പെരിന്തല്‍മണ്ണ: മനുഷ്യര്‍തമ്മിലുള്ള സൗഹാര്‍ദത്തിന്റെ ധന്യവേളയിലേക്കാണ് മനയിലെ പരദേവതയ്ക്കുമുന്നില്‍ വിളക്കുതെളിഞ്ഞതും തൊട്ടടുത്ത ജുമാമസ്ജിദില്‍ മഗ്രിബ് ബാങ്കുവിളിയുയര്‍ന്നതും. വിശ്വാസങ്ങളെല്ലാം മനുഷ്യനന്മയിലേക്കാണെന്നതിന്റെ നേര്‍സാക്ഷ്യമാവുകയായിരുന്നു മങ്കടയ്ക്കടുത്ത വള്ളിക്കാപ്പറ്റ പൂങ്കുടില്‍ മനയിലെ വിവാഹസത്കാരം.

മാനസികരോഗചികിത്സയ്ക്ക് പ്രശസ്തമായ മനയിലെ കുട്ടിയുടെ വിവാഹം നാട്ടുകാരെ ക്ഷണിക്കാതെ നടത്താനാവില്ലായിരുന്നു മനക്കാര്‍ക്ക്. പണ്ടുമുതല്‍ക്കേ സര്‍വമതസ്ഥര്‍ക്കും മുമ്പില്‍ കൊട്ടിയടയ്ക്കാത്ത വാതിലാണ് പൂങ്കുടില്‍മനയുടെ പാരമ്പര്യം. റംസാന്‍ നോമ്പായതിനാല്‍ മുസ്ലിംസഹോദരങ്ങളുടെ സൗകര്യംകൂടി കണക്കിലെടുത്ത് ഒടുവില്‍ നോമ്പുതുറയായി വിവാഹസദ്യ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

മനയുമായി അടുപ്പമുള്ള മുസ്ലിംകുടുംബങ്ങള്‍ മാംസാഹാരങ്ങള്‍ വേണ്ടെന്നും സദ്യമതിയെന്നും പറഞ്ഞതോടെ നോമ്പുതുറ വിഭവങ്ങള്‍ക്കൊപ്പം രണ്ടുകൂട്ടം പ്രഥമനുമായി ഗംഭീരസദ്യയൊരുങ്ങി. മനയോടുചേര്‍ന്നുതന്നെ ഭക്ഷണംകഴിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കി. മനയുടെ അടുത്തുതന്നെയുള്ള ജുമാമസ്ജിദില്‍ നോമ്പുതുറന്നവര്‍ മനയിലേക്കെത്തി. ചിലര്‍ മനയില്‍ത്തന്നെ നോമ്പുതുറന്നു. നിസ്‌കാരം കഴിഞ്ഞും ആളുകള്‍ സദ്യയില്‍ പങ്കുകൊള്ളാനെത്തി.

സ്‌നേഹത്തിന്റെ ആതിഥേയമനസ്സുമായി പ്രതിശ്രുതവധുവും വീട്ടുകാരും എല്ലാവരെയും സ്വീകരിച്ച് ഭക്ഷണംവിളമ്പി. ആഡംബരങ്ങളില്ലാതെ സാധാരണവേഷത്തിലായിരുന്നു വധു.

മനയിലെ ചെറിയകാരണവരായ കുഞ്ഞുക്കുട്ടന്‍ നമ്പൂതിരിയുടെയും ഗായത്രിയുടെയും മകള്‍ ഡോ. വിഷ്ണുപ്രിയയുടെ വിവാഹസത്കാരമാണ് സൗഹാര്‍ദത്തിന്റെ വേദിയായത്. കോഴിക്കോട് പാടേരി മനയ്ക്കല്‍ നവീന്‍ശങ്കറുമായുള്ള വിവാഹം ശനിയാഴ്ചയാണെങ്കിലും നാട്ടുകാര്‍ക്കുള്ള സത്കാരം വെള്ളിയാഴ്ചയാക്കുകയായിരുന്നു.

മനയില്‍ വര്‍ഷംതോറും നോമ്പുതുറ നടത്താറുണ്ട്. മറ്റുകാരണങ്ങളാല്‍ വിവാഹം ഈസമയത്തുതന്നെ നടത്തേണ്ടിവന്നതോടെയാണ് സത്കാരം മറ്റുമതസ്ഥരുടെ ആചാരങ്ങള്‍ക്ക് പരിഗണന നല്‍കി നടത്താന്‍ തീരുമാനിച്ചതെന്ന് മനയിലെ മുതിര്‍ന്നയാളായ വാസുദേവന്‍ നമ്പൂതിരി(ദേവന്‍) പറഞ്ഞു. ഓഡിറ്റോറിയത്തില്‍ നടത്താനാലോചിച്ച സത്കാരം എല്ലാവരെയും പങ്കെടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മനയിലേക്കു മാറ്റിയത്.

മതമേലധ്യക്ഷരെയും രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍പ്പെട്ടവരെയും സത്കാരത്തിന് ക്ഷണിച്ചിരുന്നു. നൂറുകണക്കിനാളുകളാണ് സൗഹാര്‍ദത്തിന്റെ സത്കാരത്തില്‍ പങ്കാളികളായത്.