Mother teresaഅതിവേഗം വിശുദ്ധപദവിയിലേക്ക്....
 
 മദർ തെരേസ ജീവിച്ചിരുന്ന കാലത്തുതന്നെ വിശുദ്ധയായാണ് അറിയപ്പെട്ടിരുന്നത്. അതിനാൽ തന്നെ വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള നടപടി ക്രമങ്ങളിൽ ഇളവ് ലഭിച്ചു.വീരോചിതമായ സുകൃതജീവിതം നയിച്ച് ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിക്ക് പാത്രമായവരെയാണ് കത്തോലിക്ക സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നത്.കൃത്യവും കർക്കശവുമായ നടപടി ക്രമങ്ങൾ പാലിച്ചാണ് വിശുദ്ധപദവി നൽകുന്നത്.
 
 
വിശുദ്ധർക്കായുള്ള തിരുസംഘം
 
സഭയിൽ വിശുദ്ധരുടെ നാമകരണത്തിനായുള്ള പ്രത്യേക വിഭാഗമാണ് വിശുദ്ധർക്കായുള്ള തിരുസംഘം.വിശുദ്ധ പദവിയിലേക്ക് സഭ ഉയർത്തിയാൽ മാത്രമെ സാർവ്വത്രികമായി ഒരു വ്യക്തിയുടെ തിരുനാളുകൾ ആഘോഷിക്കാനും തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിക്കാനും സാധിക്കൂ. ഒരാളെ വിശുദ്ധനെന്ന് നാമകരണം ചെയ്യാനുള്ള അധികാരം മാർപ്പാപ്പക്ക് മാത്രമാണ്.കാനൊനൈസേഷൻ എന്നാണിതിനെ വിളിക്കുക.കാനൻ എന്നാൽ പട്ടിക,അതായത് ഒരു വ്യക്തിയെ വിശുദ്ധരുടെ പട്ടികയിൽ ചേർക്കുന്ന ചടങ്ങാണ് കാനൊനൈസേഷൻ.
 
 പലകാലങ്ങളിലൂടെ പരിഷ്കരിച്ച് വന്ന നടപടിക്രമങ്ങളാണ് വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ളത്.ഇതുമായി ബന്ധപ്പെട്ട് 1983 ൽ ജോൺപോൾ രണ്ടാമൻ തയ്യാറാക്കിയ രേഖയും അനുബന്ധമായി ആ വർഷം തന്നെവിശുദ്ധർക്കായുള്ള തിരുസംഘം പ്രസിദ്ധീകരിച്ച മാർഗരേഖയുമാണ് ഇപ്പോൾ ഇതിനായി പരിഗണിക്കുന്നത്.
 
  അതത് രൂപതാ തലത്തിലാണ് വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ നടപടികൾ തുടങ്ങുന്നത്.വിശ്വാസികൾക്ക് ഒരു വ്യക്തി വിശുദ്ധനാണെന്ന് ബോദ്ധ്യപ്പെട്ടാൽ രൂപതാമെത്രാനോട് അയാളെ വിശുദ്ധപദവിയിലേക്ക് ഉയർത്തണമെന്ന് ആവശ്യപ്പെടാം.
    നിലവിലുള്ള നിയമ പ്രകാരം വ്യക്തി മരിച്ച് അഞ്ച് വർഷത്തിനുശേഷമേ ഇതിനുള്ള നടപടികൾ തുടങ്ങാൻ കഴിയൂ.മദർ തെരേസയുടെയും ജോൺപോൾ രണ്ടാമൻ മാർപ്പാപ്പയുടെയും കാര്യത്തിൽ ഈ കാലയളവ് മാർപ്പാപ്പ ഇളവ് ചെയ്തിരുന്നു.
 
