നിത്യം ഹിമമണിഞ്ഞ ഗിരിനിര. താപസിയായ സ്വാമിയുടെ താവളം. മലകയറി ശരണം തേടി വരുന്നവരുടെ നാമവും അയ്യനെന്ന്. മുളന്തണ്ടുകളെ തട്ടിയൊഴുകുന്ന പമ്പയുടെ നെറ്റിയില്‍ ഭസ്മം കുറിയിട്ടു. സൂര്യനെ ആദ്യം കാണുന്ന പൂങ്കാവനത്തില്‍ അന്തിയാകും മുമ്പേ മഞ്ഞിന്റെ പാളിപടരും. ഉദയത്തിലെ ഉപാസന മുടക്കാത്ത മുനികുമാരനെപ്പോലെ പൂങ്കാവനത്തിന് രണ്ടു സ്‌നാനം നിര്‍ബന്ധം. പുലരിയില്‍ പമ്പയിലിറങ്ങി കൈക്കുമ്പിളില്‍ ജലമെടുത്ത് സമര്‍പ്പണം. സന്ധ്യയില്‍ മഞ്ഞിന്‍കണികകളില്‍ സ്വയം സമര്‍പ്പിച്ച് മംഗളം. 

pamba

പശ്ചിമഘട്ടത്തിലെ ഏറ്റവും പവിത്രമായ 18 മലകളെ പൂങ്കാവനം എന്നാണ് വിളിക്കുക. പൂക്കളാല്‍ പ്രകൃതിയുടെ അര്‍ച്ചന ഏറ്റുവാങ്ങുന്ന മലകളെ മനസില്‍ പ്രണമിച്ചാണ് ഓരോ ശരണയാത്രയും. ഇവിടെ പുല്ലച്ചിയില്‍ നിന്നാണ് പമ്പയുടെ ആദ്യധാര. ഇരുമുടിയിലെ ചരട് പോലെ ഗിരികളെ അതിരിടുന്ന പമ്പ. പുണ്യപാപങ്ങളുടെ ഇരുമുടികളെ ചേര്‍ത്തുകെട്ടുന്ന ശബരിഗിരി കയറണമെങ്കില്‍ പമ്പയില്‍ മുങ്ങിനിവരണം. കര്‍മ്മത്തിന്റെ സമര്‍പ്പണം പോലെയാണീ കുളി. മാതാപിതൃസ്മരണകളില്‍ ബലി തൂകി പമ്പയില്‍ ഇലച്ചീന്തിടുമ്പോള്‍ ചുണ്ടില്‍ രാമനാമം. കൈക്കുമ്പിളില്‍ ഒരിറ്റ് നീരെടുത്ത് ഗംഗയെ ആവാഹിക്കുന്നു. കറുകയും ചെറൂളയും ചന്ദനവും ഉരുള്‍ച്ചോറില്‍ ചേര്‍ത്ത് പമ്പയില്‍ ലയിക്കുമ്പോള്‍ മുമ്പേ പോയവരുടെ കാല്‍ക്കല്‍ പ്രണാമം. ജന്മം തന്നവര്‍ക്കുള്ള തീരാത്ത നല്ലവാക്കിന് പമ്പയുടെ മാറിടം സാക്ഷി. ശ്രീരാമചരിതത്തിലും പമ്പയെന്ന വാക്കുകാണാം. ശബരിക്ക്  രാമന്‍ മോക്ഷമേകിയ തീരം. ദശരഥന് രാമന്‍ ബലിതര്‍പ്പണം നടത്തിയ പമ്പയില്‍ മോക്ഷമാര്‍ഗ്ഗം തെളിയുന്നു. ആദികവിയുടെ രചനയില്‍ പമ്പാസരസ്തടം ലോകമനോഹരം എന്നാണ് കാണുക.

