‘കാലംതന്നെ സത്യം. തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽത്തന്നെ; വിശ്വസിക്കുകയും സത്കർമങ്ങൾ പ്രവർത്തിക്കുകയും സത്യം കൈക്കൊള്ളാൻ പരസ്പരം ഉപദേശിക്കുകയും ക്ഷമകൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ’ (ഖുർആൻ അധ്യായം 103)

മനുഷ്യൻ മറ്റു ജീവികളിൽനിന്ന് വേറിട്ടുനിൽക്കുന്നത്   മഹത്സേവനങ്ങളുടെ കാര്യത്തിലാണ്. കാലഘട്ടങ്ങളെ അതിജീവിച്ച, മഹത്പ്രവർത്തനങ്ങൾ ചെയ്ത് മരണമടഞ്ഞ പ്രതിഭകളെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ആയുഷ്കാലം തിന്നും കുടിച്ചും സുഖിച്ചും കഴിച്ചുകൂട്ടി, സമൂഹത്തിനും നാടിനും നഷ്ടങ്ങൾ മാത്രം വരുത്തിവെച്ച് കാലഗതിയടഞ്ഞ എത്രയെത്ര മനുഷ്യർ കഴിഞ്ഞുപോയി. അവർ ജീവിതത്തെ നഷ്ടപ്പെടുത്തിയവരാണ്.

ആരോഗ്യവും സമ്പത്തും സ്ഥാനമാനങ്ങളും സമ്പാദിച്ച് മനുഷ്യസമൂഹത്തിന് ഒരുപകാരവും ചെയ്യാത്തവർ താത്കാലികസുഖമനുഭവിച്ചു എന്നല്ലാതെ യഥാർഥത്തിൽ നഷ്ടക്കാരാണ്. ഭൗതികജീവിതം എല്ലാംകൊണ്ടും ധന്യമാക്കുകയും ഇതിനെല്ലാം വഴിയൊരുക്കിയ സ്രഷ്ടാവിനെ മറന്ന് ജീവിക്കുകയും ചെയ്തവരും പരലോകജീവിതത്തിൽ നഷ്ടക്കാരാണ്. ഇഹപര വിജയത്തിനു വേണ്ടിയായിരിക്കണം മനുഷ്യൻ ജീവിക്കേണ്ടത്.

വിജയകരമായ ജീവിതം നേടാൻ നാലുകാര്യങ്ങൾ അല്ലാഹു മനുഷ്യനോട് കല്പിക്കുന്നു.
ഒന്ന്, സത്യവിശ്വാസം. ഈ ലോകത്തെ സൃഷ്ടിച്ച്, സംവിധാനിച്ച് നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹു ആരവഗണിച്ചാലും നിഷേധിച്ചാലും ഒരു പരമസത്യമാണ്. അവന്റെ ഹിതമനുസരിച്ചല്ലാതെ ഇവിടെയൊന്നും സംഭവിക്കുകയില്ല. അവൻ എല്ലാം അറിയുന്നു, കാണുന്നു, കേൾക്കുന്നു.

അവനിൽനിന്നുള്ള കരുണയും രക്ഷയും ലഭിക്കാൻ അവന് കീഴ്വണങ്ങി ജീവിക്കുകയേ നിവൃത്തിയുള്ളൂ. എല്ലാവിധ ശുപാർശകൾക്കും ദുഃസ്വാധീനങ്ങൾക്കും അതീതനാണവൻ. ഇതുൾക്കൊണ്ട വ്യക്തിക്ക് പരമരഹസ്യമായിപ്പോലും തെറ്റുചെയ്യാൻ കഴിയില്ല. 
രണ്ട്, സത്കർമങ്ങൾ അനുഷ്ഠിക്കുക. അല്ലാഹുവിലുള്ള വിശ്വാസം ഉൾക്കൊണ്ട വ്യക്തിയിൽ അനുസരണശീലം വളർന്നുവരും. തന്റെ സ്രഷ്ടാവിന്റെ കല്പനകളനുസരിച്ച് മുറപോലെ അയാൾ ജീവിക്കും, ആരാധനാ കർമങ്ങൾ അവൻ പഠിപ്പിച്ചതുപോലെ നിർവഹിക്കും.

സത്കർമങ്ങൾ ചെയ്യുക എന്നാൽ, നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ കുറേ ആരാധനാ കർമങ്ങളിൽ മുഴുകുക എന്നു മാത്രമല്ല വിവക്ഷിക്കുന്നത്. ഒരു സത്യവിശ്വാസിയായ ഉദ്യോഗസ്ഥൻ, അധ്യാപകൻ, വ്യാപാരി, തൊഴിലാളി, ഭരണാധികാരി, ഭിഷഗ്വരൻ, വിദഗ്ധൻ ഇവരെല്ലാം അവരവരുടെ കർമങ്ങളിൽ കൃത്യമായ ഉത്തരവാദിത്വബോധവും സത്യസന്ധതയും ഭക്തിയും പാലിക്കണമെന്നുകൂടിയുണ്ട്. 
മൂന്ന്, സത്യം ഉപദേശിക്കുക.  

ഏതുകാര്യത്തിലും ശരി ഏതാണോ അത് തുറന്നുപറയേണ്ട സ്ഥലത്ത് പറയാൻ മനുഷ്യർ തയ്യാറാകണം. മതകാര്യത്തിൽ അല്ലാഹുവും റസൂലും പഠിപ്പിച്ചതെന്തോ അതാണ് ശരി. അവിടെ നാട്ടുനടപ്പിനോ ഭൂരിപക്ഷത്തിനോ താത്പര്യങ്ങൾക്കോ ഒരു പങ്കുമില്ല. പൊതുകാര്യങ്ങളിലും ആത്യന്തികമായി മതധർമങ്ങൾ തന്നെയായിരിക്കും സത്യമായിട്ടുള്ളത്. മനുഷ്യനന്മയ്ക്ക് വിരുദ്ധമായിട്ടുള്ളതെല്ലാം അല്ലാഹു നിരോധിച്ചിട്ടുണ്ട്. 
നാല്, ക്ഷമകൊണ്ട് ഉപദേശിക്കുക.  

ദുരന്തങ്ങളുണ്ടാകുമ്പോൾ ദുഃഖിക്കാതിരിക്കുക മാത്രമല്ല കടമ. മറിച്ച് കൂലംകുത്തിവരുന്ന തിന്മകൾക്കുമുമ്പിൽ വിശ്വാസത്തിന്റെയും ധർമനിഷ്ഠയുടെയും കരുത്തിൽ അതിജീവിക്കാൻ മനുഷ്യനു കഴിയണം. അതും ക്ഷമതന്നെയാണ്