നാമകരണ ചടങ്ങുകൾ തുടങ്ങും മുമ്പ് വത്തിക്കാനിലെ വിശുദ്ധർക്കുള്ള തിരുസംഘത്തിൽ നിന്നും മെത്രാൻ അനുമതി വാങ്ങണം.തുടർന്ന് ഇതിനായി ഒരു സമിതിയെ മെത്രാൻ നിയോഗിക്കും.പോസ്തുലത്തോർ എന്നാണ് സമിതിയുടെ തലവൻ അറിയപ്പെടുക.വ്യക്തി അസാധാരണമായ പുണ്യജീവിതമാണോ നയിച്ചിരുന്നതെന്ന് സമിതി പരിശോധിക്കും.അങ്ങിനെ ബോദ്ധ്യപ്പെട്ടാൽ ദൈവദാസൻ(ദൈവദാസി) എന്ന് വ്യക്തിയെ നാമകരണം ചെയ്യും.വിശുദ്ധപദവിയിലേക്കുള്ള ആദ്യപടിയാണിത്.
 
  രൂപതാതലത്തിലെ നടപടികൾ കഴിഞ്ഞാൽ രേഖകളടക്കം വത്തിക്കാനിലെ സംഘത്തിന് കൈമാറും.നടപടി ക്രമങ്ങൾ തുടരാൻ പുതിയ പോസ്തുലേത്തറെ വത്തിക്കാൻ നിയോഗിക്കും.ഒപ്പം പ്രാദേശിക തലത്തിൽ വൈസ് പോസ്തുലേത്തറെ രൂപതക്ക് നിയമിക്കാം.രൂപതാതലത്തിൽ നടത്തിയ പരിശോധനകൾ വീണ്ടും നടത്തും.സഭക്ക് ഇത് ബോദ്ധ്യപ്പെട്ടാൽ ധന്യൻ എന്ന പദവിയിലേക്ക് വിശുദ്ധരെ ഉയർത്തും.ഇതോടെ ആ വ്യക്തിയുടെ ചിത്രങ്ങളും പ്രാർത്ഥനകളും അച്ചടിക്കാം.
 
  അടുത്ത ഘട്ടം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തലാണ്.മരണാനന്തരം വ്യക്തിയുടെ മധ്യസ്ഥതയിൽ  ഒരു അത്ഭുതം നടക്കുകയും അത് സംശയലേശമന്യേ സഭാക്കോടതിയിൽ തെളിയിക്കപ്പെടണം.ഒൻപത് ദൈവശാസ്ത്രജ്ഞൻമാരുടെ സമിതി ഇത് പരിശോധിക്കും.ഇവർ രണ്ടായി തിരിഞ്ഞ് വാദവും എതിർവാദങ്ങളും ഉന്നയിക്കും.ഭൂരിഭാഗവും അനുകൂലമായി വോട്ട് ചെയ്താൽ വ്യക്തിയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതവും മറ്റ് യോഗ്യതകളും കർദ്ദിനാൾമാരും മെത്രാൻമാരുമടങ്ങുന്ന സമിതി പുനപരിശോധിക്കും.ഇക്കാര്യത്തിലും ഭൂരിപക്ഷം പിന്തുണ ലഭിച്ചാൽ വ്യക്തിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.
 
   ഇതോടെ അവരുടെ പേരിൽ തിരുനാളുകൾ പ്രാദേശികമായി ആഘോഷിക്കാം.അൾത്താര വണക്കവും അനുവദിച്ചിട്ടുണ്ട്.വാഴ്ത്തപ്പെട്ട വ്യക്തിയുടെ അധ്യക്ഷതയിൽ വീണ്ടും ഒരു അത്ഭുതം നടക്കുകയും സഭാക്കോടതിയിൽ സ്ഥിരീകരിക്കപ്പെടുകയും വേണം.
  രക്തസാക്ഷികളുടെ കാര്യത്തിൽ വിശുദ്ധപദവി പ്രഖ്യാപനത്തിന് ചില ഇളവുകളുണ്ട്.വിശ്വാസത്തെ പ്രതിയുള്ള ജീവത്യാഗം തന്നെ ജീവിത വിശുദ്ധിയുടെ അടയാളമായി പരിഗണിക്കും.ചുരുങ്ങിയ സമയം കൊണ്ട് ഇവരെ വിശുദ്ധപദവിയിലേക്ക് ഉയർത്തും.