കത്തോലിക്കാസഭ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുകയാണ്. ഇന്ത്യന്‍ ജനതയെ പ്രതിനിധാനം ചെയ്തുകൊണ്ട് വിദേശകാര്യമന്ത്രി സുഷമാസ്വരാജും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവിടെ സന്നിഹിതരായിരിക്കും.മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്ന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമ ഉള്‍പ്പെടെ മുന്നൂറ്റമ്പതോളം പേരാണ് മമതയോടൊപ്പം കൊല്‍ക്കൊത്തയില്‍നിന്നെത്തുന്നത്.

മദര്‍ തെരേസയെപ്പറ്റി വിവിധഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള ലേഖനങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും കണക്കില്ല. പലതും അവരുടെ അത്യസാധാരണമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ബഹുജനശ്രദ്ധയില്‍പ്പെട്ടതിനുശേഷം പുറത്തുവന്നവയത്രേ. അതിനൊക്കെ എത്രയോമുമ്പ് 'ഏഴകളുടെ തോഴികള്‍' എന്ന ശീര്‍ഷകത്തില്‍ സാമാന്യം ദീര്‍ഘമായ ഒരു സചിത്രപഠനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി.

കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂളിലെ അധ്യാപനം പൂര്‍ത്തിയാക്കിയശേഷം ഞാന്‍ പുണെ ദിനോബിലി കോളേജില്‍ ദൈവശാസ്ത്രപഠനം ആരംഭിച്ചകാലം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളില്‍നിന്നുള്ള ഇരുന്നൂറോളം വൈദികവിദ്യാര്‍ഥികള്‍ അന്നവിടെ പഠിക്കുന്നുണ്ടായിരുന്നു. കൊല്‍ക്കൊത്ത നഗരത്തിലെ അശരണരുടെയിടയില്‍ മദര്‍ തെരേസ ചെയ്തുകൊണ്ടിരുന്ന അത്യപൂര്‍വമായ സേവനങ്ങള്‍ അവിടെ  ചര്‍ച്ചാവിഷയമാകുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അവയെപ്പറ്റി ഒരു ലേഖനമെഴുതി 'മാതൃഭൂമി'യില്‍ പ്രസിദ്ധീകരിച്ചാലോ എന്ന ചിന്ത എന്റെ മനസ്സിലുദിച്ചത് അപ്പോഴാണ്.

mother letter
മദര്‍ തെരേസ ലേഖകന് 1959ല്‍ അയച്ച  കത്ത്

ദിനോബിലി കോളേജിലെ വന്ദ്യഗുരുനാഥന്‍, ഫാദര്‍ ജോസഫ് നോയ്നര്‍ മദര്‍ തെരേസയുടെ ഉപദേഷ്ടാവും സുഹൃത്തുമായിരുന്നു. അദ്ദേഹത്തെക്കണ്ട് ലേഖനരചനയ്ക്കാവശ്യമായ വിവരങ്ങള്‍ എവിടെ കിട്ടുമെന്ന് ഞാന്‍ തിരക്കി. നോയ്നറുടെ നിര്‍ദേശപ്രകാരമാണ് മദര്‍ തെരേസയ്ക്ക് കത്തയച്ചത്. മദറിന്റെ മറുപടി ഏറെ സഹായകവും പ്രോത്സാഹകവുമായി. ഫലമോ? 1959 ജനവരി 18-ാം തീയതിയിലെ ആഴ്ചപ്പതിപ്പില്‍ എന്റെ ലേഖനം അച്ചടിച്ചുവന്നു. ഉടനടി അതിന്റെ കോപ്പി മദറിന് അയച്ചുകൊടുത്തു. അതിനു നന്ദിപറഞ്ഞുകൊണ്ട് ജനവരി 31-ാം തീയതി എനിക്കെഴുതിയ കത്തില്‍ മദര്‍ തെരേസ പറഞ്ഞതിതാണ്: 'ഞങ്ങളുടെ മലയാളി സിസ്റ്റേഴ്സിന് അവരുടെ സമൂഹത്തെപ്പറ്റി (ആ വാരികയില്‍) വായിച്ചറിയുന്നത് വലിയ സന്തോഷമായിരുന്നു. ഫാദര്‍ മണിപ്പാടത്തിന്റെ രണ്ടു സഹോദരിമാര്‍ ഇവിടെയുണ്ട്.'

