വൈകുന്നേരം നോമ്പു തുറക്കാന്‍ ഏകദേശം ഒരു മണിക്കൂര്‍ ബാക്കിയുള്ള സമയത്താണ് കോഴിക്കോട്ടെ ഫ്രാന്‍സിസ് റോഡിലെത്തുന്നത്. നോമ്പുതുറ കാഴ്ചകള്‍ തേടിയിറങ്ങുമ്പോള്‍ പലരും പറഞ്ഞിരുന്നു കോഴിക്കോട്ടെ നോമ്പുതുറയും പെരുന്നാളുമെല്ലാം കുറ്റിച്ചിറക്കാരുടേതു കഴിഞ്ഞേ വേറെയുള്ളൂവെന്ന്. അങ്ങനെയാണ് ഫ്രാന്‍സിസ് റോഡിനോട് ചേര്‍ന്നുള്ള കുറ്റിച്ചിറ ഭാഗത്തെത്തിയത്. 

പ്രസിദ്ധമായ ശൈഖ് പള്ളിയോട് ചേര്‍ന്ന് ഇടിയങ്ങര ഭാഗത്തേക്ക് അടുത്തിടെ ഇന്റര്‍ലോക്ക് പതിച്ച റോഡിലൂടെ നടക്കുമ്പോള്‍ സുഹൃത്തിന്റെ വീടായിരുന്നു ലക്ഷ്യം. വഴിയില്‍ ഇരുവശത്തുമായി ഇടതോരാതെ ചേര്‍ന്നു നില്‍ക്കുന്ന കോഴിക്കടകള്‍ക്ക് നടുവിലൂടെയാണ് യാത്ര. എല്ലാവരും നോമ്പുതുറയ്ക്കു മുമ്പ് വീടണയാനുള്ള തിരക്കിലാണ്. അങ്ങനെ മുന്നോട്ടുനീങ്ങുമ്പോഴാണ് കോഴിക്കോടിന്റെ തനിമയും രുചിയുമൂറുന്ന ഒരു ബോര്‍ഡ് കണ്ടത്‌ 'ഫുഡ് മക്കാനി'.

ആവി പറക്കുന്ന ദം ബിരിയാണിയും ചട്ടിപ്പത്തിരിയും സലാഡുകളും കേക്കുകളുമടക്കം മക്കാനിയുടെ ബോര്‍ഡിലെ സ്പെഷ്യല്‍ വിഭവങ്ങള്‍ നാവില്‍ നനവു പടര്‍ത്തി. കയറിച്ചെന്നപ്പോള്‍ തറവാട് വീടിന്റെ മാതൃകയില്‍ ചെറിയൊരു കെട്ടിടം. നിറയെ ആളുകള്‍ നോമ്പുതുറ വിഭവങ്ങളുമായി മടങ്ങുന്നു. ഓര്‍ഡറുകള്‍ നല്‍കിയവരില്‍ ചിലര്‍ പിന്നെയും അവിടെ കാത്തു നില്‍പ്പുണ്ട്. തിരക്കിനിടയില്‍ അടുക്കള വേഷത്തില്‍ ഒരു സ്ത്രീ പുറത്തേക്ക് വന്നു, മിന്നത്ത് അഹമ്മദ്, ആകെ തിരക്കിലായിരുന്നു അവര്‍. 

Imageറമസാന്‍ രുചികള്‍

കോഴിക്കോട്ടുകാര്‍ക്ക് പ്രിയപ്പെട്ട ചീസ്ബോളും ചെമ്മീന്‍ അടയും ചട്ടിപ്പത്തിരിയുമടക്കം നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കുകയാണവര്‍. വിഭവങ്ങളുടെ മാവ് കുഴക്കുന്നതു മുതല്‍ അവ ഡെലിവറി ചെയ്യുന്നതു വരെ കലവറയുടെ എല്ലാ മുക്കിലും മൂലയിലും മിന്നത്തിന്റെ കൈയെത്തുന്നുണ്ട്. ഫുഡ്മക്കാനിയെയും മിന്നത്തിനെയും കുറിച്ചറിയാന്‍ എനിക്ക് അവരുടെ കൂടെ നടക്കേണ്ടി വന്നു. മാവ് കുഴച്ച് ചേര്‍ത്ത് വെച്ച് അത് ഇളയുമ്മ ഷമീമയെ ഏല്‍പ്പിച്ച് അടുത്തതിലേക്ക്. ഇങ്ങനെ തിരക്കിനിടയിലും മിന്നത്ത് ഫുഡ് മക്കാനിയേയും അവിടുത്തെ തന്റെ അനുഭവങ്ങളും വിവരിച്ചു.

റംസാന്‍ റെസിപ്പീസ്‌മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സാധാരണ വീട്ടമ്മയായിരുന്നു ഞാന്‍. അന്ന് മാതൃഭൂമി സരോവരം പാര്‍ക്കില്‍  നടത്തിയ ഫുഡ് ഫെസ്റ്റിവലാണ് ആബിദാത്തയുടെ (ആബിദാ റഷീദ്) നിര്‍ബന്ധത്തിനു വഴങ്ങി ഒരു സ്റ്റാളിട്ടത്. അതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. സ്റ്റാളില്‍ നിന്നു ലഭിച്ച മികച്ച പ്രതികരണം ഇതൊരു വരുമാന മാര്‍ഗമാക്കിയാലെന്താ എന്ന തോന്നലുണ്ടാക്കി. ആ തോന്നലാണ് ഇന്ന് ഫുഡ് മക്കാനിയെന്ന കലവറയുടെ കാര്യക്കാരിയാക്കി എന്നെ മാറ്റിയത്. ഇതിന് മാതൃഭൂമിയോടാണ് ആദ്യം നന്ദി പറയാനുള്ളത്. 

