ദര്‍ തെരേസ ഞായറാഴ്ച വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ആ പുണ്യവതിയുടെ പാദസ്പര്‍ശമേറ്റ തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്‌കൂള്‍ ആഹ്ളാദത്തിലാണ്. മദറിന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മ പുതുക്കി സ്മാരകം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് സ്‌കൂള്‍ അധികൃതര്‍.

1974 ലാണ് മദര്‍ തെരേസ സെന്റ് ജോസഫ്സ് സ്‌കൂള്‍ സന്ദര്‍ശിച്ചത്. കുന്നുകുഴിയിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ കോണ്‍വെന്റില്‍ നിന്ന് രണ്ട് കന്യാസ്ത്രീകള്‍ക്കുമൊപ്പമായിരുന്നു സ്‌കൂളിലെത്തിയത്. അസംബ്ളി സമയത്ത് മദര്‍ വരുമെന്നായിരുന്നു അന്നത്തെ പ്രഥമാധ്യാപകന്‍ ഫാ. കുഞ്ചെറിയയെ അറിയിച്ചിരുന്നത്. അസംബ്ലിസമയം കഴിയാറായപ്പോഴാണ് രണ്ട് കന്യാസ്ത്രീകളുടെ മധ്യത്തിലൂടെ വരുന്ന ഒരമ്മയെ കണ്ടത്.

വേദിയിലിരുന്ന ഹെഡ്മാസ്റ്റര്‍ ഫാ. കുഞ്ചെറിയ, അന്നത്തെ സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ക്കി ചെറുവള്ളി എന്നിവര്‍ ഓടിയെത്തി. ഇരുവരും ചേര്‍ന്ന് ആ അമ്മയെ വേദിയിലേക്ക് കൈപിടിച്ച് കയറ്റി- പൂര്‍വ വിദ്യാര്‍ഥിയും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോ. എബ്രഹാം ജോസഫ് ഓര്‍ക്കുന്നു.കുന്നുകുഴിയില്‍ മദര്‍ തുടങ്ങിയ ശിശുഭവന്റെ ധനശേഖരണാര്‍ഥമായിരുന്നു സെന്റ് ജോസഫ്സ് സ്‌കൂളിലുമെത്തിയത്. ആ ധന്യനിമിഷത്തില്‍ പങ്കുകൊള്ളാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് എബ്രഹാം ജോസഫ് പറഞ്ഞു.

വേദിയിലേക്കെത്തിയ മദര്‍ ഞങ്ങളോട് പറഞ്ഞു. ''ദയ അര്‍ഹിക്കുന്നവരെ കരുണയോടെ കാണണം. ലാളിത്യം വാക്കുകളില്‍ ഒതുക്കരുത്. പ്രവര്‍ത്തിയിലൂടെ നിങ്ങളത് കാണിക്കണം. ലോകത്തിലെ പാവങ്ങള്‍ക്കുള്ള അന്നത്തിന് ഒരു നാണയത്തുട്ട് നിങ്ങള്‍ തരണം. അത് അവരുടെ ആഴ്ചകളോളമുള്ള ആഹാരം കണ്ടെത്താനാണ്''- എളിമ നിറഞ്ഞ ആ അമ്മയുടെ വാക്കുകള്‍ അസംബ്ലിയിലുണ്ടായിരുന്ന കുട്ടികളുടെ കണ്ണുകളെ ഈറനണിയിച്ചു. അന്ന് ബോര്‍ഡിങ് സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികള്‍ സമാഹരിച്ച തുക മദറിന് നല്‍കി. ഈ വിവരം അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ഫാ. കുഞ്ചെറിയ 1974 ലെ സ്‌കൂള്‍ മാഗസിനില്‍ എഴുതിയിട്ടുണ്ട്.