പതിനെട്ട് മലകളില്‍ നിന്നുള്ള തെളിനീരില്‍ പുല്ലച്ചിയും നാഗനും സുന്ദരനുമാണ് പ്രധാന ചോലകള്‍. പമ്പയുടെ ആദിവേരുകള്‍. നീലിമല കടന്നാല്‍ ത്രിവേണിയായി. അവിടെയാണ് സ്വാമി അയ്യപ്പനും ആറാട്ട്. മഞ്ഞള്‍ തെളിമയില്‍ പമ്പ തുളസിയുടെ കതിരണിഞ്ഞ് ഒഴുകുന്ന ദിനം വര്‍ഷത്തിലൊരുനാളില്‍ മാത്രം. 

pamba

പമ്പ കടന്നാല്‍ വലിയൊരു കടമ്പ കടന്നു എന്ന പ്രയോഗം മറ്റൊരു പുഴയ്ക്കും സ്വന്തമല്ല. നാളുകള്‍ ഏറെ നടന്ന് ശബരിമല തേടിയുള്ള പഴയ തീര്‍ഥയാത്രകളില്‍ പമ്പ ഒരു ഇടത്താവളമാണ്. പമ്പ കടന്നാല്‍ ആശ്വാസമായി. പിന്നെ രണ്ടുമലചവിട്ടിയാല്‍ ദര്‍ശനമായി. പമ്പാസദ്യ തീര്‍ഥയാത്രയിലെ ഒരു സന്തോഷ സമര്‍പ്പണമാവുന്നു. പമ്പവിളക്കില്‍ തെളിയുന്നത് വലിയൊരു യാത്രയിലെ മോദത്തിന്റെ തെളിച്ചവും. ഗണപതിക്ക് നാളികേരം ഉടച്ച് ഇനി മലകേറ്റമാകാം.സഹനത്തിന്റെ നാള്‍വഴികള്‍ കയറിഎത്തുമ്പോള്‍ നീയും ഞാനും ഒന്നെന്ന സന്ദേശം.തത്വമസി.

pamba

ത്രിവേണി കഴിഞ്ഞാല്‍ പമ്പ പെരുക്കുന്നു. കക്കിയുടെ ജലവും നല്‍കി പുഴ  പ്രതാപം നേടുന്നു. മലയാളിയുടെ വരാന്തയില്‍ വിളക്ക് വെക്കുമ്പോള്‍ വരുന്ന നാമത്തിലെ പമ്പ ചുമരിലെ വിളക്കിനും വഴിയാണ്. ശബരിഗിരിയുടെ നാമത്തില്‍ കേരളത്തിലെ രണ്ടാമത്തെ വൈദ്യുതികേന്ദ്രം. പമ്പാനീര് കേരളത്തിന്റെ കുതിപ്പിന് ഊര്‍ജ്ജമാകുന്ന താവളം. 40 ലക്ഷം ജനങ്ങളുടെ കുടിനീരായും പമ്പ ജീവജലമാകുന്നു. 

pamba

ജീവന് ബലമായും ആയുസിന്റെ വഴിയായും ആയൂര്‍വ്വേദത്തിന്റെ ചേരുവകളെ ഈ പ്രവാഹം കാത്തു. നീലക്കൊടുവേലിയുടെ നിത്യസാന്നിധ്യം കൊണ്ട് പുഴ മരുന്നുചാലിച്ച ജലമായി മാറി. ഉടലിന്റെ അശാന്തികളെ ശമിപ്പിച്ച ഔഷധികള്‍ക്ക് നീരൂട്ടി വൈദ്യത്തിന് കാവലാളായി.  പാപം പൊറുപ്പിക്കും പോലെ രോഗം ശമിപ്പിക്കുന്ന വെള്ളം. പൂങ്കാവനത്തിലെ 1965 ഇനം സസ്യങ്ങളെ നനച്ചുവളര്‍ത്തുന്ന പമ്പയില്‍ ഇവയുടെ ചേരുവയുണ്ടെന്നാണ് പഴയ സങ്കല്‍പ്പം. ഇതില്‍ ഔഷധികള്‍ മാത്രം 350 വരും. അശോകത്തിന്റെ വേരും  ശംഖുപുഷ്പ്പത്തില്‍ വെള്ളയും നീലയും പാച്ചോറ്റിയും പറിച്ചെടുത്ത വൈദ്യശാലകള്‍. പുഴയോരത്തെ പഴയ പര്‍ണശാലകളില്‍ ചെമ്പുരുളികള്‍ തിളപ്പിച്ച പുളിമുട്ടികളുടെ അടുപ്പുകള്‍. ആറന്‍മുള വിലാസം ഹംസപ്പാട്ടെഴുതിയ നെടുമ്പയില്‍ കൊച്ചുകൃഷ്ണനാശാന്റെ രോഗം ശമിപ്പിച്ച സ്‌നാനം മറ്റെവിടെയുമായിരുന്നില്ല. മൃതസഞ്ജീവനി തേടിയുള്ള യാത്രകളില്‍ രാമായണം പമ്പാതീരത്തെ കുന്നുകളെക്കുറിച്ചെഴുതിവെച്ചു. 

