പേര് പറഞ്ഞ് ഞെട്ടിച്ച് നോമ്പുതുറയെ ബേജാറാക്കിയൊന്ന് ജോറാക്കാന്‍ ആദാമും സംഘവും ഇത്തവണയും കോഴിക്കോടെത്തിയിട്ടുണ്ട്. വീരപ്പന്‍ ചിക്കന്‍, ചീറിപ്പാഞ്ഞ ചിക്കന്‍, അടിച്ചാപുലി ചിക്കന്‍, മരം ചുറ്റി ചിക്കന്‍, ചിക്കന്‍ പൊട്ടിത്തെറിച്ചത്, ചിക്കന്‍ നിര്‍ത്തിപ്പൊരിച്ചത്...  അതും പോരെങ്കില്‍ ബേജാറാക്കുന്ന ബ്രെയിന്‍ ഫ്രൈയും ചിക്കന്‍ വാരിപ്പിടിച്ചതും. പേര് കേട്ട് ചിരിക്കല്ലേ... കോഴിക്കോട് കോര്‍പ്പറേഷന് സമീപത്ത ആദാമിന്റെ ചായക്കടയിലെ ചിക്കന്‍ - മീന്‍ വിശേഷങ്ങളാണ് പറയുന്നത്. പേര് ചായക്കടയെന്നാണെങ്കിലും ന്യൂജന്‍ ലുക്കിലൊരു പൊളിച്ച ചായക്കട എന്നുതന്നെ പറയേണ്ടി വരും. ഇവിടുത്തെ  രുചി വിശേഷങ്ങളെ കുറിച്ച്.

beef

പാല്‍സര്‍ബത്ത് മുതല്‍ പൊരിച്ച ഐസ്‌ക്രീം വരെ കിട്ടുന്ന കോഴിക്കോടന്‍ രുചിമേളങ്ങളിലേക്ക് ചീറിപ്പാഞ്ഞ ചിക്കനുമായി കഴിഞ്ഞവര്‍ഷം മുതലേ ആദാമും സംഘവും റംസാന്‍ കാലത്ത് കോഴിക്കോട്ടെത്താറുണ്ട്. ഇനി റംസാന് മാത്രമല്ല, സ്ഥിരമായി ചായക്കടയിടാനുള്ള പരിപാടിയിലാണ് പിന്നണി പ്രവര്‍ത്തകര്‍. പേരൊന്ന് ഞെട്ടിക്കുമെങ്കിലും ചില വെജിറ്റബിള്‍ 'സൂത്രം' ചിക്കനിലേക്ക് ഉപയോഗിച്ചാണ് ചീറിപ്പാഞ്ഞ ചിക്കനെയും പൊട്ടിത്തെറിച്ച ചിക്കനെയുമുണ്ടാക്കുന്നത്.  ഇനി വരുന്ന റംസാന്‍ ദിവസങ്ങളിലൊക്കെ പുതിയ ചിക്കന്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തുമെന്നും ഇവര്‍ പറയുന്നു. ഉദ്ഘാടന ദിവസമായ വെള്ളിയാഴ്ച ബേജാറാക്കുന്ന ബ്രെയിന്‍ ഫ്രൈ ആണ് പരിചയപ്പെടുത്തിയത്.

നല്ല നാടന്‍ മലബാര്‍ വിഭവങ്ങളിലേക്ക് അല്‍പ്പം പൊടിക്കൈ ചേര്‍ത്തൊരു ബേജാറാക്കല്‍.  ധൈര്യമായി കഴിക്കാം. ഉദാഹരണത്തിന് ചീറിപ്പാഞ്ഞ ചിക്കനിലേക്കാണെങ്കില്‍ പച്ചചീരയുടെ സത്ത് ഉപയോഗിച്ച് പച്ചക്കളര്‍ കൊടുക്കും. പേരൊന്ന് മോഡിഫൈ ചെയ്ത് ചീറിപ്പാഞ്ഞ ചിക്കനാക്കിയെന്ന് മാത്രം.

appam

ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥനായി ജോലി നോക്കി ഒടുക്കം ജോലി രാജിവെച്ച് ചീറിപ്പാഞ്ഞ ചിക്കനുമായി ഇറങ്ങിയ കോഴിക്കോട്ടുകാരന്‍ അനീസ് ആദാമാണ് കുറച്ച് വര്‍ഷം മുന്നെ ആദാമിന്റെ ചായക്കടയുമായി ഭക്ഷണപ്രിയരെ തേടിയിറങ്ങിയത്. മലബാറുകാര്‍ ആദാമിന്റെ കടയെ ഏറ്റെടുത്തപ്പോള്‍ പിന്നെ ഭക്ഷണ പ്രിയരെ തേടി ദുബായ് വരെ എത്തി ഇവരുടെ യാത്ര. ഇനി മുതല്‍ നോമ്പുകാലം കഴിയുന്നത് വരെ വൈകുന്നേരം നാലരമുതല്‍ ആദാമും സംഘവും കോഴിക്കോടുണ്ടാകും. പിന്നങ്ങോട്ട് കോഴിക്കോട് സ്ഥിരം കച്ചവടം നടത്താനും ആദാമിന് പദ്ധതിയുണ്ട്. വീരപ്പന്‍ ചിക്കന്റെയും, ചിക്കന്‍ പിടിത്തം വിട്ടതിന്റെയും രുചിയറിയണമെങ്കില്‍ വണ്ടിയെടുത്ത് കോഴിക്കോടേക്ക് പിടിപ്പിച്ചോളൂ, ഭക്ഷണം കഴിച്ച് കടയിലെ സെല്‍ഫി മുക്കിലെത്തി സെല്‍ഫിയുമെടുത്ത് തിരിച്ച് പോരാം.


വീരപ്പന്‍ ചിക്കന്‍ ഉണ്ടാക്കുന്ന വിധം

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ ഡ്രംസ്റ്റിക്ക്-ഒരു കിലോ(ചെറുതായി വരയണം)
പച്ച കുരുമുളക് അരച്ചത്-നാലെണ്ണത്തിന്റേത്
വെളിച്ചെണ്ണ-രണ്ട് ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
ഗരം മസാല-ഒരു ടീസ്പൂണ്‍
തൈര്-ഒരു ടീസ്പൂണ്‍
മുട്ടയുടെ വെള്ള-ഒരു ടീസ്പൂണ്‍

ആദ്യം ചിക്കനിലേക്ക് മുകളില്‍ പറഞ്ഞ സാധനങ്ങള്‍ ഒരുമിച്ച് അരച്ച് പുരട്ടി നാല് മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് മസാല പിടിക്കാന്‍ അനുവദിക്കണം. ശേഷം അലൂമിനിയം ഫോയിലില്‍ ചുറ്റി ഫ്രൈ ചെയ്ത് എടുക്കാം. അല്ലെങ്കില്‍ കനലില്‍ ചുട്ടെടുക്കാം.