കുടുംബ സ്വത്ത് ഭാഗം വെച്ചപ്പോള്‍ എനിക്ക് കിട്ടിയതും ഒരടുക്കളയായിരുന്നു. എങ്കില്‍ അതില്‍ തന്നെയാകട്ടെ എന്റെ മക്കാനിയെന്നു കരുതി. തനിച്ചായിരുന്നില്ല കുടുംബത്തില്‍ ഉമ്മയും താത്തമാരും കൂട്ടിനുണ്ടായിരുന്നു. ഇപ്പോള്‍ നോമ്പായതിനാല്‍ നോമ്പുതുറ വിഭവങ്ങളാണ് മക്കാനിയില്‍ കൂടുതലായി ഉണ്ടാക്കുന്നത്. ഇതെല്ലാം ഉണ്ടാക്കാന്‍ പഠിച്ചത് തറവാട്ടിലെ മുന്‍തലമുറക്കാരില്‍ നിന്നാണ്. അവരെല്ലാം നല്ല പാചകക്കാരായിരുന്നു. എല്ലാം അവരുടെയൊക്കെ അനുഗ്രഹം.. 

Image

125 നോമ്പുതുറ വിഭവങ്ങള്‍ഇറച്ചിപ്പത്തിരിയും കല്ലുമ്മക്കായയും കടുക്കയടയും ചട്ടിപ്പത്തിരിയും മുട്ടപ്പത്തിരിയും ചെമ്മീന്‍ അടയും തുടങ്ങി മക്കാനിയുടെ സ്വന്തം ചീസ് ബോളും തുര്‍ക്കിപ്പത്തിരിയുമടക്കം ഒത്തിരി വിഭവങ്ങള്‍ ഞങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ നല്ല കച്ചോടമുണ്ട്. നല്ലമലയാളത്തില്‍ സംസാരിക്കുന്നതിനിടയിലും 'കോയിക്കോടി'ന്റ തനിമ ചോരാത്ത ഭാഷയില്‍ മിന്നത്ത് പറഞ്ഞു. 

മറ്റൊരു രഹസ്യം കൂടി മിന്നത്ത് പറഞ്ഞു. ആദാമിന്റെ ചായക്കടയിലേക്കുള്ള നോമ്പുതുറ വിഭവങ്ങള്‍ക്കു പിന്നിലും മക്കാനിയുടെ രുചിക്കൂട്ടാണെന്ന്. അതായത് കോഴിക്കോടിന്റ തനതായ രുചികളില്‍ ഫുഡ് മക്കാനിയുടെ പുതിയ രുചിക്കൂട്ടുകള്‍ക്കും ഉറച്ച സ്ഥാനമുണ്ടെന്ന് ചുരുക്കം. 

നോമ്പായതു കൊണ്ടാണ് അല്ലെങ്കില്‍ ദം ബിരിയാണിയൊക്കെ കാണുമായിരുന്നു. വിഭവങ്ങളൊരുക്കാന്‍ മകള്‍ അമ്ന അഹമ്മദും ഉമ്മ ഫാത്തിമയും അനിയത്തി നിഷാലയും ഇളയുമ്മ സുലൈഖയുമടക്കം എല്ലാരും കൂടെത്തന്നെയുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു ജോലിയായി തോന്നാറില്ല. ഡെലിവറി കാര്യങ്ങളെല്ലാം നോക്കുന്നത് മകന്‍ അസില്‍ അഹമ്മദാണ്. 

Image

ഇങ്ങനെ മൂന്നുവര്‍ഷത്തിനിടയില്‍ മാതൃഭൂമി നല്‍കിയ 'മികച്ച സംരഭക'യ്ക്കുള്ള അവാര്‍ഡും 'ജെം ഓഫ് ദി ഫെസ്റ്റ്' അവാര്‍ഡുമടക്കം ചില അവാര്‍ഡുകളും മിന്നത്തിനെ തേടിയെത്തി. 

വിശപ്പും ദാഹവും സഹിച്ചുള്ള റംസാന്‍ മാസത്തെ പുണ്യം തേടിയുള്ള യാത്രയില്‍ നോമ്പുതുറ നേരത്ത് തീന്‍മേശകളില്‍ വയറും മനസും നിറയ്ക്കാന്‍ തന്റെ വഭവങ്ങള്‍ക്കും സ്ഥാനമുണ്ടെന്നതിലുള്ള സന്തോഷവും മിന്നത്ത് മറച്ചു വെച്ചില്ല. ഫുഡ് മക്കാനിയിലെ കുടുംബത്തോടൊപ്പം നോമ്പുതുറയില്‍ പങ്കെടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ നാവില്‍ രുചിവൈവിധ്യത്തിന്റെ അലയൊലികള്‍ മാഞ്ഞിരുന്നില്ല..