
നൈലിന്റെ നാട്ടില്‍ വിശുദ്ധ റമദാന്റെ രണ്ടാഴ്ച കഴിച്ചുകൂട്ടിയത് എന്നും പച്ചപിടിച്ച ഓര്‍മകളായിരിക്കും. അസ്ഹറിലെ ദഅ്വാ കോഴ്സ് കാലത്തിന്റെ അവസാന നാളുകളായിരുന്നു ആ രണ്ടാഴ്ച. ഈജിപ്ഷ്യന്‍ ഗ്രാന്റ് മുഫ്തിക്കാണ് രാജ്യത്തിന്റെ മതകീയ കാര്യങ്ങളുടെ കുത്തക. അന്നത്തെ ഗ്രാന്റ് മുഫ്തി ഡോ. നസ്വ ്ര് ഫരീദ് വാസ്വില്‍ ആയിരുന്നു. ഇന്ന് ആ പദവിയിലുള്ളത് ഡോ. ശൗഖി അല്ലാം ആണ്. ഹിജ്ര വര്‍ഷത്തിലെ എട്ടാം മാസമായ ശഅ്ബാന്‍ 29 ന് സന്ധ്യക്ക് ചന്ദ്രക്കല ദൃശ്യമാകുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിച്ച് നിരീക്ഷിക്കാന്‍ വ്യവസ്ഥാപിത സംവിധാനങ്ങള്‍ ഗ്രാന്റ് മുഫ്തിയുടെ ഔദ്യോഗികാസ്ഥാനമായ 'ദാറുല്‍ ഇഫ്താ' ചെയ്തു കഴിഞ്ഞിരിക്കും. മാസപ്പിറവി ദൃശ്യമായാല്‍ ഉടനെ ഗ്രാന്റ് മുഫ്തിയുടെ ആധ്യക്ഷ്യത്തില്‍ യോഗം ചേര്‍ന്ന് റമദാന്റെ ആഗമത്തിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കുകയും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെയും മറ്റും അത് ജനങ്ങളെ അറിയിക്കുകയും ചെയ്യുന്നു.
ഹര്‍ഷപുളകിതമായ ഹൃദയത്തോടെയാണ് ഓരോ ഈജിപ്ഷ്യന്‍ മുസ്ലിമും പുണ്യമാസത്തെ വരവേല്‍ക്കുന്നത്. വീടുകളും കച്ചവട സ്ഥലങ്ങളും മറ്റും തോരണങ്ങളാലും വര്‍ണവിളക്കുകളാലും അലംകൃതമായിരിക്കും. വ്രതമാസമായിക്കഴിഞ്ഞാല് ഹോട്ടലുകള്‍ പകല്‍സമയങ്ങളില്‍ അടഞ്ഞാണുകിടക്കുക. കച്ചവട കേന്ദ്രങ്ങളും മാര്‍ക്കറ്റുകളും പൊതുവെ നിര്‍ജീവമായിരിക്കും. രാത്രിയാണവയും സജീവമാകുക. പ്രഭാതം വരെയും തുറന്നിരിക്കുന്നവയുമുണ്ട്.
മുസ്ലിം വൈജ്ഞാനിക ലോകത്തിന്റെ അച്ചുതണ്ടെന്ന് വിശേഷിപ്പിക്കാവുന്ന കേന്ദ്രമായ അല്‍അസ്ഹറിലും പുണ്യമാസാഗമനത്തിന്റെ ആന്ദോളനങ്ങള്‍ സാര്‍വത്രികമായി ദൃശ്യമാകും. ആയിരത്തിലേറെ വര്‍ഷങ്ങള്‍ പിന്നിട്ട മത-ധാര്‍മിക-വൈജ്ഞാനിക ശക്തികേന്ദ്രമാണ് അല്‍ അസ്ഹര്‍. ക്രിസ്ത്വബ്ദം 970 ല്‍ ശിലയിടുകയും 972 ല്‍ (ഹിജ്ര 361 റമദാനില്‍) ജുമുഅ നമസ്കാരത്തോടെ ഉദ്ഘാടനകര്‍മം നിര്‍വഹിക്കപ്പെടുകയും ചെയ്ത ചരിത്രപ്രസിദ്ധമായ ഒരു മസ്ജിദാണ് അല്‍ജാമിഉല്‍ അസ്ഹര്‍.
