ദര്‍ തെരേസയെ അമ്മയെന്നു വിളിക്കുന്നവര്‍ ലോകത്ത് ഒരുപാടുണ്ട്.. പക്ഷേ ജന്മം കൊണ്ട് ഇന്ത്യക്കാരനായ ഗൗതം തന്റെ അമ്മയാണ് മദര്‍ തെരേസയെന്നു പറയുമ്പോള്‍ അതിന്റെ അര്‍ത്ഥ വ്യാപ്തിയ്ക്ക് ഒരു ജന്മത്തിന്റെ ആഴമുണ്ട്. 

Gautam

ദാരിദ്ര്യത്തിന്റെ മാത്രം കഥപറയാനുള്ള  കൊല്‍ക്കത്തയിലെ  ചേരിയിലെവിടെയോ ആയിരുന്നു ഗൗതമിന്റെ ജനനം. പോളിയോ ബാധിച്ച ഗൗതം നിര്‍ധനരായ മാതാപിതാക്കള്‍ക്ക് ഭാരമായി തോന്നിയതിനെ തുടര്‍ന്ന് അനാഥാലയത്തില്‍ ഉപേക്ഷിക്കപ്പെട്ടു. 

Gautam

കൊല്‍ക്കത്തയിലെ തെരുവില്‍ നിന്നും പലരെയും കണ്ടെത്തിയ പോലെ ഗൗതമിനെയും മദര്‍ തെരേസ കണ്ടെത്തി.  അന്ന് വെറും മൂന്നുവയസായിരുന്നു ഗൗതമിനു പ്രായം.  നടക്കാനാകാതെ നിലത്തുകൂടി ഇഴഞ്ഞു നടന്ന ഗൗതമിനെ മദര്‍ തന്റെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീട് ഏഴുവയസുവരെ  മദര്‍ തെരേസയായിരുന്നു ഗൗതമിന്റെ  എല്ലാം.  

ഗൗതമിന് ഏഴുവയസുള്ളപ്പോള്‍ ബ്രിട്ടീഷുകാരിയായ ഡോ. പെട്രീഷിയ ലെവിസ് എന്ന വനിത കല്‍ക്കത്തയിലെ മദര്‍ തെരേസയുടെ ആശ്രമത്തിലെത്തി. ന്യൂക്ലിയര്‍ ഫിസിക്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ലോ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം സമ്പാദിച്ച  പെട്രീഷ്യയുടെ ഇന്ത്യയിലേക്കുള്ള യാത്ര ഗൗതം എന്ന ദരിദ്രബാലന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചു.

Gautam

മദറിന്റെ ആശ്രമത്തില്‍ വച്ച് നിലത്തുകൂടി ഇഴയുന്ന കുഞ്ഞു ഗൗതമിനെ കണ്ട പെട്രീഷ്യയ്ക്ക് അവനെ ഒരുപാട് ഇഷ്ടമായി. ഗൗതമിന്റെ പഠനത്തിന് ആവശ്യമായ എല്ലാ സഹായവും താന്‍ ചെയ്തു നല്‍കാമെന്ന് പെട്രീഷ്യ മദര്‍ തെരേസയോട് പറഞ്ഞു. എന്നാല്‍ ഗൗതമിന് സാമ്പത്തിക സഹായമല്ല വേണ്ടത് ഒരു അമ്മയെയാണെന്ന മദറിന്റെ വാക്കുകള്‍ പെട്രീഷ്യ എന്ന പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ തറച്ചു. ഗൗതമിന്റെ അമ്മയാകാന്‍ പെട്രീഷ്യ തീരുമാനിച്ചു. പക്ഷേ നിയമവിധേയമായി ഗൗതമിനെ സ്വന്തമാക്കാന്‍ പെട്രീഷ്യയ്ക്ക് നീണ്ട നിയമപേരാട്ടം തന്നെ നടത്തേണ്ടിവന്നു.  ഒടുവില്‍ പെട്രീഷ്യ  ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ കൂടെ ഗൗതമും ഉണ്ടായിരുന്നു. 

കൊല്‍ക്കത്തയിലെ ചേരിയില്‍  ജനിച്ച  ഗൗതമിന്റെ രാജകീയ ജീവിതം ഇവിടെ തുടങ്ങുന്നു. പോളിയോ ബാധിച്ച ഗൗതം ചാള്‍സ് രാജകുമാരന്‍ പഠിച്ച ഹാംഷൈറിലെ പ്രശസ്തമായ സ്‌കൂളിലാണ് തന്റെ വിദ്യാഭ്യാസം ആരംഭിച്ചത്. രാജകുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ പ്രശസ്തരായ പലരും പലരും സ്‌കൂളില്‍ ഗൗതമിനു കളിക്കൂട്ടുകാരായി.

പിന്നീട് തന്റെ 18ാം വയസിലാണ് ഗൗതം കൊല്‍ക്കത്തയിലേക്ക് മടങ്ങിയത്. ആ യാത്ര ഗൗതമിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചു. കൊല്‍ക്കത്തയിലെ തന്റെ  ബാല്യകാല ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ ഗൗതം നന്നായി ബുദ്ധിമുട്ടി. മദര്‍ തെരേസയെ കണ്ട് തനിക്ക് പുതിയ ജീവിതം സമ്മാനിച്ചതിന് അവന്‍ നന്ദി പറഞ്ഞു. എന്നാല്‍  മദര്‍  ഗൗതമിനെ ഉപദേശിച്ചത് മറ്റുള്ളവര്‍ക്കുവേണ്ടി കൂടി ജീവിക്കാനാണ്. തിരിച്ച് ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയപ്പോള്‍ കര്‍മ്മം കൊണ്ടും മദര്‍ തെരേസയുടെ മകനാകാന്‍ 18 കാരന്‍ തീരുമാനമെടുത്തിരുന്നു. 

Gautam

സോളന്റ് സര്‍വകലാശാലയില്‍ നിന്നും ബിസിനസില്‍ ബിരുദവും പിന്നീട് പൈലറ്റ് ലൈസൻസും നേടിയ ഗൗതം, ഇന്ന് സമാനമായ രീതിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ വിമാനം പറത്തുവാന്‍ പരിശീലിപ്പിക്കുന്നു. കര്‍മ്മം കൊണ്ടും മദര്‍ തെരേസയുടെ മകനായി ജീവിക്കുന്നു വളര്‍ത്തമ്മ പെട്രീഷ്യയോടൊപ്പം. 

ഗൗതം ഒരിക്കല്‍ കൂടി കൊല്‍ക്കത്തയിലെത്തി, മദറിനോടൊപ്പമുള്ള തന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനം ഒരുക്കാന്‍. ഗൗതം ആയിരത്തിലൊരുവനാണ്. മദര്‍ തെരേസയെന്ന മനുഷ്യസ്‌നേഹിയുടെ കൈ പിടിച്ച്  ജീവിതത്തിലേക്ക് നടന്നു കയറിയവരില്‍ ആയിരത്തിലൊരുവന്‍.

ചിത്രങ്ങൾ: സി.എൻ.എൻ