ക്രിക്കറ്റും കമ്മ്യൂണിസുമായി ജീവിച്ച കൊട്ടാരവാസി. വളര്‍ന്നപ്പോള്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് കമ്മ്യൂണിസത്തെ മതമായി സ്വീകരിച്ചു. പിന്നെ കമ്മ്യൂണിസത്തിന്റെ കൊടിയേറ്റമായിരുന്നു മനം നിറയെ, കമ്മൂണിസ്റ്റുകളുടെ പുണ്യഭൂമിയായിരുന്ന സോവിയറ്റ് യുണിയനില്‍നിന്നു തൂവെള്ള കടലാസില്‍ എത്തിയിരുന്ന കമ്മ്യൂണിസ്റ്റ് സാഹിത്യത്തിന് സന്ധ്യാനാമത്തേക്കാള്‍ പ്രാധ്യാനമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച വിപ്ലവകാരി.

ഏതെങ്കിലും കമ്മ്യൂണിസ്റ്റ് ആചാര്യന്മാര്‍ക്കുള്ള ആമുഖ കുറിപ്പാണിതെന്ന് തെറ്റിദ്ധരിക്കരുത്. ഭക്തനും ദേവനും ഒന്നാണെന്ന വലിയ തത്വം ലോകത്തെ പഠിപ്പിക്കുന്ന ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. പന്തളം കൊട്ടാരത്തിലെ രേവതി തിരുനാള്‍ രാമരാജവര്‍മ. കമ്മ്യൂണിസ്റ്റ് തമ്പുരാന്‍ എന്ന വിളിപ്പേരോടെ 2002 ല്‍ പന്തളം രാജാവിന്റെ ഔദ്യോഗിക ചുമതലയേറ്റെടുത്ത കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം. രാജാവിന് ശബരിമല അയ്യപ്പന്റെ ദര്‍ശനം പാടില്ലാത്തതാണ്. അച്ഛന്‍ കണ്മുന്നിലെത്തിയാല്‍ മകന്‍ എഴുന്നേല്‍ക്കേണ്ടിവരും. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാന്‍ പൂര്‍വികര്‍ നിശ്ചയിച്ചതാണ് പന്തളം രാജാവ് അയ്യപ്പനെ കാണാന്‍ ശബരിമലയ്ക്ക് പോകേണ്ടതില്ലെന്ന്.  കമ്മ്യൂണിസ്റ്റുകാരനായ പുതിയ തമ്പുരാന് ഈ കീഴ വഴക്കം ഗുണം ചെയ്യുമെന്ന് പറഞ്ഞവര്‍ പോലുമുണ്ട്. ഈശ്വരവിശ്വാസത്തോട് അത്രയ്ക്ക് മുഖം തിരിഞ്ഞുനിന്ന ആളായിരുന്നു അന്ന് പന്തളം തമ്പുരാന്‍.

Pandhalam Raja 02

പന്തളം രാജാവ് രേവതി തിരുനാള്‍ രാമവര്‍മ രാജ

 

