ്പന്‍മാരെക്കൊണ്ട് നിറഞ്ഞുകവിയാറുള്ള നടപ്പന്തലും പ്രായേണ ശൂന്യം. വിശ്രമിക്കട്ടെ, സന്നിധാനവും തിരുമുറ്റവും. ഉറങ്ങാത്ത തീര്‍ഥാടനരാവുകള്‍ക്കുമുന്‍പുള്ള പാതിവിശ്രമം.
മുന്‍പില്‍ സത്യമായ പൊന്നുപതിനെട്ടാംപടി. പഞ്ചലോഹം വാര്‍ത്തുകെട്ടിയ പതിനെട്ടു പടികള്‍. പൂങ്കാവനത്തിലെ 18 മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് 18 പടികളെന്നാണ് വിശ്വാസം. ക്ഷേത്രംപോലെത്തന്നെ പരിശുദ്ധവും പരിപാവനവുമായ പതിനെട്ടു പടികളിലും ദേവസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാന്‍ പാടില്ല. പടികയറും മുന്‍പ് നാളികേരം ഉടയ്ക്കണം. പടിതൊട്ടു വന്ദിച്ച് ശരണം വിളിച്ചു കയറിച്ചെല്ലുമ്പോള്‍ സുവര്‍ണപ്രഭയില്‍ വെട്ടത്തിളങ്ങുന്ന കൊടിമരത്തിനു പിറകിലായി ശബരിമലയുടെ ഉജ്ജ്വലമായ വിളംബരസന്ദേശം- 'തത്ത്വമസി' ഭക്തസഹസ്രങ്ങള്‍ക്ക് സ്വാഗതമരുളുന്നു.

'നീ ബ്രഹ്മം തന്നെയാണ്' എന്ന ഈ മഹാവാക്യം ഛാന്ദോഗ്യോപനിഷത്തിലുള്ളതാണ്. ഉദ്ദാലക ആരുണി തന്റെ പുത്രനായ ശ്വേതകേതുവിന് നല്‍കിയതാണത്രേ ഈ ഉപദേശം. പരമാത്മാവായ ഈശ്വരനും ജീവാത്മാവായ മനുഷ്യനും യഥാര്‍ഥത്തില്‍ ഒന്നുതന്നെയാണെന്ന തത്ത്വം ഓരോ തീര്‍ഥാടകന്റെയും ആത്മബോധത്തെ പ്രോജ്വലിപ്പിക്കുന്നു.

ഭഗവാന്റെ തിരുസന്നിധിയിലെത്തിയപ്പോള്‍ സഹസ്രകലശാഭിഷേകം നടക്കുകയായിരുന്നു. കലശത്തിലാറാടിയ ഭഗവാന്റെ ചൈതന്യവത്തായ കനകവിഗ്രഹം കണ്ട് കൈകൂപ്പിനിന്നു. ഭക്തനും ഭഗവാനും ഒന്നാകുന്ന അനന്യമുഹൂര്‍ത്തം. കലശം കഴിഞ്ഞാലുടന്‍ ഉച്ചപൂജയാണ്. ഉച്ചപൂജ തന്ത്രിതന്നെ ചെയ്യണമെന്ന് നിര്‍ബന്ധമാണ്. ഈ പൂജാവേളയിലാണ് ഭഗവല്‍സാന്നിധ്യം പൂര്‍ണമായും വിഗ്രഹത്തിലുണ്ടാവുക എന്നു വിശ്വാസം.

