സിനിമയില്‍ വന്നശേഷം ആദ്യമായാണ് ഒരു നോമ്പുകാലത്ത് ആസിഫ് അലിയെ ഫ്രീയായി വീട്ടില്‍ കിട്ടുന്നത്. ഇരിട്ടിയില്‍ മഴ കനത്തപ്പോള്‍ ആസിഫ് അഭിനയിച്ചുകൊണ്ടിരിക്കുന്ന 'കവി ഉദ്ദേശിച്ചത്' എന്ന സിനിമയുടെ ഷൂട്ടിങ്ങ് തടസ്സപ്പെട്ടു. ആ സിനിമയുടെ നിര്‍മ്മാതാവും ആസിഫാണ്. എന്നാല്‍ മഴ കുറയുംവരെ ഷൂട്ടിങ്ങ് വേണ്ടെന്ന് തീരുമാനിച്ച് ഭാര്യ സമയുടെ നാടായ കണ്ണൂര്‍ക്ക് വെച്ചുപിടിച്ചു. ഇത്തവണ പെരുന്നാള്‍ കുടുംബത്തോടൊപ്പം ഗംഭീരമാക്കാനാണ് ആസിഫിന്റെ പ്ലാന്‍. കൂടാതെ നായകനായ 'അനുരാഗ കരിക്കിന്‍ വെള്ളം' പെരുന്നാളിന് റിലീസാകുന്നു എന്ന പ്രത്യേകതയുമുണ്ട്. 

മമ്മൂട്ടി റോള്‍ മോഡല്‍

അസംബ്ലിക്ക് നില്‍ക്കേണ്ട, പഠിക്കാതെ വന്നാലും അടിക്കില്ല, ഉച്ചയ്ക്ക് ക്ഷീണം കൂടുതലാണെങ്കില്‍ പിറകിലെ ബെഞ്ചില്‍ പോയിരുന്ന് ഉറങ്ങാം... നോമ്പിന്റെ പുണ്യമായി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കണ്ടിരുന്നത് ഇതൊക്കെയാണ്. 'നോമ്പ് കാലത്ത് ചെയ്യുന്ന കാര്യങ്ങള്‍ക്ക് ആയിരം മടങ്ങ് കൂലി കിട്ടും' എന്ന് എന്നെ പഠിപ്പിച്ചത് ഉമ്മൂമ്മ സാറ ബീവിയാണ്.

asif ali

ഇത് നല്ല കാര്യങ്ങള്‍ മാത്രം ചെയ്യാനും ചീത്ത കാര്യങ്ങള്‍ ചെയ്യാതിരിക്കാനും ഉള്ള പ്രേരണയായി. ഉമ്മൂമ്മയുണ്ടായിരുന്ന കാലത്ത് നോമ്പെടുത്താല്‍ പുണ്യം മാത്രമല്ല, നോമ്പുതുറക്കുമ്പോള്‍ സമൃദ്ധമായ ഭക്ഷണവും കിട്ടും. വളരെ ചിട്ടയോടെയാണ് ഉമ്മൂമ്മയുടെ നോമ്പുതുറ. രണ്ടു കാരയ്ക്ക കഴിച്ച് നോമ്പുതുറക്കും. പിന്നെ ഒരു ഗ്ലാസ് കസ്‌കസ്  ഇട്ട നാരങ്ങാവെള്ളം. അത് കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് സമൃദ്ധമായി ഭക്ഷണം. അതിന്റെ ആരോഗ്യവശമൊക്കെ ഇപ്പോഴാണ് എനിക്കു മനസ്സിലാകുന്നത്. 

നോമ്പുകാലത്തെ നഷ്ടങ്ങള്‍ ടി.വി വെയ്ക്കാനും സിനിമ കാണാനും സമ്മതിക്കില്ല എന്നതായിരുന്നു. ഉമ്മൂമ്മയാണ് ഈ നിരോധനം നടപ്പാക്കിയത്. പക്ഷേ, ഇതിനു പ്രായശ്ചിത്തമെന്നോണം പെരുന്നാള്‍ ദിവസം മൂവാറ്റുപുഴയിലെ തിയേറ്ററില്‍ പോയി റിലീസ് പടം കാണാനുള്ള പൈസ ഉമ്മൂമ്മ തരും. പതിനാലാമത്തെ നോമ്പിനു ശേഷമാണ് സക്കാത്തു വിതരണം. ചോദിച്ചു വരുന്നവര്‍ക്കെല്ലാം അരിയും പൈസയും കൊടുക്കും. അരി, പൈസ വിതരണം എന്നെയും കസിന്‍ അസ്ലമിനേയുമാണ് ഏല്‍പ്പിച്ചിരുന്നത്. ഉമ്മൂമ്മ ഏല്പിക്കുന്ന ഒരു ജോലി എന്ന ലാഘവത്തോടെയാണ് അതു ഞങ്ങള്‍ ചെയ്തിരുന്നത്. എങ്കിലും അതിന്റെ പുണ്യം ഇപ്പോഴാണ് ഞങ്ങള്‍ അനുഭവിക്കുന്നത്.