13  വര്‍ഷത്തിനിപ്പുറം പഴയ കമ്മ്യൂണിസ്റ്റുകാരനുണ്ടായ മനഃപരിവര്‍ത്തനം സാക്ഷാല്‍ അയ്യപ്പന്റെ മാന്ത്രികഭാവം വെളിവാക്കും. 
'നക്‌സലിസത്തോളം എത്തിയ തീവ്ര ആശയങ്ങളുടെ കൂട്ടുകാരനായിരുന്നു ഞാന്‍. പക്ഷേ, ഇന്ന് പ്രായവും ജീവിത അനുഭവങ്ങളും പരുവപ്പെടുത്തിയ  മനസാണ്. അവിടെ പഴയ ഇഷ്ടങ്ങള്‍ക്കൊന്നും സ്ഥാനമില്ല. ഉള്ളത് ഭക്തിമാത്രം. ഭക്തജനകോടികളുടെ ഇഷ്ടവരപ്രദായകന്‍ സാക്ഷാല്‍ ശബരിമല ശ്രീ അയ്യപ്പനെ പ്രതിഷ്ഠിച്ച കോവിലാണ് ഇന്നെന്റെ മനസ്. ഒരിക്കലും നട അടയ്ക്കാത്ത, പൂജ മുടങ്ങാത്ത ശ്രീകോവില്‍. ശബരിമലയിലെ ഓരോ കണികയും എന്റെ കണ്മുന്നിലാണ്. അയ്യപ്പന്‍ എന്റെ മനസിലും. പദവികെണ്ട് പിതൃസ്ഥാനീയനാണ്. ആ നിലയ്ക്ക് ആരാധനയ്ക്ക് പരിധിയുണ്ടാകാം. പക്ഷേ, ഉള്ളില്‍ നിറഞ്ഞ് തുളുമ്പുന്ന ചൈതന്യത്തിന് നേരെ കണ്ണടയ്ക്കാനാകുമോ?. ഓരോ നിമിഷവും അനുഗ്രഹ പേമാരി ചെരിയുന്ന ചൈതന്യമാണെനിക്ക് അയ്യപ്പന്‍. കാണുന്നതെല്ലാം അയ്യപ്പന്‍, അനുഭവിക്കുന്നതെല്ലാം അയ്യപ്പചൈതന്യം. വീഴ്ചകളില്‍ താങ്ങായി, തണലായി ഒപ്പമുള്ളരാള്‍. ഏത് കോവിലില്‍ തൊഴുതാലും മനസില്‍ അയ്യപ്പനായിരിക്കും. അയ്യപ്പരൂപിയായേ ഏത് ദേവതയേയും എനിക്ക് കാണാന്‍ കഴിയുകയുള്ളു. അങ്ങനെയൊരു ആത്മബന്ധമാണ് അയ്യപ്പനുമായി എനിക്കുള്ളത്. അതിന്റെ ആഴവും വിശാലതയും വാക്കുകളില്‍ വിവരിക്കാന്‍ എനിക്കറിയില്ല. കടല്‍ പോലെ എന്നൊക്കെ പറയുന്നത് ആ അനുഭവത്തെ ലഘൂകരിക്കുന്നതിന് തുല്യമാകും.'

പന്തളം കൊട്ടാരത്തില്‍ 1919 ഒക്ടോബര്‍ 10 നാണ്  രേവതി നാളിലാണ് രമാവര്‍മ രാജയുടെ ജനനം. പൂജയും ജപവും സംസ്‌കൃതവും പഠിച്ചാണ് വളര്‍ന്നത്. 11 വയസുവരെ കൊട്ടാരത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നു.  നാലാം ക്ലാസുവരെ  മാവേലിക്കരയിലെ  കൊട്ടാരം വക സ്‌പെഷ്യല്‍ സ്‌കൂളിലായിരുന്നു പഠനം. കൂട്ടുകാരെല്ലാം കൊട്ടാരവാസികള്‍. ഒരേ ചുറ്റുപാടില്‍ നിന്നു വരുന്നവര്‍. അല്ലലില്ലാതെ പഠിച്ചുവളര്‍ന്ന കാലം. കൊട്ടാരത്തിന് പുറത്തുള്ള ലോകത്തെ അസമത്വങ്ങളും ജീവിത ദുരിതങ്ങളുമൊന്നും കാണാനും അറിയാനുമുള്ള അവസരമുണ്ടായിരുന്നില്ല. 

ഹൈസ്‌ക്കൂള്‍ പഠനം മാവേലിക്കരയിലെ സര്‍ക്കാര്‍ സ്‌ക്കൂളിലായിരുന്നു. കൊട്ടാരത്തിനു പുറത്ത് അസമത്വം നിറഞ്ഞ വലിയ ലോകമുണ്ടെന്ന തിരിച്ചറിവുണ്ടാകുന്നത് ഹൈസ്‌ക്കൂള്‍ പഠനകാലത്താണ്. ചുറ്റിലും സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയായിരുന്നു. അതിന്റെ അലയൊലികള്‍ പളളിക്കൂടത്തിന്റെ പടി കടന്നെത്തി. അങ്ങനെയാണ് ഖദര്‍ധാരിയാകുന്നത്. ചര്‍ക്ക ആയുധമാക്കി സ്വാതന്ത്ര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ധാരാളം പുസ്തകങ്ങള്‍ വായിച്ചു തുടങ്ങി. സ്വാതന്ത്ര്യത്തിന് വേണ്ടി ലോകത്താകെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ മനസില്‍ നിറഞ്ഞു. അക്കാലത്താണ് കമ്മ്യൂണിസത്തിന്റെ വിത്ത് മനസില്‍ വീണത്. 
സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോട്ടയം സി.എം.എസ്.കോളേജില്‍ ഇന്‍ര്‍മീഡിയേറ്റിന് ചേര്‍ന്നു. അവിടെ കൂട്ടൂകാരായി കിട്ടിയത് കമ്മ്യൂണിസം തലയ്ക്ക് പിടിച്ചവരെയാണ്. പഠനത്തിന് മീതെ കമ്മ്യൂണിസത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പടര്‍ന്ന് പന്തലിച്ച നാളുകള്‍. പഠനത്തിന് രണ്ടാം സ്ഥാനം മാത്രമായിരുന്നു. പരീക്ഷയില്‍  തോറ്റു. രണ്ടാം ചാന്‍സില്‍ ജയിച്ചു. അടുത്തവര്‍ഷം (1938) തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. പിന്നീട് കേരള സര്‍വകലാശാലയായി മാറിയ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ സയന്‍സ് കോളേജിലായിരുന്നു പഠനം. അവിടെ ആദ്യ ബാച്ച് വിദ്യാര്‍ഥിയായിരുന്നു. 