sbarimala


ഭക്തവത്സലനെ കണ്‍കുളിര്‍ക്കെ കണ്ട് പ്രാര്‍ഥിച്ചശേഷം കന്നിമൂല ഗണപതിയുടെ നടയിലും നാഗരാജാവിന്റെ തിരുനടയിലും തൊഴുതുപ്രാര്‍ഥിച്ചു. ഇനി മാളികപ്പുറത്തേക്ക്. ലോകമാതാവായ മാളികപ്പുറത്തമ്മ ഐതിഹ്യങ്ങളുടെ കലവറകൂടിയാണ്. ശിവപുത്രിയായ ഭദ്രയാണ് ദേവി എന്ന് ഐതിഹ്യമാലയിലും പാണ്ഡ്യരാജാക്കന്മാരുടെ കുലദേവതയായ മധുരമീനാക്ഷി തന്നെയാണ് മഞ്ചമാതാവ് എന്ന് മറ്റു ചില പുരാണരേഖകളിലും പരാമര്‍ശമുണ്ട്. മാളികപ്പുറത്തമ്മയെക്കുറിച്ച് കാല്പനികഭാവമുള്ള മറ്റൊരു കഥകൂടിയുണ്ട്. ചീരപ്പന്‍ചിറയിലെ കളരിയില്‍ പന്തളകുമാരനായ അയ്യപ്പന്‍ കളരി പഠിക്കാനെത്തിയെന്നും കളരിയാശാന്റെ മകളായ പൂങ്കൊടിക്ക് നിത്യബ്രഹ്മചാരിയായ അയ്യപ്പനോട് ഉണ്ടായ തീവ്രപ്രണയമാണ് പൂങ്കൊടിയെ മാളികപ്പുറത്തമ്മയാക്കി മാറ്റിയതെന്നുമാണ് മറ്റൊരു വിശ്വാസം. ഏതായാലും ആനയും അമ്പാരിയുമായി മകരവിളക്കിനുശേഷം അമ്മ ശരംകുത്തിയിലേക്ക് എഴുന്നള്ളുന്നതും കന്നിഅയ്യപ്പന്മാരുടെ സാന്നിധ്യമറിയിക്കുന്ന ശരക്കോലുകള്‍ കണ്ട് കണ്ണീരണിഞ്ഞ് ആരവങ്ങളൊന്നുമില്ലാതെ തിരിച്ചെഴുന്നള്ളുന്നതും ശബരിമലയിലെ നൊമ്പരക്കാഴ്ചയാണ്. അമ്മയ്ക്ക് പട്ടും മഞ്ഞള്‍പ്പൊടിയും സമര്‍പ്പിക്കാം. മാളികപ്പുറത്തമ്മയുടെ നടയ്ക്കുചുറ്റും നാളികേരമുരുട്ടുന്നത് ഇഷ്ടകാര്യലബ്ധിക്ക് സഹായിക്കുമെന്നാണ് വിശ്വാസം.


മാളികപ്പുറത്തമ്മയെ തൊഴുതശേഷം മണിമണ്ഡപം, നാഗരാജാവ്, നവഗ്രഹങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴുത് കാണിക്കയിടാവുന്നതാണ്. ഭഗവാന്റെ ആജ്ഞാനുവര്‍ത്തികളായ കൊച്ചുകടുത്തസ്വാമിയുടെ നട മാളികപ്പുറത്തും വലിയ കടുത്ത സ്വാമി, കറുപ്പ സ്വാമി, കറുപ്പായി അമ്മ തുടങ്ങിയ നടകള്‍ പതിനെട്ടാംപടിയുടെ ഇരുവശത്തുമായുണ്ട്. അവിടെയും തൊഴുത് കാണിക്കയിടുന്നു.

തിരികെ വീണ്ടും സന്നിധാനത്തിന്റെ തിരുമുറ്റത്തേക്ക്. പതിനെട്ടാംപടിയുടെ സമീപം ഇടതുഭാഗത്തായി അയ്യപ്പന്റെ ആത്മമിത്രം വാവരുസ്വാമിയുടെ നടയുണ്ട്. ലോകത്ത് മറ്റൊരിടത്തും കാണാത്ത ഉദാത്തമായ മതസൗഹാര്‍ദ സംസ്‌കാരത്തിന്റെ അടയാളമാണ് അയ്യപ്പനും വാവരുസ്വാമിയും തമ്മിലുള്ള വിശുദ്ധബന്ധം- വാവരുസ്വാമിയുടെ നടയ്ക്കുമുന്‍പില്‍ കൈകൂപ്പിനിന്നപ്പോള്‍ ആലിംഗനബദ്ധരായി സ്‌നേഹം പങ്കിടുന്ന രണ്ടു ചങ്ങാതിമാരുടെ ചിത്രം മനസ്സില്‍ തെളിഞ്ഞുവന്നു.
ഒരിക്കല്‍ക്കൂടി തിരുമുറ്റത്തുള്ള ആല്‍ച്ചുവട്ടില്‍നിന്ന് കൈകൂപ്പി പ്രാര്‍ഥിച്ചു. വിടപറയുകയാണ്. മനസ്സിന്റെ ഏതോ കോണില്‍ യാത്രപറയുന്നതിന്റെ വേദന ഒരു വിങ്ങലായി അനുഭവപ്പെട്ടു. കര്‍പ്പൂരഗന്ധമുള്ള ഒരു കുളിര്‍കാറ്റുവന്നു തലോടി സമാശ്വസിപ്പിച്ചു- ഇനിയും വരാമല്ലോ.

