മലപ്പുറം: അജ്വ, ഹമ്പര്, സെറായ്, മിഡ്ജൂള്, സഫാവി, മബ്റൂം, സുക്കാരി, ബറാറി, ഫര്ദ്ദീന്, പേര്ണി, ടൂണീഷ്യ, മസ്രി..... പേര് കേള്ക്കുമ്പോഴേ അറിയാം. സംഗതി അറബിനാടുമായി ബന്ധമുള്ള എന്തോ ഒന്നാെണന്ന്. സംശയിക്കേണ്ട, അറബിനാട്ടില്നിന്ന് വന്ന് റംസാന് വിപണിയില് നിറസാന്നിധ്യമായ ഈന്തപ്പഴങ്ങളുടെ വിവിധ ഇനങ്ങളാണ് ഇവയെല്ലാം.
ഈന്തപ്പഴത്തിനായി ചെന്നാല് ഏതെടുക്കണമെന്ന സംശയമാണ് ആളുകള്ക്ക്.

നിറത്തിലും സ്വഭാവത്തിലും രുചിയിലും വൈവിധ്യമാര്ന്ന 25-ൽപ്പരം ഇനങ്ങളാണ് റംസാന് പ്രമാണിച്ച് വിപണിയില് ഇടംപിടിച്ചിരിക്കുന്നത്.  തരത്തിനനുസരിച്ച് വിലയിലും മാറ്റമുണ്ട്. 
കിലോയ്ക്ക് 2500 രൂപയുള്ള അജ്വയാണ് താരം. അജ്വയുടെ രണ്ടാംതരത്തിന് 1900മാണ് വില. മദീനയില് നിന്നെത്തുന്ന അജ്വ വിലയില് ഉയര്ന്നതാണെങ്കിലും  രുചി, മൃദുലത തുടങ്ങിയ ഒട്ടേറെ വിശേഷണങ്ങള് ആവശ്യക്കാരെ കൂട്ടുന്നു.     

ഹമ്പറിന് 1700 രൂപയും സെറായ് പഴത്തിനും മിഡ്ജൂളിനും 1100 ഉം സഫാവി, മബ്റൂം എന്നിവയ്ക്ക് 900 രൂപയും അല്കസീം സുക്കരിയ്ക്ക് 500മാണ് വില. തേന്, അണ്ടിപ്പരിപ്പ്, ബദാം എന്നിവ ചേര്ത്തുള്ള ഈന്തപ്പഴങ്ങളും വിപണിയില് ലഭ്യമാണ്.

സാധാരണക്കാര്ക്കാശ്വാസമായി 380 രൂപയുടെ ടൂണീഷ്യയും 230 രൂപയുടെ ഈജിപ്ഷ്യന് മസ്രിയും 200 രൂപയ്ക്കുള്ളില് വരുന്ന ഹാര്മണി, ഫര്ദ്ദീന്, ദാഫ, മര്യാമി, ബറാറി തുടങ്ങിയ ഈത്തപഴങ്ങളും വിപണിയില് ലഭ്യമാണ്. വിപണിയില് അജ്വ, മബ്റൂം, ടൂണീഷ്യ, ബറാറി എന്നിവയാണ് ഏറ്റവുംകൂടുതല് വിറ്റഴിക്കപ്പെടുന്നത്. രാജസ്ഥാനില്നിന്നുള്ള ഈത്തപ്പഴമാണ് ഏക ഇന്ത്യന് സാന്നിധ്യം.  
 ചിലയിനം പഴങ്ങള്ക്ക് പ്രത്യേക വിലക്കിഴിവ് നല്കിയാണ് കച്ചവടക്കാര് റംസാനെ വരവേല്ക്കുന്നത്.