Pandhalam raja 03

പന്തളം രാജാവ് രേവതി തിരുന്നാള്‍ രാമവര്‍മ രാജയും ഭാര്യ രുക്മിണി അന്തര്‍ജനവും

ക്രിക്കറ്റിന് വളക്കൂറുള്ള മണ്ണായിരുന്നു അത്. വളരെ വേഗം കോളേജ് ടീമിലും തുടര്‍ന്ന് സര്‍വകലാശാല ടീമിലും ഇടംകിട്ടി. സ്പിന്‍ ബൗളിങ്ങായിരുന്നു ഇഷ്ടം. നന്നായി ഫീല്‍ഡും ചെയ്യുമായിരുന്നു.  ക്രിക്കറ്റ്  കളിക്കാര്‍ക്ക് നല്ല സ്വീകാര്യതയായിരുന്നു അന്ന് ലഭിച്ചിരുന്നത്. കേരളത്തിലെ പ്രമുഖ കളിക്കാരെല്ലാം തിരുവന്തപുരത്തായിരുന്നു. പിന്നീട് കാര്‍ട്ടൂണിസ്റ്റായി പേരെടുത്ത അബു എബ്രഹാം ക്രിക്കറ്റ് ടീമിലെ കൂട്ടുകാരനായിരുന്നു. ഇവരുടെ ക്രിക്കറ്റ് ടീം മറ്റ് കോളേജ് ടീമുകളുമായി മാറ്റുരച്ചപ്പോഴെല്ലാം രാമവര്‍മരാജയുടെ സ്പിന്‍ ബൗളിങ്ങ് നിര്‍ണായകമായിരുന്നു. അന്നത്തെ ക്രിക്കറ്റ് ടീമിന്റെ ചിത്രം രാമവര്‍മരാജയുടെ ശേഖരത്തിലുണ്ട്.
തിരുവന്തപുരത്തെ പഠനകാലത്തും കമ്മ്യൂണസം ഒപ്പമുണ്ടായിരുന്നു. എങ്കിലും പുറത്തിറങ്ങിയുള്ള പ്രവര്‍ത്തനമുണ്ടായില്ല. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം മൂന്നു വര്‍ഷം നാട്ടിലെ സ്‌കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തു.

1945 ലായിരുന്നു വിവാഹം. കേരള വര്‍മ വലിയ കോയിത്തമ്പുരാന്റെ അനന്തിരവളുടെ ചെറുമകള്‍ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ രുക്മിണി അന്തര്‍ജനത്തെയാണ് വിവാഹം കഴിച്ചത്. വിവാഹശേഷം മുംബൈയിലെത്തി. ജോലി നേടുന്നതിലുപരി കമ്മ്യൂണിസത്തിന് വളക്കൂറുളള മണ്ണാണെന്ന തിരിച്ചറിവാണ് കൊട്ടാരം വിട്ടുള്ള ആ യാത്രയ്ക്ക് പ്രേരണയായത്. മധ്യ റെയില്‍വേയില്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം തുടങ്ങി. മുംബൈയില്‍ കമ്മ്യൂണിസത്തിലേക്കുള്ള വലിയ ലോകമാണ് രാമവര്‍മരാജയ്ക്ക് മുന്നില്‍ തുറന്നത്.. ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തനത്തിനുമുള്ള വിശാലമായ ലോകം. കൊട്ടാരവാസിയാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. അതിനാല്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന് തടയിടാന്‍ ആരും മുന്നോട്ടുവന്നതുമില്ല.

Pandhalam Raja

രാമവര്‍മ രാജ തിരുവിതാംകൂര്‍ സര്‍വകലാശാല ക്രികറ്റ് ടീം അംഗമായിരുന്നപ്പോഴത്തെ ചിത്രം(1938). രണ്ടാം നിരയില്‍ നില്‍ക്കുന്നവരില്‍ വലത്തുനിന്ന് ഒന്നാമത് തമ്പുരാന്‍.