ഇതൊക്കെ പക്ഷേ, കന്യാസ്ത്രീകളുടേതായ കൊച്ചുലോകത്തിലെ മാത്രം കാര്യം. അതിനപ്പുറം മലയാളികള്‍ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം മദര്‍ തെരേസ എന്ന നിസ്തുലവ്യക്തിത്വത്തെപ്പറ്റി ആദ്യം അറിവുനല്‍കിയത് ആ 'മാതൃഭൂമി' ലേഖനമായിരുന്നു. അതു പുറത്തുവരുന്നതിനുമുമ്പ് കേരളത്തിലെ മെത്രാന്മാരുള്‍പ്പെടെയുള്ള കത്തോലിക്കര്‍പോലും അക്കാര്യം കേട്ടിട്ടുണ്ടാവാനിടയില്ല. മദര്‍ തെരേസയെപ്പറ്റി മലയാള ഭാഷയില്‍ ആദ്യം അച്ചടിച്ചുവന്ന ലേഖനവും അതായിരിക്കണം.

 മദര്‍ എനിക്കെഴുതിയ കത്തുകള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. സപ്തംബര്‍ നാലിലെ നാമകരണത്തോടെ ആ കത്തുകള്‍ അക്ഷരാര്‍ഥത്തില്‍ അമൂല്യനിധിയായി പരിണമിക്കും. തിരുശ്ശേഷിപ്പ് എന്നപേരിലായിരിക്കും ഇനി അവ അറിയപ്പെടുക. അവയില്‍ ഏതെങ്കിലും ഒന്നിന്റെ ചെറിയ കഷണമെങ്കിലും സ്വന്തമാക്കാന്‍ കൊതിക്കുന്നവര്‍ ധാരാളം. അവയുടെ ഉടമസ്ഥാവകാശം എന്നില്‍ നിക്ഷിപ്തമാണെന്ന് ഞാന്‍ കരുതുന്നില്ല. ആ തിരുശ്ശേഷിപ്പുകളുടെ സുരക്ഷയും ഭാവിഭദ്രതയും ഉറപ്പാക്കാന്‍ എന്താണ് മാര്‍ഗം? എനിക്കറിയില്ല.

അശരണരുടെയിടയിലെ സേവനങ്ങളുടെ പേരില്‍ 124 അവാര്‍ഡുകളാണ് മദര്‍ തെരേസയെ തേടിയെത്തിയത്. 1962-ല്‍ പദ്മശ്രീ നല്‍കി ഇന്ത്യാ സര്‍ക്കാര്‍ അവരെ ആദരിച്ചു. തുടര്‍ന്ന് അന്താരാഷ്ട്ര സൗഹൃദത്തിനുവേണ്ടിയുള്ള ജവാഹര്‍ലാല്‍ നെഹ്രു അവാര്‍ഡും (1969) ഇന്ത്യയുടെ സര്‍വോന്നത പുരസ്‌കാരമായ ഭാരതരത്‌നയും (1980) നല്‍കപ്പെട്ടു.

 ആഗോളതലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് റോണാള്‍ഡ് റെയ്ഗണും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും യു.എന്‍. സെക്രട്ടറി ജനറല്‍ പെരെസ് ദ് ക്വയാറും മദര്‍ തെരേസയുടെമേല്‍ പ്രശംസാവചനങ്ങള്‍ ചൊരിഞ്ഞു. 1979-ലെ നൊബേല്‍ സമാധാനസമ്മാനം മദറിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. അതോടൊപ്പം ബ്രിട്ടീഷ് രാജ്ഞിയുടെ ഓര്‍ഡര്‍ ഓഫ് മെറിറ്റ് (1983), സോവിയറ്റ് സമാധാനസമിതിയുടെ സ്വര്‍ണമെഡല്‍ (1987), അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ ഗോള്‍ഡ് മെഡല്‍ (1997), അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യന്‍ മെഡല്‍ ഓഫ് ഫ്രീഡം (1985) എന്നിവയും അവര്‍ക്കു ലഭിച്ചു.


