പകൽ രാത്രിയിലേക്ക് വഴിമാറിത്തുടങ്ങിയപ്പോേഴക്കും മിശ്കാൽപള്ളിക്കു മുന്നിലുള്ള ചിറയിൽ ഭക്തിയുടെ അലകളുയർന്നു. രാത്രിനമസ്കാരത്തിനുള്ള ബാങ്കുവിളി മുഴങ്ങിയതോടെ പള്ളിയിലേക്കുള്ള വഴികളിൽ വിശ്വാസത്തിന്റെ പ്രകാശം നിറഞ്ഞു. കുറ്റിച്ചിറയ്ക്കു ചുറ്റുമിരിക്കുന്ന സൊറക്കൂട്ടങ്ങൾ പള്ളികളിലേക്ക് നീങ്ങി.  അകത്തളങ്ങളിൽനിന്ന് തറാവീഹിന്റെ (രാത്രിനമസ്കാരം) മന്ത്രധ്വനികൾ. ഏകദൈവത്തിനുമുന്നിൽ ശിരസ്സുനമിച്ച് അവർ വിശുദ്ധരാവിന്റെ പുണ്യങ്ങളിലേക്ക് അലിഞ്ഞുചേർന്നു.

പ്രാർഥനകഴിഞ്ഞതോടെ കുറ്റിച്ചിറയുടെ ഓരം വീണ്ടും നിറഞ്ഞു. പ്രായവ്യത്യാസങ്ങൾക്കനുസരിച്ച് ഓരോരുത്തർക്കായി ഓരോ മൂലകൾ. കുറ്റംപറച്ചിലുകളില്ലാത്ത സൊറക്കൂട്ടത്തിലേക്ക് നോന്പുതുറയുടെ വിശേഷങ്ങളും ഇറച്ചിപ്പത്തിരിയുടെ എരിവുമൊക്കെ വിഷയമായി വന്നു. ഇടയ്ക്കൊന്ന് മഴപെയ്തപ്പോൾ ആൾത്തിരക്ക് കുറഞ്ഞെങ്കിലും രാത്രി ഏറെക്കഴിഞ്ഞും സൊറക്കൂട്ടം ഒഴിഞ്ഞുപോയില്ല. രാത്രിയിലെ പ്രാർഥന കഴിഞ്ഞതോടെ കോതിപ്പാലത്തിലെ പാൽക്കാവാത്തെരുവുകൾ മധുരം പകർന്നുതുടങ്ങിയിരുന്നു. പാലത്തിനു സമീപത്തെ തട്ടുകടയിൽ നിന്നൊരാൾ പിടയ്ക്കുന്ന ഞണ്ടിനെ നിർത്തിപ്പൊരിച്ചു. തൊട്ടപ്പുറത്ത് ഊഴംകാത്ത് ‘ഒരുമുഴുമൻ കോഴി’ തൂങ്ങിക്കിടന്നു.

നോമ്പുതുറയും  രാത്രി നമസ്കാരവും കഴിഞ്ഞ് കുടുംബമൊത്ത് കടൽക്കാറ്റുകൊള്ളാൻ കാത്തുനിൽക്കുന്നവരുടെ കൂട്ടം കോതിയുടെയും മുഖദാറിന്റെയും തീരങ്ങളിൽ നിറഞ്ഞു. കോതിപ്പാലത്തിനുസമീപത്തേക്ക് കടലിലേക്ക് കണ്ണുംനട്ടിരിക്കുന്നവരുടെ ഇടയിലേക്ക് പാൽക്കാവ, കട്ടൻകാവ വിളികൾ അലച്ചെത്തിക്കൊണ്ടിരുന്നു. ഫ്രീക്കൻമാർ   ഞണ്ടുനിർത്തിപ്പൊരിച്ചതും കാടതൂങ്ങിക്കിടന്നതും  ആസ്വദിക്കുമ്പോൾ കുടുംബങ്ങളായെത്തിയവർ പാൽക്കാവ നുകർന്നു. നോമ്പുതുറസമയമായപ്പോഴേക്കും കടപ്പുറം കാലിയായിത്തുടങ്ങിയിരുന്നു. രാത്രി ഒൻപതു കഴിഞ്ഞാണ് ആവേശക്കാഴ്ചകളിലേക്ക്  തിരിച്ചെത്തിയത്.

