മുണ്ടക്കയം ഈസ്റ്റ്: ഇത്തരത്തിലൊന്ന് ലോകത്ത് അപൂര്‍വം. ഒരിഞ്ചു നീളവും അരയിഞ്ചു വീതിയുമുള്ള ചെറു ഖുര്‍ആന്‍. വ്രതശുദ്ധിയുടെ നാള്‍വഴികളിലൂടെ തലമുറകള്‍ താണ്ടിവന്ന ചെറു ഖുര്‍ആന്‍ പതിറ്റാണ്ടുകള്‍ക്കപ്പുറം കടല്‍ കടന്നെത്തിച്ചതാണ്. പെരുവന്താനം പാറയ്ക്കല്‍വീട്ടില്‍ പി.വൈ. ഹാരീസാണ് പഴമയുടെ പുതുമ നഷ്ടപ്പെടാതെ ഖുര്‍ആന്‍സൂക്ഷിച്ചിരിക്കുന്നത്.

ചെറുലിപികളില്‍ രേഖപ്പെടുത്തിയ വാക്കുകള്‍ ലെന്‍സിന്റെ സഹായത്താല്‍ വേണം വായിച്ചെടുക്കാന്‍. വിശുദ്ധനാട്ടില്‍ നിന്നെത്തിയ ചെറുഖുര്‍ആന്‍ ഹാരീസിന് ബാപ്പ പരേതനായ പി.എം. യൂസഫാണ് നല്‍കിയത്.

യൂസഫിന് തലമുറകള്‍ കൈമാറി ലഭിച്ചതാണ്. കൃത്യമായ വര്‍ഷങ്ങള്‍ ഓര്‍ക്കുന്നില്ലെങ്കിലും ചരിത്രം ഇങ്ങനെയാണ് കുടുംബം ഓര്‍ക്കുന്നത്. 
മഹിദി ഹാജി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹജ്ജിന് പോയി കൊണ്ടുവന്നതാണിത്. ഏകദേശം 100 വര്‍ഷങ്ങള്‍ പിന്നിട്ടതായി കരുതുന്നു. 

കപ്പല്‍ മാര്‍ഗം നാട്ടിലെത്തിച്ച വിശുദ്ധഗ്രന്ഥത്തിന്റെ ചില താളുകള്‍ നിരതെറ്റിയെങ്കിലും അക്ഷരങ്ങള്‍ വളരെ വ്യക്തമാണ്. എന്തായാലും ഹാരീസ് ചെറുഖുര്‍ആന്‍ അമൂല്യ നിധിയായി കാത്തുസൂക്ഷിക്കുകയാണ്, അടുത്ത തലമുറയ്ക്കായി.