അസംഗഢ്: ഗുലാബ് യാദവ് മുസ്ലീമല്ല, നോമ്പു നോല്‍ക്കാറുമില്ല. എന്നാല്‍, ഗുലാബ് ഇല്ലാതെ മുബാറക്ക്പുരിലെ റംസാന്‍ പൂര്‍ണമാകില്ല. ബനാറസ് സാരികള്‍ക്ക് പ്രശസ്തമായ ഉത്തര്‍ പ്രദേശിലെ  മുബാറക്ക്പുര്‍ ഗ്രാമത്തിലെ ഇസ്ലാം മത വിശ്വാസികളെ വ്രതാരംഭത്തിലേക്ക് അവരെ വിളിച്ചുണര്‍ത്തുന്നത് ഗുലാബ് യാദവും മകന്‍ അഭിഷേകുമാണ്. നോമ്പു നോറ്റതിന്റെ ക്ഷീണത്തില്‍ ഗ്രാമം ഉറങ്ങുമ്പോള്‍ ഗുലാബും പന്ത്രണ്ടുകാരന്‍ മകനും മാത്രം ഉണര്‍ന്നിരിക്കും. 

പുലര്‍ച്ചെ ഒരു മണിക്ക് തുടങ്ങും ഇവരുടെ ജോലി. പിന്നെ രണ്ടു മണിക്കൂറോളം നടന്ന് ഗ്രാമത്തിലെ എല്ലാ വീട്ടിലുമെത്തും. നോമ്പ് നോല്‍ക്കാന്‍ ഗ്രാമവാസികള്‍ എഴുന്നേല്‍ക്കുന്നത് വരെ വാതിലില്‍ മുട്ടികൊണ്ടിരിക്കും. ഒന്നര മണിക്കൂറോളം നേരമെടുക്കും ഇവര്‍ വീട്ടുകാരെ വിളിച്ചുണര്‍ത്താന്‍. 

1975 ല്‍ ഗുലാബ് യാദവിന്റെ അച്ഛന്‍ ചിക്രിത് യാദവ് തുടങ്ങിവെച്ച പാരമ്പര്യമാണിത്. യുവാവായിരിക്കുമ്പോള്‍ തന്നെ സന്തോഷത്തോടെ അച്ഛനൊപ്പം കൂടിയതാണ് ഗുലാബും. കൂലിപ്പണി ചെയ്തു നിത്യവൃത്തി കണ്ടെത്തുന്ന ഗുലാം തന്റെ കൂടുതല്‍ സമയവും ഡല്‍ഹിയിലാണ്. പക്ഷേ റംസാന്‍ കാലമാകുമ്പോള്‍ ഗ്രാമത്തില്‍ തിരികെയെത്തും. 

തനിക്ക് നാലു വയസുള്ളപ്പോള്‍ മുതല്‍ റംസാന്‍ കാലത്ത് തങ്ങളെ വിളിച്ചുണര്‍ത്തുന്നത് ഗുലാബ് ആണെന്ന് അയല്‍വാസിയായ ഷഫീഖ് പറയുന്നു. വാതില്‍ തുറക്കാതെ ഗുലാബിനെ മടക്കിവിടുന്ന ഒരാള്‍ പോലും ഗ്രാമത്തിലില്ലെന്നും ഷെഫീഖ് കൂട്ടിച്ചേര്‍ത്തു.