ഓര്‍ലാന്‍ഡോ(യുഎസ്): ഈജിപ്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മഹ്മൂദ് എന്ന മുസ്ലിം യുവാവ് ഇപ്പോള്‍ വെറുമൊരു ബിസിനസ്സ് സ്ഥാപനത്തില്‍ ജോലി നോക്കുന്ന വ്യക്തി മാത്രമല്ല. ഓര്‍ലാന്‍ഡോയില്‍ ഇദ്ദേഹമിപ്പോള്‍ മനുഷ്യത്വത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം കൂടിയാണ്. ഓര്‍ലാന്‍ഡോയിലെ വെടിവെപ്പില്‍ പരിക്കേറ്റവര്‍ക്ക് റംസാന് നോമ്പിനിടയിലും രക്തദാനം ചെയ്താണ് മഹ്മൂദ് ശ്രദ്ധാകേന്ദ്രമായത്.
ഞായറാഴ്ചയാണ് ഓര്‍ലാന്‍ഡോയിലെ നിശാക്ലബ്ബില്‍ ഒമര്‍ മതീന് എന്നയാള്‍ വെടിവെപ്പു നടത്തിയത്. വെടിവെപ്പില്‍ 49 പേര് കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
രക്തദാനത്തിന് ശേഷം മഹ്മൂദ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലിട്ട പോസ്റ്റാണ് ഈ യുവാവിനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. രക്തദാനം ചെയ്ത ഉടന്‍ ചിത്രസഹിതമായിരുന്നു മഹ്മൂദിന്റെ പോസ്റ്റ്. മനുഷ്യത്വവും ഐക്യവും ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു മഹ്മൂദിന്റെ പോസ്റ്റ്.
അമേരിക്കന്‍ മുസ്ലിമായതില് അഭിമാനമുണ്ടെന്നും റംസാന് നോമ്പായതിനാല്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും കഴിക്കാനും കഴിയില്ലെങ്കിലും രക്തദാനത്തിന് എത്തിയ ഓര്‍ലാന്‍ഡോയിലെ മറ്റു മുസ്ലിംകളെ പോലെ ഞാനും രക്തദാനം ചെയ്തു എന്നു പറഞ്ഞാണ് മഹ്മൂദ് പോസ്റ്റ് ആരംഭിക്കുന്നത്.
ഓര്‍ലാന്‍ഡോയിലെ സംഭവത്തില്‍ ദുഖമുണ്ടെന്നും നാണക്കേടുണ്ടാക്കുന്ന കൂട്ടക്കുരുതി നടത്തിയയാള്‍ മുസ്ലിമാണെന്ന് അവകാശപ്പെടുന്നതില്‍ തനിയ്ക്ക് എതിര്‍പ്പും ദേഷ്യവുമുണ്ടെന്നും മഹ്മൂദ് കുറിക്കുന്നു. എല്ലാ മനുഷ്യരുടെയും രക്തം ഒരുപോലെയാണ്. അതിനാല്‍ ഇരകള്‍ക്കായി രക്തദാനം ചെയ്യാന്‍ എല്ലാവരും മുന്നോട്ടുവരണം. നിറവും മതവും വര്‍ഗവും രാഷ്ട്രീയവുമെല്ലാം മറന്ന് അക്രമികള്‍ക്കെതിരെ നാം ഒന്നിക്കണം -മഹ്മൂദ് പോസ്റ്റില്‍ കുറിക്കുന്നു.
മഹ്മൂദിന്റെ ഈ പോസ്റ്റിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. ലൈക്കുകളും കമന്റുകളുമായി ആയിരക്കണക്കിനാളുകളാണ് മഹ്മൂദിന് പിന്തുണയുമായെത്തിയത്. ഫെയ്സ്ബുക്കില്‍ മാത്രം 1.79 ലക്ഷത്തിലേറെ പേര് ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകഴിഞ്ഞു. ലോകമാധ്യമങ്ങളില്‍ ഉള്‍പ്പെടെ മഹ്മൂദിന്റെ പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്.