പെരുന്നാളിന്റെ ഓര്‍മകളില്‍ ഏറ്റവും വലുത് 'പെരുന്നാള്‍ പടി' തന്നെ. വിഷുക്കൈനീട്ടം പോലെ ഞങ്ങള്‍ക്ക് കിട്ടുന്ന പോക്കറ്റ് മണി. അത് ഓരോ പ്രായത്തിനനുസരിച്ച് 10  മുതല്‍ അഞ്ഞൂറു രൂപ വരെ എനിക്ക് കിട്ടിയിട്ടുണ്ട്. ഓര്‍മവെച്ച കാലം മുതല്‍ ഡിഗ്രി അവസാന വര്‍ഷം വരെ ഞാന്‍ പെരുന്നാള്‍ പടി വാങ്ങിയിട്ടുണ്ട്. അക്കാലത്തെ പ്രധാന വരുമാന മാര്‍ഗമായിരുന്നു അത്.
സിനിമയില്‍ വന്ന ശേഷം ആത്മീയകാര്യത്തില്‍ മമ്മൂക്കയാണ് എനിക്ക് മാതൃക. മമ്മൂക്കയോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചപ്പോഴൊക്കെ ഞാന്‍ കണ്ടിട്ടുള്ളത്, കൃത്യമായി അഞ്ചു നേരം നിസ്‌കരിക്കുകയും, വളരെ അടുക്കും ചിട്ടയോടും കൂടി കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്ന നല്ലൊരു മുസല്‍മാനെയാണ്.

'ജവാന്‍ ഓഫ് വെള്ളിമല' ചെയ്യുന്നത് ഒരു നോമ്പുകാലത്താണ്. അപ്പോള്‍ മമ്മൂക്കയുടെ നോമ്പു ചിട്ടകള്‍ കാണാനും പഠിക്കാനും സാധിച്ചിട്ടുണ്ട്. ഒന്നു തുമ്മിയാല്‍ പോലും 'അല്‍ഹംദുലില്ലാഹ്' പറഞ്ഞ് പടച്ചോന് നന്ദി പറയുകയും, ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന മമ്മൂക്ക എനിക്കൊരു നല്ല അനുഭവമായിരുന്നു. തിരക്കിലാണെങ്കില്‍ പോലും കാരവനില്‍ പോയി അഞ്ചു നേരവും മുടങ്ങാതെ നിസ്‌കരിക്കും അദ്ദേഹം. മമ്മൂക്കയെ പോലെ തിരക്കുള്ള ഒരാള്‍ക്ക് ഇതൊക്കെ കൃത്യമായി പിന്തുടരാന്‍ കഴിയുമെങ്കില്‍ എനിക്കെന്തുകൊണ്ട് ആയിക്കൂട എന്ന ചിന്ത എനിക്കുണ്ടായി. അങ്ങനെ ഇക്കാര്യത്തിലും മമ്മൂക്കയെനിക്ക് റോള്‍ മോഡലായി.

ASIF ALI

ഉംറ അനുഭവം

കുട്ടിക്കാലത്ത് മക്കയും മദീനയുമൊക്കെ ഫോട്ടോയില്‍ കാണുമ്പോള്‍ അവിടെയൊന്നു പോകണം എന്ന് മനസ്സില്‍ ആഗ്രഹിക്കാറുണ്ട്. ആത്മീയതയേക്കാള്‍ ആ സ്ഥലമൊക്കെ കാണാനുള്ള ഇഷ്ടം കൊണ്ടാണത്. സിനിമയില്‍ എത്തി പൈസയൊക്കെ സമ്പാദിച്ചു തുടങ്ങിയപ്പോള്‍ ആ മോഹം കലശലായി. അപ്പോഴും സ്ഥലം കാണുക എന്നു മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. അവിടെയെത്തി ഇഹ്‌റാം കെട്ടി (ആചാര വസ്ത്രം) കര്‍മ്മം നിര്‍വഹിക്കാനായി നീങ്ങുമ്പോള്‍ മനസ്സില്‍ പ്രത്യേകതരം അനുഭൂതി നിറഞ്ഞു.

സാധാരണ യാത്രയല്ല ഇതെന്ന് മനസ്സ് പറഞ്ഞു. കഅബക്ക് ചുറ്റും വലം വെയ്ക്കുമ്പോള്‍ മനസ്സില്‍ ദിക്‌റും പ്രാര്‍ഥനകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതുപോലൊരു ആത്മീയാനുഭവം മുമ്പൊരിക്കലും എനിക്കുണ്ടായിട്ടില്ല. മക്കയില്‍ കുറച്ചു സമയം ചെലവഴിച്ച് മദീനയിലേക്ക് പോകണം എന്നു വിചാരിച്ചെത്തിയ ഞാന്‍ മക്കയില്‍ മൂന്നുനാള്‍ തങ്ങി, എല്ലാ പ്രാര്‍ഥനകളിലും പങ്കെടുത്തു.

(അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍ വായിക്കാം)