ധാക്ക: ശാന്തിയുടേയും സമാധാനത്തിന്റേയും വ്രതശുദ്ധിയുടേയും നാളുകളാണ് പുണ്യറംസാന്‍ മാസത്തിലുള്ളത്. പരമകാരുണികനായ ദൈവത്തില്‍ മനസ്സര്‍പ്പിച്ച് വ്രതമനുഷ്ഠിക്കുന്ന ഈ വേള സാഹോദര്യത്തിന്റേതു കൂടിയാണെന്ന് വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് ബംഗ്ലാദേശിലെ ഒരുപറ്റം ബുദ്ധസന്യാസികള്‍. 

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ധര്‍മരാജിക എന്ന ബുദ്ധമതകേന്ദ്രത്തില്‍ സന്യാസികള്‍ ചേര്‍ന്ന് നോമ്പുതുറക്കാനുള്ള സംവിധാനമൊരുക്കിയതിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി ഇത് തുടര്‍ന്നുവരുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന ഒരു നീണ്ട നിര മഗ്‌രിബ് ബാങ്കിന് ചെവിയോര്‍ത്ത് ധര്‍മ്മരാജികയ്ക്ക് മുന്നില്‍ സ്ഥാനം പിടിക്കുന്ന കാഴ്ച പുണ്യമാസത്തില്‍ ഇവിടെ സ്ഥിരമുള്ളതാണ്. ബാങ്ക് കൊടുത്തുകഴിഞ്ഞാല്‍ പിന്നെ ഭക്ഷണം വിതരണം ചെയ്യുകയായി. വരുന്നവര്‍ക്കെല്ലാം ആവോളം ഭക്ഷണം.

Iftar Budhists

മനുഷ്യത്വമാണ് മനുഷ്യന്റെ പ്രധാന ലക്ഷ്യമെന്ന് ബുദ്ധകേന്ദ്രത്തിലെ ആചാര്യനും ഇഫ്താര്‍ പദ്ധതിയുടെ സ്ഥാപകനുമായ ശുദ്ധാനന്ദോ മൊഹാതെരോ പറഞ്ഞു. പാവപ്പെട്ട ഇസ്ലാം മതവിശ്വാസികളെ സഹായിക്കുന്നതിനുള്ള ഏറ്റവും നല്ല അവസരം റംസാനാണെന്ന് മറ്റ് സന്യാസികളും പ്രതികരിച്ചു. ഹാറൂണ്‍ മിയ എന്ന സമീപത്തെ ഒരു ഹോട്ടലുടമയാണ് ഇഫ്താര്‍ വിഭവങ്ങളൊരുക്കുന്നതിന് സഹായിക്കുന്നത്. പൊട്ടറ്റോ ചോപ്‌സ്, പേയാജു, ബെഗുനി, ഛോലാ ബൂട്ട്, ഖെജുര്‍, മുരി, ജിലേബി മുതലായവയാണ് ഇഫ്താറിലെ പ്രധാന വിഭവങ്ങള്‍. ഇവ പാക്കറ്റിലാക്കിയാണ് വിതരണം ചെയ്യുന്നത്. 

പ്രതിദിനം 300 പേര്‍ക്കെങ്കിലും നോമ്പുതുറ വിഭവങ്ങള്‍ വിതരണം ചെയ്യാറുണ്ടെന്ന് ധര്‍മ്മരാജികയിലെ രണ്ടാമത്തെ ഉയര്‍ന്ന പുരോഹിതനായ ബുദ്ധപ്രിയ മഹാതെരോ പറഞ്ഞു. 'എന്തിനാണ് ഇവിടെയൊരു സംഘര്‍ഷം? ഈ ഭൂമി എന്നത് എല്ലാവര്‍ക്കുമായാണ്. പരസ്പരം സഹായിക്കുന്നതിലൂടെ നമുക്ക് രാജ്യത്തിന്റെ യശസ്സുയര്‍ത്താനാവും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ കടപ്പാട്: ദ ഡെയ്‌ലി സ്റ്റാര്‍.