ഞായറാഴ്ച റോമില്‍ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന നിമിഷങ്ങളടുക്കുമ്പോള്‍ കീഴ്കുന്ന് മിഷനറീസ് ഓഫ് ചാരിറ്റീസ് ആശ്രമത്തിലിരുന്ന് സിസ്റ്റര്‍ പ്രീത ഓര്‍ക്കുന്നു... മദറിനൊപ്പം കൊല്‍ക്കത്തയില്‍ ചെലവഴിച്ച നാളുകളെപ്പറ്റി. ദൈവത്തിനൊപ്പം കാരുണ്യം ചൊരിഞ്ഞ മദറിന്റെ സാമീപ്യം ഇന്നും തന്റെ അരികിലുണ്ടെന്ന ആത്മവിശ്വാസത്തിലാണ് സിസ്റ്റര്‍ പ്രീത(59) സംസാരിച്ചത്. 

ആലുവ മൂഴിക്കുളം സ്വദേശിനിയായ സിസ്റ്റര്‍ 1988ലാണ് കൊല്‍ക്കത്തയിലെത്തിയത്. 1997ല്‍ മദറിന്റെ അവസാനനാളുകള്‍ വരെ സിസ്റ്റര്‍ പ്രീത കൊല്‍ക്കത്തയിലെ മദര്‍ ഹൗസിലുണ്ടായിരുന്നു.
മദറിന്റെ പ്രവൃത്തികളെല്ലാം ക്രിസ്തുദേവന് വേണ്ടിയുള്ളതായിരുന്നു.  കാളിഘട്ടില്‍ വെച്ച് കുഷ്ടരോഗിയുടെ മുറിവില്‍നിന്ന് പുഴുക്കളെ പെറുക്കി മാറ്റുന്ന മദറിനോട് എത്ര ഡോളര്‍ തന്നാലും താന്‍ ഇതു ചെയ്യില്ലെന്ന് അമേരിക്കന്‍ പത്രപ്രവര്‍ത്തക പറഞ്ഞു. താനും ചെയ്യില്ലെന്നായിരുന്നു മദറിന്റെ മറുപടി.

രോഗികളെ പരിചരിക്കുന്നത് പണത്തിനു വേണ്ടിയല്ല. ദൈവപരിചരണമാെണന്നും മദര്‍  പറഞ്ഞു. ഒരിക്കല്‍ തങ്ങള്‍ യാത്ര ചെയ്ത വിമാനത്തിന്റെ പൈലറ്റ് മദറിന്റെ മുന്നിലെത്തി അനുഗ്രഹം തേടിയതായും സിസ്റ്റര്‍ പ്രീത ഓര്‍മിക്കുന്നു. ''ഇന്ന് താന്‍ വര്‍ധിച്ച ആത്മവിശ്വാസത്തോടെ വിമാനം പറത്തും. കാരണം നമുക്കൊപ്പം മദര്‍ തെരേസയും യാത്ര ചെയ്യുന്നുെണ്ടന്ന്'' പൈലറ്റ് അനൗണ്‍സ് ചെയ്തു. 
മദറിന്റെ ഓര്‍മകളില്‍ സിസ്റ്റര്‍ പ്രീതയുടെ വാക്കുകള്‍ മുറിഞ്ഞു, മുഖം പ്രാര്‍ഥനാനിര്‍ഭരമായി.

ഫാ. ഡാമിയനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ചടങ്ങില്‍ മദറിനൊപ്പം സിസ്റ്റര്‍ പ്രീതയും പങ്കെടുത്തിരുന്നു. 1995ല്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു ചടങ്ങ്. 
കുഷ്ടരോഗികള്‍ക്ക് വിശുദ്ധനെ വേണമെന്ന ആവശ്യവുമായി മദര്‍ പോപ്പിനെ സമീപിച്ചു. ഫാ. ഡാമിയനായിരുന്നു മദറിന്റെ മനസ്സില്‍. അത് മനസിലാക്കിയ പോപ്പ് ഫാ.ഡാമിയന്റെ പേരില്‍ അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. 

ഓഫീസിലെത്തിയ മദര്‍ ഫാ. ഡാമിയനെ സംബന്ധിക്കുന്ന ഫയലിന് പുറത്ത് പ്രാര്‍ഥിച്ച ക്രൂശിത രൂപം ഒട്ടിച്ചുവെച്ചു. തുടര്‍ന്ന്  അത്ഭുതങ്ങള്‍ സംഭവിച്ചതായുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങി. ഒടുവില്‍ 1995ല്‍ ഫാ. ഡാമിയനെ വാഴ്ത്തപ്പെട്ടവനായും 2009ല്‍ വിശുദ്ധനായും പ്രഖ്യാപിച്ചു. യൂറോപ്പിലെ വൃദ്ധസദനം സന്ദര്‍ശിച്ച മദര്‍ അന്തേവാസികള്‍ക്കായി ഒരുക്കിയിട്ടുളള സൗകര്യങ്ങള്‍ നോക്കികണ്ടു. ഒടുവില്‍ മദര്‍ പറഞ്ഞു 
 ''അന്തേവാസികള്‍ സംതൃപ്തരല്ല. അവരുടെ കണ്ണ് എപ്പോഴും വാതില്‍പ്പടിയിലാകും, കുടുംബാംഗങ്ങള്‍ കാണാനെത്തുമെന്ന പ്രതീക്ഷയോടെ''.