ഫ്രണ്ട്‌സ് ഓഫ് സോവിയറ്റ് യൂണിയന്‍, കമ്മ്യൂണിസ്റ്റ് ഇന്‍ര്‍നാഷണല്‍ എന്നീ സംഘടനകളുടെ മുഖ്യപ്രചാരകനായത് വളരെ വേഗമായിരുന്നു. പകല്‍ ഓഫീസ് ജോലി. രാത്രി സംഘടനാ പ്രവര്‍ത്തനം. പൊതുയോഗങ്ങള്‍, സിനിമാ പ്രദര്‍ശനം, ലഘുലേഖകളുടെ വിതരണം എന്നിവയായിരുന്നു അന്നത്തെ ആശയ പ്രചാരണ ഉപാധികള്‍. സോവിയറ്റ് യൂണിയനില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങളുടെ വിതരണമായിരുന്നു മറ്റൊരു ജോലി. സൗജന്യമായി വിതരണം ചെയ്തിരുന്ന പ്രസിദ്ധീകരണത്തിനായി താത്പര്യമുള്ളവരുടെ വിലാസങ്ങള്‍ തേടിപ്പിടിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. 

25 വര്‍ഷക്കാലമാണ് ഇങ്ങനെ കമ്മ്യൂണിസത്തിനൊപ്പം ജീവിച്ചത്. 1977 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നുള്ള മലയിറക്കം. പിന്നീട് കുടുംബത്തിനൊപ്പം ഹരിപ്പാട് കുമാരപുരത്തുള്ള അനന്തപുരം തെക്കേ കൊട്ടാരത്തില്‍  സ്ഥിരതാമസമാക്കി. അന്നും മനസില്‍ നിറയെ കമ്മ്യൂണിസ്റ്റ് ്ആശയഗതികളായിരുന്നു. എല്ലാത്തിനെയും എതിര്‍ക്കുന്ന മനസും ഒപ്പമുണ്ടായിരുന്നു. അന്ന് ഇടയ്ക്കിടെ ശബരിമലയില്‍ പോകാറുണ്ടായിരുന്നു. ഭക്തികൊണ്ടല്ല, ബന്ധുക്കള്‍ക്കൊപ്പം കൗതുകത്തിനുള്ള യാത്ര.

1986 ല്‍ പന്തളം രാജാവിന്റെ പ്രതിനിധിയായി ശബരിമലയില്‍ പോയി. കൊട്ടാരവാസിയായതിനാല്‍ ഏറ്റെടുത്ത ജോലിയായി മാത്രമാണ് അന്ന് തോന്നിയതെന്ന് തമ്പുരാന്‍ തുറന്ന് പറയും. 2002 ലാണ് കൊട്ടാരത്തിലെ മൂപ്പ് മുറയനുസരിച്ച് രാമവര്‍മ രാജ പന്തളം രാജാവായി അധികാരമേറ്റത്. രാജഭരണം നിലനിന്നിരുന്നെങ്കില്‍ ശബരിമല ഉള്‍പ്പെടെയുള്ള പന്തളം രാജ്യത്തിന്റെ സര്‍വാധിപനാകേണ്ടതാണ്. എന്നാല്‍, പന്തളം രാജാവെന്ന പദവി കൊട്ടാരത്തിലെ മുതിര്‍ന്ന അംഗമെന്ന നിലയില്‍ തന്നിലെത്തിയ ഉത്തരവാദിത്തമായാണ് തമ്പുരാന്  ആദ്യം തോന്നിയത്. 

Pandhalam Raja 05

പന്തളം രാജാവ് രേവതി തിരുനാള്‍ രാമവര്‍മ രാജയും ഭാര്യ അനന്തപുരം കൊട്ടാരത്തിലെ  രുക്മിണി അന്തര്‍ജനവും വിവാഹ ശേഷം (1945 ലെ ചിത്രം).