വൈദ്യം മാത്രമല്ല പര്‍ണശാല പണിതത്. അനാചാരങ്ങളുടെ അരക്കില്ലങ്ങളെ തീവെച്ച് ആചാര്യമാര്‍ ഇറങ്ങി നടന്ന മണല്‍പ്പുറങ്ങളും ഈ നദിക്കുണ്ട്. കെട്ടുകാഴ്ചകളുടെ എഴുന്നെള്ളിപ്പുകള്‍ അഴിച്ചിട്ട് അത്‌കൊണ്ട് പന്തലൊരുക്കിയവര്‍. അതിന്റെ തണലില്‍ ഇരുന്ന് വേദം അത്താഴപ്പട്ടിണിക്കാരനും മനസിലാകും വിധം വ്യാഖ്യാനിച്ചവര്‍. ആദ്യം ചോറുവിളമ്പാനും പിന്നീട് അക്ഷരം പഠിപ്പിക്കാനും ശീലിപ്പിച്ച തീര്‍ഥപാദര്‍ ചെറുകോല്‍പ്പുഴയില്‍ കണ്‍വെന്‍ഷന് കാല്‍നാട്ടി. തുടക്കം മാത്രമായി ഇത്. മേലെ റാന്നിയുടെ ചരിവിലും മാടമണ്ണിലും അദ്വൈതം പറയാന്‍ കാവിയണിഞ്ഞവര്‍ പുഴകടന്നെത്തി. 

മാരാമണ്ണില്‍ നിന്ന് വചനം കേള്‍ക്കാന്‍ അപ്പോഴും ഓലക്കുടപിടിച്ചവര്‍ വന്നിരുന്നു. നല്ല മണലില്‍ ആത്മാവിനെ ആരാധന കൊണ്ട് ഉയിര്‍പ്പിച്ച് കൊച്ചുകുഞ്ഞ് ഉപദേശി ദുഃഖത്തിന്റെ പാനപാത്രമേറ്റുവാങ്ങാന്‍ പറഞ്ഞു. സ്വര്‍ണനാവു കൊണ്ട് എല്ലാ മതങ്ങളെയും മനുഷ്യനെയും പരിഹസിച്ച് തിരുത്തിച്ച് മാര്‍ക്രിസോസ്റ്റം വരെ പ്രഘോഷണം നടത്തി. മരപ്പാലത്തില്‍ നിന്നും അക്കരയിക്കരെ കടന്നവര്‍ പൂഴിയില്‍ ആദ്യാക്ഷരം പോലെ ദൈവശാസ്ത്രം എഴുതിപ്പഠിച്ചു. 

pamba

തിരുനിഴല്‍ മാലയുമായി വന്ന ഗോവിന്ദനും തിരുവായ്‌മൊഴിയുടെ നന്മാഴ് വാറും പമ്പയുടെ തീരത്തെ അക്ഷരക്കളരിയില്‍ ആദ്യം വന്നവരാണ്. കടമ്മനിട്ടയും വിഷ്ണുവും സുഗതയും ഈ തീരത്ത് നിന്നവര്‍. ആറന്‍മുള വാഴുവേലില്‍ തറവാട്ടില്‍ നിന്ന് നിത്യം കണ്ണനെ കുളിച്ചുതൊഴുത ബാലികയാണ് കൃഷ്ണാ നീയെന്നെ അറിയുമോ എന്ന് ചോദിച്ചത്. പമ്പയുടെ തീരത്ത് കണ്ണീരണിഞ്ഞുനിന്ന ബാലന്‍ പാര്‍ഥസാരഥിയാണെന്ന് എഴുതിയ അമ്മ. അണയാത്തവിളക്കുമായി മലയാളിയെ തുലാവര്‍ഷപ്പച്ചകളിലൂടെ നടത്തിച്ച കാവ്യദേവത. 