മദറിനെ പരസ്യവേദിയില്‍ ആദരിക്കാന്‍ കത്തോലിക്കാസഭയും മുന്‍കൈയെടുത്തു. 1971-ല്‍ പോള്‍ മാര്‍പാപ്പ പോപ്പ് ജോണ്‍ 23-ാമന്റെ പേരിലുള്ള സമാധാനസമ്മാനവും 1976-ല്‍ പാച്ചെം ഇന്‍ തേരിസ് അവാര്‍ഡും നല്‍കി. മരണാനന്തരം വിശുദ്ധപദവിയിലേക്കുള്ള ആദ്യപടിയായ 'വാഴ്ത്തപ്പെട്ടവള്‍' എന്ന നാമകരണം വഴിയും ആദരിച്ചു.

 നൊബേല്‍സമ്മാന സ്വീകരണത്തോടനുബന്ധിച്ച് മദര്‍ നടത്തിയ ദീര്‍ഘമായ പ്രഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു. ദരിദ്രരെയും പരിത്യക്തരെയും സ്‌നേഹാദരപൂര്‍വം പരിചരിക്കേണ്ടതിന്റെ ആവശ്യകതയാണ് ആദ്യന്തം ഊന്നിപ്പറഞ്ഞത്. സമ്പന്നകുടുംബങ്ങളിലെ വൃദ്ധമാതാപിതാക്കളെ പാര്‍പ്പിക്കുന്ന ഒരു സ്ഥാപനം സന്ദര്‍ശിച്ച സംഭവം അനുസ്മരിച്ചുകൊണ്ട് മദര്‍ തുടര്‍ന്നു, 'എല്ലാവിധ സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു. പക്ഷേ, അന്തേവാസികളെല്ലാം സദാസമയം വാതില്‍ക്കലേക്ക് കണ്ണുംനട്ടിരിക്കുന്നതു കണ്ടു. ആരും പുഞ്ചിരിക്കാത്തതെന്തുകൊണ്ടെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. ഞങ്ങളുടെ അഭയകേന്ദ്രത്തിലെത്തുന്നവര്‍ മരണാസന്നരായി കിടക്കുമ്പോഴും പുഞ്ചിരിക്കുക പതിവാണ്. ഇതെന്താ ഇങ്ങനെ? ആ ചോദ്യത്തിന് അവിടത്തെ ഒരു സിസ്റ്റര്‍ നല്‍കിയ മറുപടി ഇതായിരുന്നു. സ്വന്തം മകനോ മകളോ തങ്ങളെ സന്ദര്‍ശിക്കാന്‍ വരുമെന്ന പ്രതീക്ഷയോടെയാണ് അവര്‍ വാതില്‍ക്കലേക്ക് നോക്കിയിരിക്കുന്നത്. എല്ലാവരും തങ്ങളെ മറന്നുകളഞ്ഞല്ലോ എന്ന ചിന്ത അവരെ ദുഃഖിപ്പിക്കുകയാണ്.' മദര്‍ തുടര്‍ന്നു. സ്‌നേഹം ലഭ്യമല്ലാത്ത അവസ്ഥയാണ് ദാരിദ്ര്യം. ഒരുപക്ഷേ, നമ്മുടെ കുടുംബങ്ങളില്‍ ഏകാന്തത അനുഭവിക്കുന്നവര്‍ ഉണ്ടായിരിക്കാം. അവരെ സ്വീകരിക്കാന്‍ നാം സന്നദ്ധരാണോ?

 നൊബേല്‍ സമ്മാനത്തുക, 'അനേകര്‍ക്ക് വീടുവെച്ചുകൊടുക്കാന്‍ ഞാന്‍ വിനിയോഗിക്കും. വീടിനുള്ളിലാണ് മനുഷ്യര്‍ സ്‌നേഹിക്കാന്‍ പഠിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കിക്കൊടുത്താല്‍ ആ സ്‌നേഹം പലേടത്തേക്കും പടരും'.
സമ്മാനദാനച്ചടങ്ങിന്റെ ഭാഗമായ വിരുന്നുസത്കാരത്തില്‍ പങ്കെടുക്കാന്‍ മദര്‍ വിസമ്മതിച്ചു. അതിനു ചെലവിടുന്ന 1,92,000 ഡോളര്‍ ഇന്ത്യയിലെ ദരിദ്രര്‍ക്ക് നല്‍കണമെന്ന് നിര്‍ദേശിച്ചു. 'പാവപ്പെട്ടവര്‍ക്ക് സഹായമേകിയാല്‍ മാത്രമേ അവാര്‍ഡുകള്‍ സാര്‍ഥകമാകൂ'.

