ജീവിച്ചിരിക്കുമ്പോൾത്തന്നെ വിശുദ്ധ എന്നറിയപ്പെട്ട മദർ തെരേസയെ കത്തോലിക്കാസഭ വിശുദ്ധയായി പ്രഖ്യാപിക്കുന്നതും അതിവേഗത്തിൽ. മരിച്ച് അഞ്ചുവർഷത്തിനുശേഷംമാത്രമേ വിശുദ്ധരാക്കുന്നതിനുള്ള നാമകരണപ്രക്രിയ തുടങ്ങാൻ പാടുള്ളൂവെന്നാണ് സഭയിലെ കീഴ്‌വഴക്കം. എന്നാൽ, മദർ തെരേസയുടെ കാര്യത്തിൽ ഈ നിയമത്തിൽ ഇളവുവരുത്തി. അവർ മരിച്ച് ഒരുവർഷം തികഞ്ഞതിനുപിന്നാലെത്തന്നെ നടപടികൾ തുടങ്ങി. പിന്നീട് ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധനാക്കാനും ഈ ചട്ടത്തിൽ ഇളവുനൽകി.

 • 1910 ആഗസ്ത് 26-ന് ജനനം അൽബേനിയയിൽ    മാസിഡോണിയയിലെ നിക്കോളയുടെയും  റോസയുടെയും മൂന്നാമത്തെ മകൾ.
 • 1928-ൽ അയർലൻഡിലെ ഡബ്ളിനിലുള്ള സന്ന്യാസസഭയിൽ ചേർന്നു. 
 • അതേവർഷംതന്നെ ഇന്ത്യയിൽ. കൊൽക്കത്തയിൽ  അധ്യാപികയായി തുടക്കം. 
 • സ്വയം വൈദ്യപരിശീലനം നേടി. 1946 മുതൽ ആതുരശുശ്രൂഷാ രംഗത്ത്
 • 1950-ൽ മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസിസഭ തുടങ്ങി.
 • മരണാസന്നരായ അശരണർക്കായി 1952-ൽ കാളിക്ഷേത്രത്തിന് സമീപം നിർമൽഹൃദയ തുടങ്ങി.
 • 1979-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം.
 • 1997 സപ്തംബർ അഞ്ചിന് ലോകത്തോട് വിടചൊല്ലി.
 • ​1998 ഡിസംബർ 12-ന് നാമകരണപ്രക്രിയക്ക് ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ അനുമതി. 
 • 2003 ഒക്ടോബർ 13-ന് വാഴ്ത്തപ്പെട്ടവളായി.
 • 125 രാജ്യങ്ങളിൽ 600-ൽപരം മഠങ്ങളിലെ 6000 സന്ന്യസ്തർ മദർ തെരേസയുടെ പാത പിന്തുടരുന്നു

1. ദൈവദാസപദവി

 • വിശുദ്ധീകരണ നടപടികൾക്ക് നേതൃത്വംവഹിക്കുന്നത് വിശുദ്ധർക്കായുള്ള തിരുസംഘം എന്ന സഭാസമിതിയാണ്. അതിനുവേണ്ടതാകട്ടെ നീണ്ട നടപടിക്രമങ്ങളും.
 • ഒരാൾ വിശുദ്ധനെന്ന് ബോധ്യപ്പെട്ടാൽ ഏതൊരു വിശ്വാസിക്കും ഇക്കാര്യം മെത്രാനെ അറിയിക്കാം.
 • ബോധ്യപ്പെട്ടുകഴിഞ്ഞാൽ വിശുദ്ധരുടെ തിരുസംഘത്തിന്റെ അനുമതിയോടെ ഒരുസമിതിയെ മെത്രാൻ നിയമിക്കും. സമിതിയുടെ തലവൻ അറിയപ്പെടുക പോസ്തുലത്തോർ എന്നാണ്‌.
 • വ്യക്തിയുടെ ജീവിതവും പ്രവർത്തനങ്ങളും സമിതി പഠിക്കും
 • ബോധ്യമായാൽ ദൈവദാസൻ അല്ലെങ്കിൽ ദൈവദാസിയായി പ്രഖ്യാപിക്കും

 2. ധന്യരാകുന്നു

 • തുടർന്നുള്ള നടപടികൾ വത്തിക്കാനിൽ. സമിതി സ്വരൂപിച്ച രേഖകളും തെളിവുകളും കൈമാറും
 • അവിടെ മറ്റൊരു പോസ്തുലത്തോറുടെ കീഴിൽ പുതിയൊരു സമിതി രൂപവത്കരിക്കും.
 • ആദ്യത്തെ അന്വേഷണവും നടപടിക്രമങ്ങളും അതേരീതിയിൽ ആവർത്തിക്കപ്പെടും. തുടർന്ന് ധന്യയായി പ്രഖ്യാപിക്കും.
 • ഇതോടെ ഇവരുടെ ചിത്രങ്ങളും പ്രാർഥനകളും അച്ചടിക്കാം.

3. വാഴ്ത്തപ്പെട്ടവർ

 • ധന്യരായി പ്രഖ്യാപിക്കപ്പെട്ടവരുടെ മധ്യസ്ഥതയിൽ എന്തെങ്കിലും അദ്‌ഭുതപ്രവൃത്തി നടന്നതായി സ്ഥിരീകരിച്ചാൽ അടുത്ത നടപടി വാഴ്ത്തപ്പെട്ടവരാക്കുക എന്നതാണ്.
 • അദ്‌ഭുതം സമിതിയിൽ തെളിയിക്കപ്പെടണം.
 • ഒമ്പത് ദൈവശാസ്ത്രജ്ഞർ ചേർന്ന് വാദപ്രതിവാദങ്ങൾ നടത്തിയും രോഗശാന്തി പോലുള്ളവയാണെങ്കിൽ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചുമാകും ഇത്.
 • സമിതിയിൽ ഭൂരിപക്ഷം കിട്ടിയാൽ കർദിനാൾമാരും മെത്രാൻമാരുമടങ്ങുന്ന സമിതി വീണ്ടും പരിശോധിക്കും
 • ഇവിടെയും ഭൂരിപക്ഷം ലഭിച്ചാൽ വാഴ്ത്തപ്പെട്ടവൻ അല്ലെങ്കിൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.
 • ഇതോടെ ഇവരുടെ തിരുനാൾ ആഘോഷിക്കാം. അൾത്താരവണക്കത്തിനും യോഗ്യരാകും.

4. വിശുദ്ധ പ്രഖ്യാപനം
വാഴ്ത്തപ്പെട്ടശേഷം ഇവരുടെ മധ്യസ്ഥതയിലൂടെ ഒരു അദ്‌ഭുതംകൂടി നടക്കണം. അതും സമിതി സ്ഥിരീകരിച്ചാൽ വിശുദ്ധരാക്കും.