ആറന്‍മുളയുടെ കടവില്‍ നിന്നാല്‍ കേള്‍ക്കാം നതോന്നതയുടെ ഇനിയും തീരാത്ത ഈണം. രാമപുരത്തിന്റെ വരികളെ വഞ്ചിയിലേറ്റിയ നാട്.  ഗോവിന്ദാഹരി ഗോവിന്ദാ മുഴങ്ങുമ്പോള്‍ അടനയമ്പില്‍ കരുത്തോടെ പിടിച്ച് പള്ളിയോടം കുതിച്ചു. പള്ളിയോടം പമ്പയില്‍ ആറന്‍മുള സംസ്‌ക്കാരമാണ്. ചെങ്ങന്നൂര്‍ മുതല്‍ റാന്നി  വരെ അത് ഒന്നിച്ചുതുഴഞ്ഞു. പള്ളിയോടക്കരകള്‍ക്ക് ഒരേ താളമാണ്, മനസും. വെറ്റിലയും പുകയിലയും സമര്‍പ്പിച്ച് നിറപറയ്ക്ക് മുന്നില്‍ നിന്ന് കൈകൊട്ടിപ്പാടുന്നു. പാര്‍ഥസാരഥി ഊട്ടിയിട്ടും ഊട്ടിയിട്ടും മനസുനിറയാതെ പിന്നെയും വിളമ്പുന്നു. കാണാനെത്തുന്നവരെ മുഴുവന്‍ ഇലനിറച്ച് വിളമ്പിയൂട്ടുന്ന സങ്കല്‍പ്പം ആറന്‍മുളക്ക് മാത്രം. അത് പമ്പാതീരത്തെ പള്ളിയോടങ്ങളുമായി ചേര്‍ന്ന് വള്ളസദ്യയാകുന്നു. 

ഇടറിയോടിവരുന്ന ആനയെപ്പോലെയാണ് പമ്പയെന്ന് തിരുനിഴല്‍മാല പറയും. പക്ഷേ ഈ കൊമ്പനെ മെരുക്കാന്‍ പള്ളിയോടത്തില്‍ പാര്‍ഥസാരഥിയുണ്ട്. അമരത്തും അണിയത്തും തഴമ്പുള്ള ആശാന്‍മാര്‍ കരുത്തോടെ നിലയുറച്ച് പറയും. ഹരിയെത്തി.... ഇനിയാകാം കേളിയെന്ന്. സ്‌നേഹത്തോടെ അവിടുന്ന് കരകളെ വിളിച്ചു. വന്നാലും വന്നാലും. സത്രക്കടവില്‍ സാക്ഷാല്‍ മഹാത്മാവിന്റെ കാല്‍പ്പാടു പതിഞ്ഞ കരിങ്കല്‍പ്പടവില്‍ ദേശം ഒന്നാകുന്നു.

pamba

തൊട്ടടുത്ത മണല്‍പ്പുറം ഇന്നില്ല. അവിടെയാണ് ഞാന്‍ ഗാന്ധിജിയെ തൊട്ടൂന്ന് പറഞ്ഞ് കുപ്പായമില്ലാത്തവരും തീണ്ടാപ്പാടകലെ നിര്‍ത്തിയവരും ദേശീയപ്രസ്ഥാനത്തിലേക്ക് തുഴഞ്ഞത്. കാലത്തിന്റെ എഴുത്തുകളെ തെളിയിച്ച കണ്ണാടിക്ക് മണ്ണുകുഴച്ചവര്‍. അതെ ആറന്‍മുള കണ്ണാടിക്ക് വേണ്ടതും പമ്പാതീരത്തെ മണ്ണുതന്നെ. ഉലയില്‍ തീയൂതിഉരുക്കിയ കൂട്ടില്‍ നിന്ന് കണ്ണാടികള്‍ മുഖം കാട്ടി. 

 തിരുവാറന്‍മുള നിന്ന് കാട്ടൂരേക്ക് വിളിപ്പാടകലമല്ല. അയിരൂരും കടന്ന് തോണി വന്നാലെ പാര്‍ഥസാരഥിക്ക് ഓണമുള്ളൂ. കാട്ടൂരില്‍ നിന്ന് ആറന്‍മുള വരെ പമ്പ ബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുന്നു. പമ്പാതീരത്തെ പാടത്ത് നിന്ന് കാട്ടൂരുകാര്‍ നെല്ലുകുത്തിവേണം ആറന്‍മുളയപ്പന് നേദിക്കാന്‍. ചിങ്ങമാസത്തിലെ ഭട്ടതിരിയുടെ തോണിയാത്ര കാണേണ്ടതു തന്നെ. തുഴച്ചില്‍ക്കാര്‍ തലേക്കെട്ട് ഊരി പമ്പയില്‍ മുക്കി ചുണ്ടിലേക്ക് ഇറ്റിച്ച് ദാഹം തീര്‍ത്തിരുന്ന കാലമുണ്ടായിരുന്നു.ആ കാലം വീണ്ടും വരുമോ. 

 പമ്പയുടെ തീരത്തെ ഇഴയടുപ്പമുള്ള കൂട്ടിലാണ് വാസ്തുവിദ്യയും വളര്‍ന്നത്. ഗുരുകുലത്തിന് ഇപ്പോള്‍ സര്‍ക്കാര്‍ വിലാസം. പള്ളിയോടം പണിയുന്ന കൗശലവും ഈ തീരത്താണ് വളര്‍ന്നത്. മുണ്ടപ്പുഴയും കോഴിമുക്കും തച്ചന്‍മാരുടെ പെരുന്തച്ചന്‍മാരായി. ദേശങ്ങളെ ഒരേ പോഷണത്തില്‍ വളര്‍ത്തിയ പമ്പ നെല്ലിന് ചേറുനനച്ചു. കൊയ്ത്തുപാട്ടില്‍ മറന്ന ജനം പമ്പയില്‍ വാച്ചാല് കെട്ടി വെള്ളം കുളനടയ്ക്കും പായിച്ചു. കോഴിത്തോട്ടില്‍ നിന്ന് പമ്പ പത്തനംതിട്ടയുടെ ഗ്രാമങ്ങളിലേക്ക് വിരുന്നുപോയി. പടിഞ്ഞാറേക്ക് യാത്രപോകുന്ന പമ്പയില്‍ നിരണത്ത് സെന്റ് തോമസ് ദൈവവചനം സമര്‍പ്പിച്ചു. കരിങ്കല്‍ വിളക്കും കൊത്തുപണികളുമായി നിരണംപള്ളി ഇന്നും വിസ്മയം. 

ചെങ്ങന്നൂരില്‍ നിന്ന് ഇപ്പോഴും കേള്‍ക്കാം പാടിത്തീരാത്ത പദങ്ങള്‍. കളിവിളക്ക് വെച്ച മണ്ഡപങ്ങളില്‍ ആശാന്‍മാര്‍ ചുട്ടികുത്തുന്നു. ഗുരുചെങ്ങന്നൂരിന് നിത്യസ്മാരകം പാട്ടിലൊരുക്കിയ ശ്രീകുമാരന്‍ തമ്പിക്ക് നമസ്‌ക്കാരം. മഹാദേവന് മുന്നില്‍ നിത്യം കലയുടെ വിരുന്നൊരുക്കിയ ഇടം. സാക്ഷാല്‍ സ്വാമി അയ്യപ്പന്റെ വിഗ്രഹം കൊത്തിയൊരുക്കിയ ശില്‍പ്പവിദ്യയുടെ നാട്. 

 കാറ്റ് പിടിക്കുമ്പോള്‍ തോണികള്‍ ഉലയുന്നു. വെണ്‍മണിയും നിരണവും കാവ്യം കൊരുത്ത പാഠശാലകള്‍ വിളക്കണക്കാതെ പഠിതാക്കളെ വിളിക്കുന്നു.പടയണിയുടെ ചൂട്ടൊരുക്കത്തില്‍ ഓതറക്കളം നിറയുന്നു. തിരുനിഴല്‍മാലയുടെ വരികള്‍ കേട്ട് തിരുവാറന്‍മുളയില്‍ നിന്ന് വരുന്ന കാറ്റ് ചെങ്ങന്നൂരെ ചേങ്ങിലയുടെ താളത്തില്‍ വിരല്‍ചുഴറ്റി. പമ്പ ഇവിടെ ശാന്തമായി സമര്‍പ്പിക്കുകയാണ്.  പുല്ലച്ചിയുടെ മകള്‍ ഇവിടെ വേമ്പനാടിന്റെ മരുമകളായി. .