കോഴിക്കോട്: വിശുദ്ധ റംസാന്‍ മാസമായതോടെ ഡ്രൈഫ്രൂട്ട് വിപണിയും സജീവമായി. നോമ്പുതുറയ്ക്കും മറ്റുള്ളവര്‍ക്ക് സമ്മാനമായി നല്‍കാനുമെല്ലാം ഡ്രൈഫ്രൂട്ട് തന്നെ വേണം.

Ajwa15 രാജ്യങ്ങളില്‍ നിന്നുള്ള ഈന്തപ്പഴത്തിനാണ് ആവശ്യക്കാര്‍ ഏറെയും. അജ്‌വ, മദീന, ഇറാന്‍, അള്‍ജീരിയ, സൗദി തുടങ്ങിയവിടങ്ങളില്‍ നിന്നാണ് ഈന്തപ്പഴം എത്തുന്നത്. ഇതില്‍ അജ്‌വയില്‍ നിന്നുള്ള ഈന്തപ്പഴമാണ് അല്‍പ്പം മുന്തിയത്. പ്രവാചകന്‍ നട്ടുവളര്‍ത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ഒരിനം ഈന്തപ്പനയില്‍ നിന്നുമാണിത് വിളവെടുക്കുന്നത്. അതുകൊണ്ട് തന്നെ വിലയും അല്‍പ്പം കൂടുതലാണ്. കിലോയ്ക്ക് 2400 രൂപ.

സൗദിയില്‍ നിന്നുള്ള ഈന്തപ്പഴത്തിനാണ് സാധാരണക്കാര്‍ക്കിടയില്‍ പ്രിയം. ഗുണമേന്മയ്ക്കനുസരിച്ച് ഇവയുടെ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈന്തപ്പഴത്തിന്റെ വിലയില്‍ പത്ത് ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് കോഴിക്കോട്ടെ ചെറുകിട കച്ചവടക്കാര്‍ അഭിപ്രായപ്പെടുന്നത്.

പലതരം കശുവണ്ടികളാണ് നോമ്പുതുറയോടനുബന്ധിച്ച് വിപണിയിലെത്തിയത്. ബ്ലാക്ക് ഹണി കാഷ്യൂ, പെപ്പര്‍ കാഷ്യൂ, ഓയില്‍ റോസ്റ്റഡ് കാഷ്യൂ എന്നിവ അതില്‍ ചിലത് മാത്രം. ഇതില്‍ ബ്ലാക്ക് പെപ്പര്‍ കാഷ്യൂവിന് കിലോയ്ക്ക് വില ആയിരം രൂപയാണ്. ബ്രസീല്‍ ഇറക്കുമതിയായ ബ്രസീല്‍ നട്ടിന് കിലോയ്ക്ക് 2800 രൂപ വരും. മള്‍ബെറിക്കാകട്ടെ 1400-ഉം. അമേരിക്കയില്‍ നിന്നുള്ള പീകോണ്‍ നട്ടിന് 2800 രൂപ വിലവരുമ്പോള്‍ ബ്രസീലിയന്‍ വാല്‍നട്ടിന് 1800 രൂപയാണ് വില.

dry fruit 2

ബ്ലാക്ക്‌ബെറി, തായ് ചില്ലി പീനട്ട്, മക്കാഡമിക് എന്നിവയാണ് ഈ വര്‍ഷത്തെ ഡ്രൈഫ്രൂട്ട് താരങ്ങള്‍. ഇതില്‍ ആസ്‌ട്രേലിയയില്‍ നിന്നുള്ള മക്കാഡമിക് ആണ് വിലയില്‍ മുമ്പന്‍. കിലോയ്ക്ക് 3000 രൂപ. ബ്ലാക്ക്‌ബെറിക്ക് ആയിരത്തി ഇരുന്നൂറും തായ് ചില്ലി പീനട്ടിന് നാനൂറ് രൂപയുമാണ് വില.