പക്ഷെ, ആ ദൗത്യം ശബരിമല അയ്യപ്പനെ കൂടുതല്‍ അറിയാനുള്ള അവസരമായാണ് ഈ നിയോഗമെന്ന് വൈകാതെ മനസ്സിലായി. ജീവിത വീക്ഷണം ആകെ മാറിമറിഞ്ഞു. കമ്മ്യൂണിസ്റ്റുകാരന്‍ തികഞ്ഞ ഭക്തനായി. കുട്ടിക്കാലത്തെ ജപവും ധ്യാനവുമെല്ലാം മടങ്ങിവന്നു. ഇതിനിടെ ഗുരുതരമായേക്കാവുന്ന ഒരപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. 'അയ്യപ്പന്റെ അദൃശ്യകരങ്ങള്‍ താങ്ങിയെടുത്ത് ജീവതത്തിലേക്ക് തിരികെ നടത്തിയതാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇത്തരം നൂറുകണക്കിന് ദൃഷ്ടാന്തങ്ങളാണ് അയ്യപ്പനുമായി ബന്ധപ്പെട്ട് എന്റെ ജീവിതത്തിലുള്ളത്. ഭക്തപരകോടികള്‍ ഒരു നിമിഷത്തെ ദര്‍ശനത്തിനായി കാടും മേടും  കടന്നെത്തുന്ന സന്നിധാനം, സ്വന്തം മനസില്‍ പ്രതിഷ്ഠിച്ച് ആരാധാക്കാനുള്ള സ്വാതന്ത്ര്യമാണ് പിതൃസ്ഥാനീയനായ എനിക്ക് അയ്യപ്പന്‍ തന്നിരിക്കുന്നത്. ആ നിര്‍വൃതിയിലാണ് എന്റെ ജീവിതം. എല്ലാം അയ്യപ്പന്‍. എല്ലാകാര്യങ്ങളും അയ്യപ്പനിലൂടെ കാണാനാണ് എനിക്കിഷ്ടം. അതാണ് ശരി. അതുമാത്രമാണ് ശരി'  ഇതു പറയുമ്പോള്‍ രാമവര്‍മ രാജയുടെ കണ്ണുകളില്‍ നിറയുന്നത് ഭക്തിയുടെ പരകോടിയിലെത്തിയ ഋഷിയുടെ ഭാവമാണ്.

രാമവര്‍മ രാജയ്ക്ക് 96 വയസായി. എന്നും പുലര്‍ച്ചേ എഴുന്നേല്‍ക്കും. ജപവും പൂജയും കഴിയുമ്പോള്‍ നേരം പുലരും. വായനയും എഴുത്തും കഴിയുമ്പോള്‍ ഉച്ചയാകും. ഭക്ഷണത്തിനുശേഷം ചെറിയൊരു മയക്കം. പിന്നാലെ താമസസ്ഥലമായ അനന്തപുരം തെക്കേ കൊട്ടാരത്തിലെ കൃഷിയിടങ്ങളിലൂടെ ചെറിയൊരു നടത്തം. സന്ധ്യയ്ക്കും പ്രാര്‍ത്ഥന നിര്‍ബന്ധം. പ്രായത്തിന്റെതായ അവശതകളൊന്നുമില്ലാതെ അയ്യപ്പന്‍ കാക്കുന്നതായാണ് തമ്പുരാന്‍ പറയുന്നത്.  ഈ വാക്കുകള്‍ സത്യമാണെന്ന് തമ്പുരാനെ നോക്കി നില്‍ക്കുമ്പോള്‍ നമുക്കും തോനും.

കാണിക്കയുടെ കണക്ക് പറയുന്നവര്‍ ആചാരങ്ങളെപ്പറ്റി മിണ്ടാറുണ്ടോ? ശബരിമലയിലെ നട വരവിന്റെ കണക്കുകള്‍ ദിവസവും പ്രസിദ്ധപ്പെടുത്തുന്നവര്‍ അവിടുത്തെ ആചാരാനുഷ്ഠാനങ്ങളെപ്പറ്റി മിണ്ടാറുണ്ടോ? ചോദിക്കുന്നത് പന്തളം രാജാവ് രേവതി തിരുനാള്‍ രാമവര്‍മ രാജയാണ്. പഴയ കമ്മ്യൂണിസ്റ്റുകാരന്റെ ചങ്കൂം ഈ വാക്കുകളില്‍ അടുത്തറിയാം. സന്നിധാനത്ത് ഭക്തരുടെ പേര് പറഞ്ഞ് നടത്തുന്ന വന്‍വികസനങ്ങളിലും തമ്പുരാന് താത്പര്യമില്ല. അയ്യപ്പദര്‍ശനത്തിന് വരുന്നവര്‍ക്ക് ഇത്രയും സൗകര്യങ്ങള്‍ ആവശ്യമുണ്ടോ? കാനന വാസനെ കോണ്‍ക്രീറ്റ് വനത്തിന് നടുവിലാക്കുന്നത് ശരിയാണോ?  ചോദ്യങ്ങള്‍ ഒത്തിരിയാണ്. ഉത്തരം പറയേണ്ടത് ഭരണാധികാരികളാണ്.