ഫാതിമിദുകളിലെ രണ്ടാം ഖലീഫ അല്മുഇസ്സുലിദീനില്ലാഹിയാണ് മസ്ജിദിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് ജുമുഅക്ക് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് വന്ന നൂറ്റാണ്ടുകളില്‍ ഈജിപ്റ്റിന്റെ മത-ധാര്‍മിക-രാഷ്ട്രീയ വൃത്തങ്ങളിലെന്നല്ല, ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള മുസ്ലിം വൃത്തങ്ങളില്‍ തന്നെ വലിയ സ്വാധീനം ചെലുത്തി അല്‍അസ്ഹര്‍. വഴിയെ ഒരു ഇസ്ലാമിക സര്‍വകലാശാലയായി പരിവര്‍ത്തിതമായ ഇത് ഇന്നൊരു വന്‍ വൈജ്ഞാനിക- ഗവേഷണ-ബൗദ്ധിക കേന്ദ്രമാണ്.

നൂറോളം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പരസ്സഹസ്രം അസ്ഹര്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ബഹുമുഖ സാംസ്കാരിക വൈജാത്യങ്ങള്‍ പ്രകടിപ്പിക്കുംവിധമാണ് പുണ്യമാസത്തെ വരവേല്‍ക്കുന്നത്. കൂറ്റന്‍ ബില്‍ഡിങ്ങുകള്‍ തലയുയര്‍ത്തി നില്ക്കുന്ന അസ്ഹര്‍ ഹോസ്റ്റല്‍ ക്യാമ്പസില്‍ ഈ വൈജാത്യ പ്രകടനത്തിന്റെ വശ്യതയും ചാരുതയും ഒന്നു വേറെ തന്നെയായിരിക്കും. കറുത്തവനും വെളുത്തവനും അനറബിയും അറബിയുമൊക്കെ സന്ധിക്കുകയും ആയിരങ്ങള്‍ താമസിക്കുകയും ചെയ്യുന്ന ഇവിടെ- മദീനത്തുല്‍ ബുഊസ് എന്നാണ് ഇതറിയപ്പെടുന്നത്- മാത്രമായിരിക്കും ചെറിയൊരു വൃത്തത്തില്‍ ഇത്ര വലിയ ബഹുസ്വരതയും നാനാത്വവും പ്രകടമായിക്കാണുന്നത്.
വഖ്ഫ് ആന്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ കീഴില്‍ റമദാനോടനുബന്ധിച്ച് വ്യത്യസ്ത വൈജ്ഞാനിക-സാംസ്കാരിക-ധാര്‍മിക പരിപാടികള്‍ നടത്തും. അന്നത്തെ വഖ്ഫ് മന്ത്രി ഡോ. മഹ്മൂദ് ഹംദി സഖ്സൂഖ് ആയിരുന്നു. പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനും ചിന്തകനുമായ അദ്ദേഹം ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന വിജ്ഞാന വിരുന്നുകളാണവയില് പ്രധാനം.
അല്‍അസ്ഹര്‍ മസ്ജിദിനടുത്തുള്ള അല്‍ഹുസൈനി സ്ക്വയറിലാണ് ഇവയില്‍ ഏറ്റം പ്രൗഢമായവ സംഘടിപ്പിക്കാറുള്ളത്. പ്രവാചക തിരുമേനിയുടെ പൗത്രന് ഹുസൈന് കര്‍ബലയില്‍ രക്തസാക്ഷ്യം വഹിച്ച ശേഷം അദ്ദേഹത്തിന്റെ ശിരസ്സ് ഇവിടെ എത്തിച്ച് മറവ് ചെയ്യപ്പെടുകയും ഇതിനോട് ചേര്‍ന്നുള്ള മസ്ജിദും അങ്കണവും അല്‍ഹുസൈനി എന്ന പേരിലറിയപ്പെടുകയും ചെയ്തു. വലിയ സന്ദര്‍ശക തിരക്കുള്ള തീര്‍ത്ഥാടന കേന്ദ്രം കൂടിയാണിത്.
സൈദ സൈനബ്, ഇമാം ശാഫിഈ, സൈദ ആഇശ, ജാമിഉ അംറ്, സൈദ റുഖയ്യ തുടങ്ങിയ കേന്ദ്രങ്ങളിലും ഇതുപോലുള്ള വിജ്ഞാന വിരുന്നുകള്‍ സംഘടിപ്പിക്കപ്പെടും. വിവിധ മന്ത്രാലയ മേധാവികള്‍, അസ്ഹറുള്പ്പെടെയുള്ള വ്യത്യസ്ത സര്‍വകലാശാലകളിലെ പ്രൊഫസര്‍മാര്‍, പണ്ഡിതന്മാര്, ഗ്രന്ഥകാരന്മാര് തുടങ്ങിയ ഉന്നത പദവികളിലുള്ള പണ്ഡിതശ്രേഷ്ഠന്മാരാണ് ഇത്തരം പരിപാടികളില്‍ പ്രഭാഷണത്തിനെത്തുക. വന്‍തോതിലുള്ള ബഹുജന പങ്കാളിത്തവും ഇവയിലുണ്ടായിരിക്കും.

