ശബരിമല: പെരിയസ്വാമിമാര് ആചാരപെരുമയില്‍ സന്നിധാനത്ത് തെങ്ങിന് തൈകള്‍ നടുന്നു. പതിനെട്ടു വര്‍ഷം തുടര്‍ച്ചയായി പടി ചവിട്ടുന്ന പെരിയസ്വാമിമാരാണ് ഇതിന്റെ അടയാളപ്പടുത്തലായി സന്നിധാനത്ത് തെങ്ങിന്‍തൈകള്‍ നടുന്നത്. തെങ്ങിന് തൈകളുമായാണ് ഇവര്‍ പതിനെട്ടാം തവണ മല കയറി വരുന്നത്.
ശബരിമലയിലെ ആചാരങ്ങള്‍ പ്രകൃതിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പതിനെട്ടു വര്‍ഷം തുടര്‍ച്ചയായി മല ചവിട്ടുന്ന ഭക്തര്‍ പതിനെട്ടു മലകളും ചവിട്ടി കഴിഞ്ഞുവെന്നാണ് വിശ്വാസം. ഇത്തരത്തില്‍ തുടര്‍ച്ചയായി മല ചവിട്ടുന്ന സ്വാമിമാരെയാണ് ഗുരുസ്വാമിമാരായി കണക്കാക്കുന്നത്. തെങ്ങിന് തൈകളുടെ എണ്ണം കൂടുമ്പോള്‍ ദേവസ്വം ബോര്‍ഡ് കരാറുകാര്‍ ഇത് പിഴുതു മാറ്റും. സ്ഥലമില്ലാത്തതിനാലാണ് പിഴുതെടുക്കുന്നതെന്നാണ് ഇവര്‍ നല്കുന്ന വിശദീകരണം.
ഭക്തര്‍ സമര്‍പ്പിക്കുന്ന തെങ്ങിന് തൈകള്‍ പരിപാലിക്കാന്‍ സ്ഥലമില്ലെങ്കില്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള ശരണപാതകളില്‍ ഇവ നട്ടു പിടിപ്പിക്കാമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവച്ചെങ്കിലും ഇത് നടപ്പിലാക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായിട്ടില്ല.