മേശപ്പുറത്തുവെച്ച പാത്രത്തിൽ വാഴയിലയിൽ വേവിച്ചെടുത്ത അട. ഒന്നുവായിലിട്ട് രുചിച്ചപ്പോൾ സ്വാദുള്ള മീൻ രുചിച്ചു. കൊതിയോടെ അകത്താക്കി നോക്കുമ്പോൾ കണ്ണുവെച്ച പത്തിരിയും കോഴിനിറച്ചതും നോക്കിയിരിക്കുന്നു. നോമ്പുതുറ ഗംഭീരമാകാൻ ഇതിലധികം ഇനിയെന്തുവേണം.

ഓരോ ദിനവും വ്യത്യസ്തമാക്കാൻ എന്തുചെയ്യണമെന്ന് സുഹറ ഹാരിസിന് നന്നായി അറിയാം. അതുതന്നെയാണ് സാധാരണ വീട്ടമ്മയായിരുന്ന അവരെ ബീച്ചിനുസമീപം അയ്ഫർ എന്ന ഹോട്ടൽ നടത്താനും വിജയത്തിലെത്തിക്കാൻ ധൈര്യം നൽകിയതും. കഴിഞ്ഞ അഞ്ചുവർഷമായി കോഴിക്കോട്ടെ രുചികളുടെ വഴിയിലുണ്ട് മികച്ച സംരംഭകയായ സുഹറ. നോമ്പുതുറയിൽ വൈവിധ്യമാണ് സുഹറയുടെ പ്രത്യേകത. സ്ഥിരം വിഭവങ്ങളിൽനിന്നുമാറി പരീക്ഷണങ്ങൾ നടത്താൻ ധൈര്യമുണ്ട് അവർക്ക്. പുട്ടും ബീഫ് ലിവറും മട്ടൺ ലിവർ ഫ്രൈയുമെല്ലാം സുഹറയുടെ കൈകളിൽ ഭദ്രം.

suharaതേങ്ങയും ഏലക്കായയും ഉള്ളിയും പെരുഞ്ചീരകവുമെല്ലാം അരിപ്പൊടിയിൽ ചേർത്താണ് മീനട തയ്യാറാക്കുന്നത്. ഐക്കൂറയാണ് ഫില്ലിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. മസാലക്കൂട്ടുകൂടി ചേർക്കുന്നതോടെ രുചികളുടെ രാജാവായ മീനട മാറിയിരിക്കുന്നു. അതിശയപ്പത്തിരി എന്ന പേരിൽ അറിയപ്പെടുന്ന ചിക്കൻ ചട്ടിപ്പത്തിരിയും രുചികരമായി ഉണ്ടാക്കാൻ സുഹറയ്ക്ക് അധികസമയം വേണ്ട. 

ഹോട്ടലിലെ നോമ്പുതുറ പോലെത്തന്നെ വീട്ടിലെ നോമ്പുതുറയും സുഹറ ഭംഗിയായി നിർവഹിക്കുന്നു. അതിനൊപ്പംതന്നെ ഐ.ആർ.സി.ടി.സി.യുടെ റെയിൽവേ കാറ്ററിങ് നോക്കിനടത്താനും സുഹറ സമയം കണ്ടെത്തുന്നു. 

വയറുനിറച്ചു കഴിച്ചുകഴിയുമ്പോഴേക്ക് പാൽഖാവ റെഡിയായി മുന്നിലെത്തി. ചുക്കും കുരുമുളകും ഗ്രാമ്പൂവും പട്ടയുമെല്ലാം ചേർന്ന ഔഷധക്കൂട്ട്.
 പണ്ടുകാലത്ത് നോമ്പുതുറന്നശേഷം രാത്രി നമസ്കാരത്തിനുപോയി തിരിച്ചെത്തുന്നവർ ഖാവ കഴിക്കുമായിരുന്നു. സാധാരണ ഖാവയിൽ പാൽ ചേർത്താൽ പാൽഖാവയായി. ദഹനത്തിനും ജലദോഷം പോലുള്ള രോഗങ്ങൾ വരാതിരിക്കാനും ഖാവ നല്ല ഔഷധമാണ്. 

മീൻ അട ഉണ്ടാക്കുന്ന വിധം:
ഫില്ലിങ്
1. സവാള, പച്ചമുളക്, തക്കാളി, ഇഞ്ചി വഴറ്റുക.
2. തേങ്ങ, പെരുംജീരകം, ചെറിയുള്ളി, ഗ്രാമ്പു, പട്ട- വറുത്ത് പൊടിച്ചെടുക്കുക.
3. ഉപ്പും മഞ്ഞളും ചേർത്ത് മീൻ വേവിച്ചെടുക്കുക.
രണ്ടും മൂന്നും കൂട്ടുകൾ ആദ്യ കൂട്ടിലേക്ക് ചേർത്ത് ഇളക്കണം.
 അരിപ്പൊടിയിൽ തേങ്ങ, ഏലക്കായ, ഉള്ളി, പെരുംജീരകം എന്നിവ അരച്ചുചേർത്ത് അടയ്ക്കു പാകത്തിൽ കുഴച്ചെടുക്കുക. വാഴയിലയിൽ അട പരത്തിയ ശേഷം ഫില്ലിങ് നിറച്ച് ചുട്ടെടുക്കാം.