മലയിറങ്ങി തുടങ്ങിയപ്പോഴേക്കും ഉച്ചവെയില്‍ മങ്ങിയിരുന്നു. ആകാശത്ത് കൈയിലൊരു ധനുസ്സുമായി പെയ്യാനൊരുങ്ങിനില്‍ക്കുകയാണ് തുലാവര്‍ഷമേഘം. കൂടെയുള്ള അയ്യപ്പന്മാര്‍ ധൃതികൂട്ടി. മഴ പെയ്തുതുടങ്ങിയാല്‍ മലയിറക്കം ക്ലേശകരമാകും.

കാല്‍തെറ്റി വീഴാതെ ബാലന്‍സുറപ്പിച്ച് സാവധാനം മലയിറങ്ങുമ്പോള്‍ കൂടെയിറങ്ങുന്ന അയ്യപ്പന്മാരെ ശ്രദ്ധിച്ചു. സ്വാമിദര്‍ശനത്തിന്റെ നിര്‍വൃതിയാണെല്ലാവരും. ശരണഘോഷവുമായി മലകയറിവരുന്ന അയ്യപ്പന്മാര്‍ ആര്‍ത്തലച്ച് തീരങ്ങളെ തല്ലിത്തകര്‍ത്തൊഴുകിവരുന്ന കാട്ടാറുപോലെയാണെങ്കില്‍, ശാന്തമായി ഒഴുകിയിറങ്ങുന്ന തേനരുവി പോലെയാണ് മലയിറങ്ങുന്നവര്‍. സ്വാമിദര്‍ശനം അവരുടെ ആത്മസംഘര്‍ഷങ്ങളെ തഴുകിയുറക്കിയിരിക്കുന്നു. 
മലയിറക്കത്തിലും കണ്ടു, പറ്റമായി മരച്ചില്ലകളില്‍ തകര്‍ത്തുകളിക്കുന്ന വാനരസംഘത്തെ, പാതയോരത്തെ കരിങ്കല്‍ക്കെട്ടില്‍ ആലസ്യത്തിലാണ്ടു മയങ്ങുന്ന വിഷപ്പാമ്പിനെ. കാട് ഞങ്ങളുടേതുകൂടെയാണെന്നവര്‍ ഓര്‍മപ്പെടുത്തുന്നതുപോലെ. വഴിയിലവിടവിടെയായി പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരങ്ങള്‍. തീര്‍ഥാടകര്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളാണേറെയും. മലകയറുന്നതിനിടയിലും നീട്ടി പുകവലിക്കുന്നവര്‍. ശബരിമലയുടെ, പൂങ്കാവനത്തിന്റെ പവിത്രതയെ ആരാധിക്കുന്ന യഥാര്‍ഥ ഭക്തര്‍ കാണാനിഷ്ടപ്പെടാത്ത അരുതാക്കാഴ്ചകള്‍.

പമ്പയിലെ അവസാന പടവുകളിലൊന്നില്‍ തൊട്ട് മൂര്‍ധാവില്‍ വെച്ച് കൃതജ്ഞതാപൂര്‍വം പ്രാര്‍ഥിച്ചു. തീര്‍ഥാടനത്തിന്റെ ആത്മാനന്ദം അനുഭവവേദ്യമാക്കിത്തന്ന സത്യസ്വരൂപന് പ്രണാമം. കാടിനു പ്രണാമം, ജന്തുജാലങ്ങള്‍ക്കു പ്രണാമം, സസ്യസമൂഹത്തിനു പ്രണാമം.

ഓരോ മലയാത്രയും അവസാനിക്കുന്നിടത്ത് ഒരു  കാത്തിരിപ്പിന്റെ തുടക്കമാണ്. അടുത്ത യാത്രയ്ക്കുള്ള കാത്തിരിപ്പ്. ഒരു ബാറ്ററി റീചാര്‍ജുചെയ്യുന്നതുപോലെ ഉറവ വറ്റാത്ത ഊര്‍ജവും ഉന്മേഷവും മനസ്സില്‍ നിറയ്ക്കണമെങ്കില്‍ വീണ്ടും മലകയറിയേ പറ്റൂ.