ഇസ്ലാം കപടതയെ നിശിതമായി വിമര്ശിക്കുകയും കപടവിശ്വാസികളെ(മുനാഫികുകള്) തള്ളിപ്പറയുകയുമാണ് ചെയ്തിട്ടുള്ളത്. തിരുനബിയുടെ കാലംതൊട്ടേ ഈ വിഭാഗത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. മദീനയില് പ്രവാചകനോടും അനുചരരോടുമൊപ്പം വിശ്വാസികളായി അഭിനയിക്കുകയും പ്രവാചകന്റെ  തകര്ച്ചയ്ക്കുവേണ്ടി അധ്വാനിക്കലുമായിരുന്നു അവരുടെ പ്രധാനജോലി. സ്വാര്ഥതാത്പര്യങ്ങള്ക്കുവേണ്ടി വിശ്വാസത്തെ ബലികൊടുക്കുകയും സത്യവിശ്വാസികളെ വിഡ്ഢികളാക്കുകയും ചെയ്യുന്ന കപടവിശ്വാസികളുടെ വിശേഷണങ്ങള് ഖുര്ആന് നിരവധിയിടങ്ങളില് വിശദീകരിക്കുന്നുണ്ട്. 

 

സത്യനിഷേധികളുടെയും കപടവിശ്വാസികളുടെയും ചില ലക്ഷണങ്ങളാണ് മുകളിലെ സൂക്തത്തില്‍ പരാമര്ശിക്കുന്നത്. അനാഥക്കുട്ടികളെ ആട്ടിയകറ്റുകയും അഗതികള്ക്ക് ഭക്ഷണം നല്കാന് മറ്റുള്ളവരെ പ്രേരിപ്പിക്കാതിരിക്കുകയും ലോകമാന്യതയ്ക്കുവേണ്ടിമാത്രം അശ്രദ്ധയോടെ നമസ്‌കരിക്കുകയും അന്യര്ക്ക് ചെറിയ സഹായങ്ങള് തടഞ്ഞുവെക്കുകയും ചെയ്യുന്നവര് കപടവിശ്വാസികളാണെന്ന് സൂക്തം  അടിവരയിടുന്നു. 

അനാഥകളുടെയും അഗതികളുടെയും സംരക്ഷണസഹായങ്ങളെ കുറിച്ച് ഖുര്ആന് ശക്തമായ ഭാഷയിലാണ് മിക്കയിടങ്ങളിലും പ്രസ്താവിക്കുന്നത്. അനാഥരെ തള്ളിക്കളയുന്നതും അഗതികള്ക്ക് ഭക്ഷണം നല്കാന് താത്പര്യപ്പെടുന്നവരെ പിന്തിരിപ്പിക്കുന്നതും സത്യനിഷേധികളുടെയും കപടന്മാരുടെയും  സ്വഭാവമായി അല്ലാഹു വിവരിച്ചതില്‌നിന്നുതന്നെ അതിന്റെ ഗൗരവം ഗ്രഹിക്കാവുന്നതാണ്. 'അനാഥരെ താങ്കള് അവഹേളിക്കുകയോ ചോദിച്ചുവരുന്നവരെ വിരട്ടിയോടിക്കുകയോ ചെയ്യരുതെന്ന്' മറ്റൊരിടത്ത് അല്ലാഹു  ഉപദേശിക്കുന്നുണ്ട് (93/9,10). 

പ്രവാചകന്റെ ബന്ധുവും എന്നാല്,  കൊടിയശത്രുവുമായിരുന്ന അബൂജഹ്ലിന്റെ സംരക്ഷണത്തില് ഒരു അനാഥക്കുട്ടിയുണ്ടായിരുന്നു. ഒരിക്കല് കുട്ടി അബൂജഹ്ലിന്റെ അടുത്തുവന്ന് തന്റെ പിതൃസ്വത്തില്‌നിന്ന് അല്പം തരണമെന്നപേക്ഷിച്ചു. പക്ഷേ, അദ്ദേഹം ആ കുട്ടിയെ ശ്രദ്ധിച്ചതുപോലുമില്ല. വളരെനേരം കേണുനിന്നശേഷം കുട്ടി തിരിച്ചുപോയി. വഴിമധ്യേ ഖുറൈശികള് പ്രഹസനമെന്നോണം ആ കുട്ടിയെ ഇങ്ങനെ ഉപദേശിച്ചു:  ''നീ ചെന്ന് മുഹമ്മദിനോട് പറ. മുഹമ്മദ് അബൂജഹ്ലിനോട് ശുപാര്ശചെയ്തു  വാങ്ങിതന്നേക്കാം. അവന് നേരേ പ്രവാചകന്റെ അടുത്തുചെന്ന് പരാതി ബോധിപ്പിച്ചു. പ്രവാചകന് കുട്ടിയെയും കൂട്ടി തന്റെ ബദ്ധവൈരിയായ അബൂജഹ്ലിന്റെ അടുത്തെത്തി. കാര്യം ധരിപ്പിച്ചപ്പോള് എല്ലാം ശാന്തനായി കേട്ടുനിന്ന അബൂജഹ്ല്‍ കുട്ടിക്ക് അവന്റെ അവകാശം തിരിച്ചുനല്കി.''