 സ്വകാര്യജീവിതത്തില്‍ മദര്‍ തെരേസയുടെ ഹൃദയം പലപ്പോഴും അസ്വസ്ഥമായിരുന്നു. അന്‍പതിലേറെക്കൊല്ലക്കാലം സ്വന്തം വിശ്വാസത്തെപ്പറ്റിപ്പോലും കടുത്ത സംശയം അവര്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ദൈവത്തിന്റെ സാന്നിധ്യം തന്നിലുള്ളതായി തോന്നിയില്ല. ദൈവം ഉണ്ടോ എന്നുപോലും അവര്‍ സംശയിച്ച സന്ദര്‍ഭങ്ങളുണ്ടായിരുന്നു. കുരിശിന്റെ യോഹന്നാന്‍, ലിസ്യുവിലെ സെന്റ് തെരേസ തുടങ്ങിയവരുടെ ജീവിതത്തില്‍ അനുഭവപ്പെട്ട 'ആത്മാവിന്റെ ഇരുണ്ടരാത്രി' എന്ന ആധ്യാത്മിക പ്രതിഭാസമാണിത്. 'എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങ് എന്നെ കൈവെടിഞ്ഞു' എന്ന സങ്കീര്‍ത്തനഭാഗം ചൊല്ലിക്കൊണ്ട് പ്രാര്‍ഥിക്കുന്ന യേശുവിന്റെ ചിത്രം ഭാവനയിലുണര്‍ത്തുന്ന രംഗമാണത്.
ജീവിതത്തിന്റെ അവസാനത്തെ രണ്ടുദശകങ്ങളില്‍ അനാരോഗ്യം വകവെക്കാതെ മദര്‍ തെരേസ പ്രവര്‍ത്തനനിരതയായി. 1983-ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമനെ സന്ദര്‍ശിക്കാന്‍ റോമിലെത്തിയപ്പോള്‍ അവര്‍ക്ക് ഹൃദയാഘാതമുണ്ടായി. 1989-ല്‍ വീണ്ടും അതനുഭവപ്പെട്ടപ്പോള്‍ പേസ്മേക്കര്‍ ഘടിപ്പിച്ചുകൊണ്ട് ജീവിതം തുടരേണ്ടിവന്നു. സന്ന്യാസിനി സംഘടനയുടെ തലപ്പത്തുനിന്നു വിരമിക്കാന്‍ തീരുമാനിച്ചു. സിസ്റ്റേഴ്സ് രഹസ്യവോട്ടെടുപ്പിലൂടെ മദര്‍ തെരേസ സുപ്പീരിയര്‍ ജനറലായി തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അതിനു വഴങ്ങുകയാണുണ്ടായത്. ആരോഗ്യം പ്രതിദിനം വഷളായിക്കൊണ്ടിരുന്നു. 1997 സപ്തംബര്‍ അഞ്ചാം തീയതി മദര്‍ തെരേസ നിര്യാതയായി.

ജീവിച്ചിരിക്കെ മാത്രമല്ല മരണശേഷവും മദര്‍ തെരേസയ്ക്ക് വിമര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. അക്കാരണത്താലാണ് വൈരുദ്ധ്യത്തിന്റെ അടയാളം എന്ന ബിബ്ലികവിശേഷണം അവര്‍ക്ക് സ്വന്തമായത്. ഇന്ന്  വത്തിക്കാനില്‍ നടക്കുന്ന നാമകരണമഹാമഹം ലോകജനതയുടെ മുഴുവന്‍ ശ്രദ്ധ മദര്‍ തെരേസയില്‍ കേന്ദ്രീകൃതമാക്കും. അനാഥര്‍ക്കും അശരണര്‍ക്കുംവേണ്ടിയുള്ള ത്യാഗോജ്ജ്വല സേവനത്തിന്റെ ആവശ്യകതയും മഹത്ത്വവുമാണ് അത് വിളംബരം ചെയ്യുന്നത്.