മലപ്പുറം: റംസാനിലെ അവസാനവെള്ളിയാഴ്ചയും 27-ാം രാവുമാണ് ഇന്ന്. രണ്ട് പുണ്യദിനങ്ങള്‍ ഒന്നിച്ചുവന്നതിന്റെ ആഹ്ലാദത്തിലാണ് വിശ്വാസിസമൂഹം.
പുണ്യകര്‍മ്മങ്ങള്‍ക്ക് ആയിരംമാസത്തേക്കാള്‍ പ്രതിഫലം കല്പിക്കപ്പെടുന്ന ലൈലത്തുല്‍ ഖദ്ര് (വിധി നിര്‍ണയരാവ്) ആവാന്‍ സാധ്യതയുള്ള വേളയാണ് 27-ാം രാവ്. അതേദിവസംതന്നെ റംസാനിലെ അവസാന വെള്ളിയാഴ്ചയും ആണെന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച രാവ് എന്നതാണ് ലൈലത്തുല്‍ ഖദ്റിന്റെ പ്രാധാന്യം.

പ്രാര്‍ഥനാസദസ്സുകളും ഖുര്‍ആന്‍ പാരായണവും വെള്ളിയാഴ്ച പള്ളികളെ ഭക്തിനിര്‍ഭരമാക്കും. ജുമുഅ നമസ്‌കാരത്തിനായി വളരെ നേരത്തെ വിശ്വാസികള്‍ പള്ളിയിലെത്തും. നമസ്‌കാരശേഷം മതപ്രഭാഷണവും പ്രാര്‍ഥനാസംഗമവും നടക്കും. പരമാവധിസമയം പള്ളികളില്‍ കഴിച്ചുകൂട്ടാനാണ് ഓരോ വിശ്വാസിയും ശ്രമിക്കുക. വെള്ളിയാഴ്ച മിക്കപള്ളികളിലും ഇഫ്താര്‍സംഗമം ഒരുക്കിയിട്ടുണ്ട്. നോമ്പുതുറന്ന ശേഷം പ്രാര്‍ഥനകളില്‍ മുഴുകി പലരും രാത്രി പള്ളികളില്‍ത്തന്നെ കഴിച്ചുകൂട്ടും. പള്ളികളില്‍ ഭജനമിരിക്കല്‍ (ഇഅതികാഫ്) കൂടുതല്‍ പ്രതിഫലംകിട്ടുന്ന കര്‍മമായാണ് പ്രവാചകന്‍ പഠിപ്പിച്ചത്.

റംസാന്‍ അവസാനപത്തിലേക്ക് കടന്നതോടെ വിശ്വാസികള്‍ സക്കാത്ത് വിതരണത്തിനും ദാനധര്‍മങ്ങള്‍ക്കും മുന്തിയ പരിഗണനയാണ് നല്‍കുന്നത്. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള സക്കാത്ത് വിതരണവും നടക്കുന്നുണ്ട്. മാനത്ത് ശവ്വാല്‍ മാസപ്പിറവി തെളിയുന്നതോടെ റംസാന്‍ വിടപറയും. അതോടെ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ തിരക്കിലാകും വിശ്വാസികള്‍. ഒരുമാസക്കാലംനീണ്ട വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത വിശുദ്ധിയും നന്മയും പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ചൈതന്യംപകരും.