റംസാന്‍ ചന്ദ്രിക ആകാശത്ത് മിന്നിതുടങ്ങിയതോടെ ചരിത്രമുറങ്ങുന്ന നാദാപുരം പള്ളിയും പരിസരപ്രദേശവും തിരക്കിലായിരിക്കുകയാണ്. നോമ്പുകാലത്ത് ദൂര ദേശത്ത് നിന്നുമെത്തുന്നവരെ പോലും സ്വീകരിച്ചിരുത്തി ആവശ്യങ്ങള്‍ കേട്ടറിഞ്ഞ് വിശ്വാസത്തിന്റെയും അതുപോലെ കാരുണ്യത്തിന്റെയും പാതകാണിക്കുന്ന ചിരപുരാതനമായൊരു ആരാധനാലയം. എത്തുന്നവര്‍ക്കെല്ലാം അതിശയങ്ങള്‍ മാത്രം കാണിച്ച് നല്‍കുന്ന ഇവിടം ചരിത്രങ്ങളില്‍ ഇടം പിടിച്ച് ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നത് ഇവിടെയുള്ള വിശ്വാസികളുടെയും നാട്ടുകാരുടെയും കരുതല്‍ ഒന്നുകൊണ്ട് മാത്രമാണ്. നാദാപുരം എന്ന് കേള്‍ക്കുമ്പോള്‍ സംഘര്‍ഷങ്ങളുടെയും സ്‌ഫോടനങ്ങളുടെയും നാടെന്ന് ആദ്യവാചകം പറയുന്ന പുറം നാട്ടുകാര്‍ക്ക് സ്‌നേഹത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും ഒരു പാഠം കൂടി ഈ ആരാധനാലയം കാണിച്ചു നല്‍കുന്നുണ്ട്.
 
mosque 3
ചിത്രം:ശ്രീജിത്ത് പി രാജ്‌
ഒരു മാപ്പിളപ്പാട്ടിലൂടെ മാലോകര്‍ വാഴ്ത്തിയ നാദാപുരം പള്ളിയിലെ ചന്ദനക്കുട വിശേഷം തേടിയാണ് ഈ റംസാന്‍ കാലത്ത് വെറുതെയൊന്ന് അന്വേഷിച്ച് പോയത്. പക്ഷെ  ചന്ദനക്കുടവുമായി നാദാപുരം പള്ളിക്ക്  ബന്ധമൊന്നുമില്ലെങ്കിലും മറ്റ് അത്ഭുതങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. റാംസാന്‍ എത്തിയതോടെ രാവിലെ മുതല്‍ തുടങ്ങുന്ന വിശ്വാസികളുടെ ഒഴുക്ക്‌ കാരുണ്യം തേടിയെത്തുന്ന അന്യ മതസ്ഥരെ പോലും ഇരു കൈയും നീട്ടി സഹായിക്കുന്ന വിശ്വാസികള്‍, മരങ്ങളിലും കല്ലിലും കൊത്തിവെച്ച ദൈവ വചനങ്ങള്‍ അതിനപ്പുറം കേരളത്തില്‍ മറ്റെവിടെയും കാണാന്‍ കഴിയാത്ത രീതിയിലുള്ള രൂപ ഭാവങ്ങളിലുള്ള അതി പുരാതനമായൊരു ആരാധനാലയം. ഇങ്ങനെ കാഴ്ചയിലും അനുഭവത്തിലും വ്യത്യസ്തത തീര്‍ക്കുകയാണ് ഇവിടം. ഏകദേശം 135-വര്‍ഷത്തെ പാരമ്പര്യമാണ് പള്ളിക്ക് പറയാനുള്ളതെങ്കിലും ഇതിന് എഴുതപ്പെട്ട രേഖകളൊന്നുമില്ലെന്ന്‌ മുപ്പത് വര്‍ഷത്തിലേറെയായുള്ള ഇവിടത്തെ വലിയ ഖാസി അഹമ്മദ് മൗലവി പറയുന്നു. 
