' ഈ വധമുണ്ടായ കാരണത്താല് ഇസ്രയേലുകാര്ക്ക് ഇപ്രകാരം നാം വിധി നല്കി: പ്രതിക്രിയയായോ നാട്ടില് കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ഒരാള് മറ്റൊരാളെ വധിച്ചാല് മനുഷ്യകുലത്തെ ഒന്നടങ്കം അവന് കൊന്നതുപോലെയാണ്; ഒരാളെ കൊലയില്‌നിന്ന് വിമുക്തനാക്കിയാല് മനുഷ്യരെ മുഴുവന് അതില്‌നിന്ന് രക്ഷിച്ചതുപോലെയും. നമ്മുടെ ദൂതന്മാര് സ്പഷ്ടദൃഷ്ടാന്തങ്ങളും കൊണ്ടുചെന്നിട്ടും  അവരിലധികപേരും പിന്നെയും ഭൂമിയില് അതിക്രമം കാട്ടുകയായിരുന്നു'.(വി.ഖുര്ആന് 5:32)

വധം സാര്വത്രികമാണ്. മുസ്ലിമും ഹിന്ദുവും ജൂതനും ക്രിസ്ത്യാനിയും അവിശ്വാസിയുമൊക്കെ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനുമായി വാര്ത്തകളില് ഇടംപിടിക്കാറുണ്ട്. നിസ്സാരകാര്യങ്ങള്ക്കുപോലും മക്കള് മാതാപിതാക്കളെയും തിരിച്ചും കൊലനടത്തുന്നു. ജീവനും മാനുഷികമൂല്യങ്ങള്ക്കും വിലനല്കാത്തതാണ് കൊലപാതകം സമൂഹത്തില് നിസ്സാരവത്കരിക്കപ്പെടാനുള്ള കാരണം.

വയോധികരായ മാതാപിതാക്കളെ നിസ്സാരകാര്യങ്ങള്ക്കുവേണ്ടി കൊലചെയ്യുന്നതും പിഞ്ചുകുഞ്ഞുങ്ങളെപ്പോലും കാമപൂര്ത്തീകരണത്തിനും മറ്റുമായി അരുംകൊല ചെയ്യുന്നതും അപൂര്വമല്ലാതായി.

 സ്വത്തുതര്ക്കംകാരണം സ്വന്തം പിതാവിനെ മകന് ക്രൂരമായി വെടിവെച്ചുകൊന്ന് കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞത് ദിവസങ്ങള്ക്കുമുന്പ് നാം വായിച്ചതാണ്.
അകാരണമായി ഒരു മനുഷ്യനെ കൊല്ലുക എന്നത് ഇസ്ലാമില്‍ അതീവഗുരുതരവും അത്യന്തം നിഷ്ഠുരവുമായ മഹാപാതകമാണ്; ഒരു മനുഷ്യന്റെ ജീവന് സംരക്ഷിക്കലാകട്ടെ, വളരെ പരിപാവനവും. കാരണം ജീവന്റെ യഥാര്ഥ ഉടമ അല്ലാഹുവാണ്.  അകാരണമായി മനുഷ്യജീവന് അപഹരിക്കുന്നതിനെ തുല്യമായ പ്രതിക്രിയ അര്ഹിക്കുന്ന വന് പാതമാകയിട്ടാണ് ഇസ്ലാം ഗണിക്കുന്നത്. 

ഒരു നിരപരാധിയുടെ ഘാതകനെ  വധശിക്ഷയ്ക്കു വിധേയനാക്കണമെന്നാണ് ഇസ്ലാമിന്റെ നിയമം.  ഭൂമിയില് കുഴപ്പം സൃഷ്ടിച്ചുകൊണ്ട് ഒരു മഹാവിനാശകാരി പ്രത്യക്ഷപ്പെടുകയും  അവനെ കൊല്ലുന്നതുകൊണ്ടല്ലാതെ സമൂഹത്തിനു രക്ഷയില്ലെന്നു കാണുകയും ചെയ്താല് അവനെയും വധിക്കാവുന്നതാണ്.

എന്നാല് നിര്‌ദോഷിയായ ഒരാളെ വധിക്കുന്നത് യഥാര്ഥത്തില് മനുഷ്യത്വത്തോടുള്ള അക്രമവും ധിക്കാരവുമാണ്.  ഒരാളെ കൊലയില്‌നിന്നോ മരണത്തില്‌നിന്നോ രക്ഷിക്കല് മനുഷ്യാത്മാവിനോട് കാണിക്കുന്ന ബഹുമാനവും ആദരവും പരിഗണനയുമാണ്. 

മാനവികതയുടെയും സമസൃഷ്ടിയുടെയും വിശിഷ്ട പദവി, ധാര്മികചിന്ത, പരസ്പരസ്‌നേഹം, വിട്ടുവീഴ്ചാ മനസ്‌കത, വിനയം മുതലായ ഗുണപാഠങ്ങള് ശക്തമായ അളവില് പുതിയ തലമുറയ്ക്ക് കൈമാറണം.  ഭൂമിയില് ആദ്യമുണ്ടായ വധം വൈകാരികതയിലും അസൂയയിലുംനിന്ന് ഉടലെടുത്തതായിരുന്നു. ആദിമപിതാവ് ആദം നബിയുടെ  മകന് ഖാബിലാണ് ഭൂമിയിലെ ആദ്യ ഘാതകന്.  

സഹോദരന്‍ ഹാബീലിനോടുള്ള വൈരാഗ്യമായിരുന്നു കാരണം. അതുകൊണ്ടുതന്നെ ലോകത്ത് നടക്കുന്ന ഏത് കൊലപാതകക്കുറ്റത്തിന്റെയും ഒരംശം ഖാബീലിനുമുണ്ടായിരിക്കും. 
അന്ത്യനാളില് അല്ലാഹു ഒരു മനുഷ്യന്റെ എല്ലാപാപങ്ങളും  പൊറുത്തുകൊടുത്തേക്കാം. എന്നാല്  കൊലപാതകിയോടു നാഥന് ഒരു നിലയ്ക്കും ദയകാണിക്കില്ലെന്നാണ് തിരുവചനം.