ദിനപത്രങ്ങള്‍, വാരികകള്‍, മാസികകള്‍ മറ്റു ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ എന്നിവയൊക്കെ പുണ്യമാസത്തെ സ്വാഗതം ചെയ്യുന്നതിലും ആഘോഷിക്കുന്നതിലും ആദരിക്കുന്നതിലും പങ്കുചേരും. റമദാനെയും ആത്മശുദ്ധീകരണത്തെയും ഇസ്ലാമിക പാരമ്പര്യത്തെയും സംബന്ധിച്ചുള്ള വ്യത്യസ്ത പഠനങ്ങളും ഫീച്ചറുകളും ക്വിസ്സുകളും പ്രത്യേക പ്രോഗ്രാമുകളുമായി അവ മത്സരിക്കും. മസ്ജിദുകളോട് അനുബന്ധിച്ചും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഈജിപ്തുകാര്‍ ശുഷ്കാന്തി കാണിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പാരായണം, ഇഅ്തികാഫ് (മസ്ജിദില്‍ ഭജനമിരിക്കല്‍), തറാവീഹ് നമസ്കാരം, മതപഠന ക്ലാസുകള്‍ തുടങ്ങി പലതും പലയിടത്തും കാണാം.
കുട്ടികളെ നോമ്പു പരിശീലിപ്പിക്കുന്നതിനും നൈലിന്റ നാട്ടില്‍ പ്രത്യേക പരിഗണനയുണ്ട്. ഉമ്മമാരും ഉമ്മൂമമാരുമാണ് ഇതില്‍ ജാഗ്രത പുലര്‍ത്തുക. ഗ്രീഷ്മ കാലത്ത് വരുന്ന റമദാന് പകലുകള്‍ 15-16 മണിക്കൂര്‍ വരെ നീളും. ആ സമയത്തുപോലും നോമ്പു ശീലിക്കുന്ന കൊച്ചുകുട്ടികളെ കാണാം. സംഘടിത നമസ്കാരങ്ങള്ക്കായി കൊച്ചുകുട്ടികളെ കൈപിടിച്ചു കൊണ്ടുവരുന്ന രക്ഷാകര്‍ത്താക്കളും സുലഭമായിരിക്കും.
എട്ടുശതമാനം കോപ്റ്റിക്ക് ക്രിസ്ത്യാനികളും ഈജിപ്തിലുണ്ട്. ഇവര്‍ പൂര്‍ണമായും മുസ്ലിംകളോട് ഇണങ്ങി ജീവിക്കുന്നു. റമദാന്റെ പകലുകളില്‍ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കാനോ പരസ്യമായി അന്ന പാനാദികള്‍ കഴിക്കാനോ അവര്‍ സന്നദ്ധരാകില്ല. അവരുടെ കര്‍ദിനാള്‍ അലക്സ്രാന്ഡ്രിയയിലാണ്. അറബിതന്നെയാണ് അവരുടെയും ഭാഷ. ദിവംഗതനായ മുന്‍ അലക്സാന്‍ഡ്രിയന്‍ കര്‍ദിനാള്‍ ബാബാശനൂദയുടെ സുന്ദരമായ അറബി പ്രസംഗം ഈജിപ്ഷ്യന്‍ സന്ദര്‍ശന വേളയില്‍ നേരില്‍ കേള്‍ക്കാന്‍ എനിക്കവസരമുണ്ടായിട്ടുണ്ട്.
കേരളത്തിലേതുപോലെ റമദാന് 27-ാമത്തെ രാത്രിക്ക് ഈജിപ്തിലും വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നു. ആയിരം മാസത്തിന്റെ പവിത്രതയും സ്ഥാനവുമുള്ള നിര്‍ണായക രാത്രി (ലൈലത്തുല്‍ ഖദ്ര്) അന്നാണെന്നാണല്ലോ പൊതുവിശ്വാസം. വഖ്ഫ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലും അല്ലാതെയും ഈ പുണ്യനിശീഥിനിയില് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു.