 
Mosque 2
ചിത്രം:ശ്രീജിത്ത് പി രാജ്‌
പഴയകാലത്തെ കല്ലാശാരിമാരും മര ആശാരിമാരും കല്ലിലും മരത്തിലും തീര്‍ത്ത കരവിരുതുകളും ശേഷിപ്പുകളും നഷ്ടപ്പെടാതെ ഇന്നും കാത്ത് സൂക്ഷിച്ചിരിക്കുന്ന ഇവിടം ആരെയും വിസ്മയിപ്പിക്കുന്നതാണ്. നാലാളുയരമുള്ള കൂറ്റന്‍ കരിങ്കല്ലില്‍ തീര്‍ത്ത തൂണുകള്‍, ഏറെ കനത്തില്‍ പണിത മര സാമഗ്രികള്‍, ഏത് സ്‌ട്രോങ്ങ് റൂമിനെയും വെല്ലുന്ന ഖജനാപ്പെട്ടിയുമൊക്കെ കാലമിത്രയായിട്ടും ഇന്നും ഇവിടെ സുരക്ഷിതമായിട്ടുണ്ട്. 22 വര്‍ഷക്കാലം കൊണ്ടാണ് ഈ പള്ളിയുടെ പണി പൂര്‍ത്തീകരിച്ചെതെന്നാണ്‌ പറയപ്പെടുന്നത്. റംസാന്‍ കാലത്ത് വെള്ളിയാഴ്ച ഖുതുബ പ്രഭാഷണത്തിനു ശേഷം നടക്കുന്ന പാവപ്പെട്ടവര്‍ക്കുള്ള സഹായ പിരിവാണ് ഇവിടെയുള്ള വിശ്വാസികളുടെ യഥാര്‍ത്ഥ  മനഷ്യത്വത്തിന്റെ തെളിവ്. ഇതിന് മുസല്‍മാനെന്നോ, ഹിന്ദുവെന്നോ, ക്രിസ്ത്യാനിയെന്നോ നോട്ടമില്ല. റംസാന്‍ മാസത്തെ രണ്ടാമത്തെ വെള്ളിയാഴ്ച മാത്രം 1.25 ലക്ഷം രൂപയാണ് ഒരു വിശ്വാസിക്ക് വേണ്ടി ഇവിടത്തുകാര്‍ പിരിച്ച് നല്‍കിയത്.   
ആരാണെന്നോ എപ്പോഴാണെന്നോ ഈ പള്ളി പണിയിച്ചതെന്ന് കൃത്യമായ വിവരമില്ലെങ്കിലും പണ്ട് മലബാറില്‍ കുടിയേറി പാര്‍ക്കാനെത്തിയ വ്യാപാരികള്‍ക്കൊപ്പം എത്തിച്ചേര്‍ന്ന മുഹമ്മദ് എന്നൊരാളാണ് പള്ളി പണിക്ക് നേതൃത്വം നല്‍കിയതെന്ന് ഇവിടത്തുകാര്‍ പറയുന്നു. പൂച്ചാക്കോല്‍ ഓറ് എന്ന് പഴമക്കാര്‍ വിളിച്ചിരുന്ന ഇദ്ദേഹം താമസിച്ചുവെന്ന് വിശ്വസിക്കുന്ന പൂച്ചാക്കോല്‍ ഗൃഹം ഇന്നും കോട്ടമൊന്നും തട്ടാതെ കാത്തുസൂക്ഷിച്ചിട്ടുണ്ട് നാദാപുരത്തുകാര്‍. ഈ പുണ്യനാളില്‍ ആരാധനാലയങ്ങലിലേക്കുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നാദാപുരം പള്ളിയിലെത്തി ഒരു റംസാന്‍ദിനം അനുഗ്രഹീതമാക്കാം.