തിരൂരങ്ങാടി: ഖുർആൻ അച്ചടിയിൽ ഏറെ പെരുമയുള്ള നാടാണ് തിരൂരങ്ങാടി. 1883-ൽ ചാലിലകത്ത് അഹമ്മദ് സാഹിബ് സ്ഥാപിച്ച ആമിറുൽ ഇസ്‌ലാം ഫീമ്ദിനുൽ ഉലൂം എന്ന അച്ചടിശാലയാണ് ഈ പെരുമയുണ്ടാക്കിയത്.
ലിതോ ഹാൻഡ്പ്രസ്സായിരുന്നു അന്നുണ്ടായിരുന്നത്.

വിശുദ്ധ ഖുർആൻ അടക്കമുള്ള പല ഇസ്‌ലാമിക മതഗ്രന്ഥങ്ങളും അച്ചടിച്ചിരുന്നത് ഇവിടെനിന്നായിരുന്നു.ഫത്തുഹുൽ മുഈൻ, ഇർഷാദ്, മുർശിദ്, അൽഫിയ, ജലാലൈനി തുടങ്ങിയ അറബിഗ്രന്ഥങ്ങൾ അച്ചടിച്ചിരുന്നതും ഇവിടെനിന്നാണ്. കേരളത്തിലെ ദർസുകളിലെ പഠനത്തിനായുള്ള ഗ്രന്ഥങ്ങൾ, മാസികകൾ, ഇസ്‌ലാമിക കർമശാസ്ത്രഗ്രന്ഥങ്ങൾ, ഹദീസ് ഗ്രന്ഥങ്ങൾ, മാലമൗലീദുകൾ, ഏടുകൾ, ഖിസ്സപ്പാട്ടുകൾ തുടങ്ങി ഇസ്‌ലാംമത വിശ്വാസികൾ ഉപയോഗിക്കുന്ന ഗ്രന്ഥങ്ങൾ ഇന്നും അച്ചടിക്കുന്നത് തിരൂരങ്ങാടിയിൽനിന്നാണ്.

സ്ഥാപകനായ ചാലിലകത്ത് അഹമ്മദ് സാഹിബിന്റെ മരണത്തിനുശേഷം മകൻ ചാലിലകത്ത് ഇബ്രാഹിം കുട്ടിയാണ് അൻപതുവർഷം പ്രസ്സ് നടത്തിയിരുന്നത്. തിരൂരങ്ങാടിയിൽ വൈദ്യുതിയെത്തിയപ്പോൾ അന്ന് പ്രസ്സ് നടത്തിയിരുന്ന സി.എച്ച്. മുഹമ്മദ് മാസ്റ്റർ കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന പ്രസ്സിന് പകരം ലിതോ പവർപ്രസ്സ് സ്ഥാപിച്ചു.പിൽക്കാലങ്ങളിൽ ആധുനികരീതിയിലുള്ള സംവിധാനങ്ങളെല്ലാം പ്രസ്സിൽ സ്ഥാപിച്ചു.

1957-ൽ ലക്ഷദ്വീപിലെ മഹൽഭാഷയിൽ ഖുർആൻ പരിഭാഷ ആദ്യമായി അച്ചടിച്ചതും തിരൂരങ്ങാടിയിലാണ്. കേരളത്തിനുപുറമെ കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, ലക്ഷദ്വീപ്, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരൂരങ്ങാടിയിൽനിന്ന് നൂറുകണക്കിന് ഖുർആൻ പ്രതികൾ അച്ചടിച്ചയയ്ക്കുന്നുണ്ട്.

മലബാർ ലിപിയായിരുന്നു ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നതെങ്കിലും ഉസ്‌മാനിയ്യ ലിപിയാണ് ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നത്. പോക്കറ്റ്സൈസ് വലിപ്പത്തിലുള്ള ഖുർആൻ മുതൽ പതിനാറോളം വ്യത്യസ്ത തരത്തിലുള്ള ഖുർആൻ ഇവിടെ അച്ചടിക്കുന്നുണ്ട്.സി.എച്ച്. ഇബ്രാഹിം ഹാജിയുടെ മരണശേഷം മക്കളായ സി.എച്ച്്. മഹ്‌മൂദ്‌ഹാജി, സി.എച്ച്. അയ്യൂബ്, സി.എച്ച്. ഷംസു എന്നിവരാണ് സി.എച്ച്. മുഹമ്മദ് ആൻഡ് സൺസ് എന്ന ഈ സ്ഥാപനം ഇപ്പോൾ നടത്തുന്നത്.