നോമ്പുതുറയുടെയും അത്താഴത്തിന്റെയുമൊക്കെ ഈജിപ്ഷ്യന്‍ ചിത്രങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ്. വടക്കെ ഇന്ത്യക്കാര്‍ക്ക് ഉരുളന്‍കിഴങ്ങ് എന്നപോലെ ഈജിപ്തുകാര്‍ക്ക് ഏറെ പ്രിയംകരമായ ഒരു വിഭവമാണ് ഫൂല് എന്നു വിളിക്കുന്ന അമരപ്പയര്‍. ഫൂലിനോടുള്ള ഭ്രമം പരസ്പരം കണ്ടുമുട്ടുമ്പോഴുള്ള അഭിവാദനത്തില്‍ വരെ കടന്നുകയറിയിരിക്കുന്നു. 'സ്വബാഹല് ഫൂല്' (ഫൂലിന്റെ പ്രഭാതം) എന്നാണ് പലപ്പോഴും അഭിവാദന വാക്കായി ഉപയോഗിക്കുന്നത്. ഈ അമരപ്പയറിന്റെ വിഭവങ്ങള്‍ ഇഫ്താറിലും അത്താഴത്തിലും മറ്റുമൊക്കെ സ്ഥലം പിടിക്കും. നോമ്പുതുറ ഭക്ഷണത്തിനു മാംസ വിഭവങ്ങളും ഉണ്ടായിരിക്കും.
ഏറെ ജനകീയമായ മറ്റൊരു വിഭവമാണ് കുശരി. അരിയോടൊപ്പം ചെറുപയര്‍, തിന, പരിപ്പ് തുടങ്ങിയ ധാന്യങ്ങള്‍ ചേര്‍ത്ത് പാകംചെയ്യുന്നതാണിത്. സാധാരണക്കാരുടെ ഒരു പ്രധാന ഭക്ഷണമാണ് കുശരി. ഉള്ളുപൊള്ളയായി വീര്ത്തുനില്ക്കുന്ന ഒരു പ്രത്യേക റൊട്ടിയും വിവിധ തരം പഴവര്‍ഗങ്ങളും ക്ഷീരോത്പന്നങ്ങളും നോമ്പുതുറക്ക് അകമ്പടി സേവിക്കുന്നു. യൂസുഫി എന്ന പേരില്‍ കൗതുകകരമായ ഒരു മധുര നാരങ്ങ ഈജിപ്ഷ്യന്‍ മാര്‍ക്കറ്റുകളിലും തീന്മേശകളിലും സുലഭമായിരിക്കും. ഏറെക്കുറെ വലിയൊരു ചെരുനാരങ്ങയുടെ വലിപ്പമുള്ള യൂസുഫി നല്ല മധുരമുള്ളതും ഏവര്‍ക്കും പ്രിയങ്കരവുമാണ്. യൂറോപ്പില്‍ നിന്ന് ആദ്യമായി ഈജിപ്തിലേക്ക് കൊണ്ടുവന്ന വ്യക്തിയുടെ പേരിലാണ് ഇതറിയപ്പെടുന്നത്.
റമദാന് സ്ഥിരീകരണം വരും മുമ്പേ പലേടത്തും പുതിയ കൂടാരങ്ങളും തുണിപ്പന്തലുകളും പ്രത്യക്ഷപ്പെടുന്നത് കാണാം-മാഇദത്തുര്റഹ്മാന്. കരുണാമയനായ നാഥന്റെ പേരിലുള്ള ഭക്ഷണത്തളിക എന്നാണര്‍ത്ഥം. മസ്ജിദുകളോടും സമ്പന്ന ഗൃഹങ്ങളോടും ചേര്‍ന്നും പൊതു സ്ഥലങ്ങളിലും ഇവ പ്രത്യക്ഷപ്പെടുന്നു. ആളുകള്‍ക്ക് വിഭവസമൃദ്ധമായ സൗജന്യ നോമ്പുതുറക്കായി സജ്ജീകരിക്കപ്പെടുന്ന സ്ഥലങ്ങളാണിവ. ആര്‍ക്കും ഇവിടങ്ങളിലെത്തി വയറുനിറയെ ആഹരിച്ചുമടങ്ങാം. സാര്‍വത്രികമായ ഈ 'മാഇദ'കള്‍ പരസ്സഹസ്രമാളുകള്ക്ക് ആഹ്ലാദദായകമായ അഭയകേന്ദ്രങ്ങളായിത്തീരുന്നു. സമ്പന്നരില്‍ നിന്നുള്ള വിഹിതങ്ങളാണിവയെ അണിയിച്ചൊരുക്കുന്നത്.
