ജിദ്ദ: ഈ റംസാനില്‍ ഉംറയ്ക്കായി വിദേശ രാജ്യങ്ങളില്‍ നിന്നു സൗദിയില്‍ ഇതുവരെ 4.30 ലക്ഷം തീര്‍ത്ഥാടകര്‍  എത്തിചേര്‍ന്നു. റംസാനിലെ ആദ്യ പകുതി പിന്നിടുമ്പോഴുള്ള കണക്കാണിത്.

റംസാന്‍ മൂന്നാമത്തെ പത്തിനോട് അടുക്കവേ മക്കയിലും മദീനയിലും വിശ്വാസികളുടെ തിരക്ക് ഏറിത്തുടങ്ങി. തിരക്കു മൂലം ഹറം പള്ളികളില്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനുണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ വരുത്തികൊണ്ടിരിക്കുകയാണ് അധികൃതര്‍.

ഏഴു മാസം പിന്നിട്ട ഈ ഉംറ സീസണില്‍ ഇതു വരെ 6,371,748 വിസ ഇഷ്യൂ ചെയ്തുകഴിഞ്ഞതായും ഇതില്‍ 5.74 ലക്ഷം തീര്‍ത്ഥാടകര്‍ ഇതിനകം പുണ്ണ്യ മണ്ണിലെത്തിയതായും കണക്കുകള്‍. 

ഈ സീസണില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഈജിപ്തില്‍ നിന്നാണ് -1,301,924 പേര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടു ലക്ഷത്തിലധികം പേരാണ്  ഈജിപ്തില്‍ നിന്നു ഉംറ നിര്‍വഹിക്കാന്‍ ഇത്തവണ എത്തിയത്. 

പാകിസ്താനിലാണ് രണ്ടാമതായി ഏറ്റവും കൂടുതല്‍ ഉംറ വിസ ഇഷ്യൂ ചെയ്തത് -986,580 എണ്ണം. പാകിസ്താനിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു മൂന്നു  ലക്ഷത്തോളം ഉംറ വിസ ഈ  വര്‍ഷം  കൂടുതലായി ഇഷ്യൂ ചെയ്തു. ഇന്‍ഡോനേഷ്യ,തുര്‍ക്കി എന്നിവയാണ് തൊട്ടടുത്തുള്ള രാജ്യങ്ങള്‍.

സൗദി ഈയിടെ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ കൂടി ഫലം ആണ് ഉംറ വിസയില്‍ ഉണ്ടായ വര്‍ധന എന്ന് തീര്‍ത്ഥാടന കാര്യങ്ങളിലെ വിദഗ്ദന്‍ അഹമ്മദ് ബഫകീഹ് അഭിപ്രായപ്പെട്ടു. തീര്‍ത്ഥാടനത്തിന്   അപേക്ഷിക്കുന്നവരില്‍ പരമാവധി പേര്‍ക്ക് വിസ നല്‍കുക എന്നത് സൗദിയുടെ പുതിയ നയമായി മാറിയതായും അദ്ദേഹം സൂചിപ്പിച്ചു.

മക്ക ഹറം ശരീഫില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മൂലം വമ്പിച്ച സൗകര്യങ്ങളാണ് തീര്‍ത്ഥാടകര്‍ക്ക് ലഭിച്ചിരിക്കുന്നത്. വിസ്തൃതമാക്കിയ പ്രദക്ഷിണ വീതിയും നിസ്‌കാരസ്ഥലങ്ങളും മറ്റും വര്‍ധിച്ചു വരുന്ന തീര്‍ത്ഥാടകരുടെ എണ്ണം മൂലമുണ്ടാകുന്ന അസൗകര്യങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്.