അകക്കണ്ണിന്റെ വെളിച്ചത്തില്‍ ദൈവത്തെ തൊട്ടറിഞ്ഞ് എല്ലാം മറക്കുകയാണ് ഇര്‍ഫാനും റിയാഖത്തും ഫാത്തിമത്ത് ഹിബയുമടങ്ങുന്ന കൊളത്തറ അന്ധവിദ്യാലയത്തിലെ കുട്ടികള്‍. കാണാന്‍ കഴിയില്ലെങ്കിലും ദൈവം തന്ന അന്ധതയെ ആത്മവിശ്വാസം കൊണ്ടും ഖുറാന് സൂക്തങ്ങള്ക്കൊണ്ടും പ്രകാശിപ്പിക്കുന്നവര്‍, ഖുറാന്റെ അധ്യായങ്ങളില്‍ പലതും ചുറ്റുമുള്ള ഇരുട്ടിനെതിര തെളിച്ച വെളിച്ചമാക്കി മാറ്റുന്നവര്‍.മറ്റുള്ള അന്ധവിദ്യാര്‍ഥികളെ പോലെ ബ്രെയിലി ലിപിയില്‍ അച്ചടിച്ച പുസ്തകങ്ങളുമായാണ് ഇവരും സ്കൂളിലെത്തുന്നതെങ്കിലും പുണ്യറംസാന് മാസത്തില്‍ ബ്രെയിലിയില്‍ അച്ചടിച്ച ഖുറാനുമായി ഇവര്‍ ഓതുന്നത് കാഴ്ചയുള്ളവരേക്കാള്‍ വ്യക്തതയോടെയും തെളിമയോടുമാണ്.
ചുറ്റിനും ഇരുട്ടാണെങ്കിലും തങ്ങള്‍ക്ക് ഇനിയുമേറെ എത്തിപ്പിടിക്കാനുണ്ടെന്നും കാഴ്ചയുള്ളവരേക്കാള്‍ കൂടുതല്‍ സമൂഹത്തിന് വേണ്ടി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഇവരില്‍ ബോധമുണ്ടാക്കുന്നത് ഈ ഖുറാന് സൂക്തങ്ങള്‍ തന്നെ. ഇതിന് ഇവര്‍ നന്ദിപറയുന്നത് സംസ്ഥാനത്ത് തന്നെ ആദ്യമായി ബ്രെയിലി ലിപിയില്‍ ഖുറാന് സൂക്തങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ തുടങ്ങിയ കൊളത്തറ അന്ധവിദ്യാലയത്തിലെ അധ്യാപകരോട് തന്നെയാണ്.
പാക്കിസ്ഥാന്, സൗദി, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നാണ് ബ്രെയിലി ലിപിയില്‍ അച്ചടിച്ച ഖുറാന് വാള്യങ്ങള്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ സ്കൂളിലെത്തിക്കുന്നത്. ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേകപരിശീലനവും നല്‍കും. കൃത്യമായ ശിക്ഷണമുള്ളത് കൊണ്ട് തന്നെ പലര്‍ക്കും ചെറിയ അധ്യായങ്ങളൊക്കെ കാഴ്ചയുള്ളവരേക്കാള്‍ നന്നായി ഹൃദിസ്ഥമാക്കാന്‍ കഴിഞ്ഞതായും അധ്യാപകര്‍ പറയുന്നു.
പുണ്യറംസാന് മാസത്തില്‍ ഖുറാന്റെ താളുകളില്‍ കൈചേര്‍ത്ത് വെച്ച് ഓരോ സൂക്തങ്ങളെയും ഇവര്‍ ഹൃദയത്തിലാക്കുമ്പോള് തങ്ങളുടെ മനസും മനസും ശരീരവും മറ്റൊരു ലോകത്തെത്തുകയാണെന്ന് താമരശേരി സ്വദേശിയായ ഇര്ഫാന് പറയുന്നു. തനിക്ക് കണ്ണുകാണാത്തതില് ഒട്ടും സങ്കടമില്ല. ദൈവം സമ്മാനിച്ചതാണ് ഈ അന്ധത, അതുകൊണ്ട് തന്നെ അതിനെ സന്തോഷത്തോടെ സ്വീകരിച്ച് പഠിച്ച് വലിയവരാകാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളെന്നും ഈ വിദ്യാര്‍ഥി പറയുന്നു. ഇവരുടെ ഈ ആത്മവിശ്വാസവും ഊര്‍ജവും തന്നെയാണ് ഈ സ്കൂളിലെ മറ്റുകുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രചോദനവുമാവുന്നതും.