വീടുകളില്‍ ഭക്ഷണമുണ്ടാക്കി അവയുമായി പാര്‍ക്കുകളിലേക്കും തുറന്ന സ്ഥലങ്ങളിലേക്കും പോയി കുടുംബാംഗങ്ങളൊന്നായി കൂട്ടമായി ആഹരിക്കുകയും ദീര്‍ഘനേരം അവിടത്തന്നെ വെടിപറഞ്ഞിരിക്കുകയും ചെയ്യുന്ന രീതിയും ഈജിപ്തിലുണ്ട്. രണ്ടുകോടിയിലേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കെയ്റോ നഗരത്തില്‍ ഒരു മാനസികോല്ലാസത്തിന്റെ രീതികൂടിയായി ഇതവര് കാണുന്നു. പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ജനസാന്ദ്ര മേഖലകളിലും നിരവധിപേര്‍ സംഘടിത നമസ്കാരങ്ങള്‍ക്കും വിശിഷ്യ തറാവീഹിനുമെത്തും. അല്‍ അസ്ഹറില്‍ ഇരുപത് റക്അത്തായി നിര്‍വഹിക്കപ്പെടുന്ന തറാവീഹിന്ന് പ്രമുഖരാണ് നേതൃത്വം നല്‍കുക, ആയിരങ്ങളതില് പങ്കെടുക്കുകയും ചെയ്യും.

27-ാം രാവും അതിന്റെ ആഘോഷങ്ങളും കഴിയുന്നതോടെ പിന്നെ പെരുന്നാളിനെ വരവേല്‍ക്കാനുള്ള തിരക്കും ഭ്രമവുമായിരിക്കും സര്‍വത്ര. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും മറ്റും രാപ്പകല്‍ഭേദമന്യേ വന്‍ ജനത്തിരക്കായിരിക്കും. ദമ്പതിമാരും കൊച്ചുകുട്ടികളുമൊക്കെ കൂട്ടമായാണ് പലപ്പോഴും ഷോപ്പിങ്. ഫിത്റ് സകാത്ത് കൈമാറ്റവും വ്യാപകമായിതന്നെ നടക്കുന്നു. ഈജിപ്തുകാരില്‍ നല്ലൊരു പങ്കും ഹനഫി മദ്ഹബുകാരായതിനാല് നമ്മുടെ നാട്ടിലെ ധാന്യദാന രീതിക്കു പകരം പണമാണവര്‍ ഫിത്വ്റത്ത് ആയി നല്‍കുന്നത്.
സൂര്യനുദിച്ച് ഇരുപത് മിനിറ്റാകുമ്പോഴാണ് അവിടെ ചെറിയ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കുക. മറ്റു ചില അറബി രാഷ്ട്രങ്ങളിലും ഈ രീതിയുണ്ട്. ആ സമയം മുതല്‍ ളുഹ്റിനു (ഉച്ച നമസ്കാരം) മുമ്പ് എപ്പോഴും അതാകാം. രാഷ്ട്രത്തിന്റെ പ്രസിഡന്റ് പെരുന്നാള്‍ നമസ്കാരത്തിന് പങ്കെടുക്കുന്നിടത്ത് മിക്കവാറും ശൈഖുല്‍ അസ്ഹറും സന്നിഹിതനായിരിക്കും. അന്നത്തെ അസ്ഹര്‍ റെക്റ്റര്‍ ഡോ. മുഹമ്മദ് സയ്യിദ് ഥന്ഥാവിയായിരുന്നു. ഇപ്പോഴത്തെ അസ്ഹര്‍ റെക്റ്റര്‍ ഡോ. അഹ്മദ് ഥയ്യിബ് ആണ്.
കുടുംബങ്ങളെയും കൂട്ടുകാരെയും സഹപ്രവര്‍ത്തകരെയുമൊക്കെ സന്ദര്‍ശിക്കുകയും മധുര പലഹാരങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, പാരിതോഷികങ്ങള്‍ മുതലായവ കൈമാറുകയും ചെയ്യുക എന്നത് ഈജിപ്ഷ്യന്‍ ഈദാഘോഷത്തിന്റെ അതിവിശിഷ്ടവും മാതൃകായോഗ്യവുമായ ചിത്രമാണ്. തലമുറകള്‍ക്കിടയില്‍ സൗഹൃദം രൂഢമൂലമാക്കാന്‍ ഈ ഇസ്ലാമിക രീതിയും പ്രവാചകീയാധ്യാപനവും വഴിതെളിക്കുന്നു.
(ആഗോള മത പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലറുമാണ് ലേഖകന്‍)