കടപ്പുറത്തെ ശില്പങ്ങളുടെ ചുവടെയും പാർക്കിലും ഓടിക്കളിക്കുന്ന കുട്ടികൾ. കടലയും ബീറ്റ്‌റൂട്ടും റോസ്‌മിൽക്കും നിറഞ്ഞ ഗ്ലാസ്സുകളിലേക്ക് ഐസ്ചീളുകൾ വീഴുമ്പോഴേക്കും അടുത്തുകൂടുന്ന ആൾക്കൂട്ടം. ഉപ്പിലിട്ടതും  പൈനാപ്പിളും മാമ്പഴവും  കീറിവെച്ചതും രുചിച്ച് അടുത്ത വിഭവം തേടിപ്പോകുന്നവർ. സെൽഫിയെടുത്തും ഐസ്‌ഫ്രൂട്ട് നുകർന്നും ഒരുകൂട്ടം രാത്രി രുചിക്കുമ്പോൾ അപ്പുറത്ത് ബീച്ചാസ്പത്രിക്ക് സമീപത്തെ വൈഫൈ ഹോട്ട്‌സ്പോട്ടിൽ മുങ്ങിയിറങ്ങി ചെറുപ്പക്കാർ. കോഴിക്കോട് ബീച്ചിലെത്തുന്നവർക്ക് പൈനാപ്പിളും മാങ്ങയും തണ്ണിമത്തനും  ഐസ്‌ക്രീമുൾപ്പെടെ പതിനാറുതരം വിഭവങ്ങളുമായി ഫുഡ്‌കോർട്ടുകൾ  കൽബാണ് ഫാത്തിമയുടെ രുചിവിളമ്പി.

ലയൺസ്‌ പാർക്കിലെ ഫുഡ്‌ കോർട്ടുകളിൽ നോമ്പുതുറസമയത്തുണ്ടായ തിരക്ക് തിരിച്ചെത്തിത്തുടങ്ങി. ആവിപറക്കുന്ന പുട്ടുകൾ കുറ്റികളിൽനിന്ന് ഇറങ്ങി ടേബിളുകളിലേക്ക് ഓടുമ്പോൾ അപ്പുറത്ത് പലനിറങ്ങളിൽ കാടയും മീൻതൂക്കിയിട്ടതും ഞെണ്ടുണ്ടയും മൊരിഞ്ഞുതുടങ്ങിയിരുന്നു. ആദാമിന്റെ കടയിലെത്തിയപ്പോൾ ഒരുപൊട്ടിത്തെറിച്ച ചിക്കൻ ആൾക്കൂട്ടത്തിനിടയിലൂടെ ചീറിപ്പാഞ്ഞുപോയി. തീരദേശത്തായിരുന്നു റംസാൻ രാവ് ഉറങ്ങാതെ കാത്തിരുന്നത്. രാത്രിപന്ത്രണ്ടുകഴിഞ്ഞും ഫുഡ്‌കോർട്ടുകളിലെ തിരക്കൊഴിഞ്ഞില്ല. ലയൺസ് പാർക്കുമുതൽ കോതിക്കടപ്പുറംവരെ കോഴിക്കോടൻ രുചിയുടെ അദ്‌ഭുതങ്ങൾകണ്ട് റംസാൻ രാവ് കൊതിച്ചുനിന്നുപോയി.

റംസാനായതോടെ പാളയത്തിന്റെ വീർപ്പുമുട്ടൽ ഒഴിഞ്ഞെങ്കിലും  ആപ്പിളും മുന്തിരിക്കൂടുമായി പഴങ്ങളുടെ മുഹബ്ബത്തുകാർ  റോഡുകീഴടക്കി. മാവൂർറോഡിലെത്തിയപ്പോഴേക്കും പലഭാഗങ്ങളിലേക്ക് ജില്ലയുടെ അതിർത്തിയുംവിട്ട്  നഗരം വഴിപിരിഞ്ഞുപോവുന്ന കാഴ്ചയായിരുന്നു. കെ.എസ്.ആർ.ടി.സി. ബസ്‌ സ്റ്റാൻഡിന്റെ പരിസരത്തും  ആവേശം തീർത്തത് കോഴിക്കോടിന്റെ ദംബിരിയാണിയും മുഹബ്ബത്തുള്ള സുലൈമാനിയും തന്നെ.