2015 ജനുവരി 26ന് സന്ദര്‍ശക സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കുമ്പോഴാണ് കോല്‍ക്കത്തയില്‍ ജഗദീശ് ചന്ദ്രബോസ് റോഡിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ മദര്‍ഹൗസിലേക്ക് ഞാന്‍ ചെല്ലുന്നത്. തണുപ്പും ഇരുട്ടും പുതച്ച് കോല്‍ക്കത്ത ഒരു പ്രേതനഗരം പോലെ തോന്നിപ്പിച്ചു.mother

തെരുവിനോട് ചേര്‍ന്ന് തന്നെയുള്ള മദര്‍ ഹൗസിനുള്ളിലെ ചാപ്പലില്‍ സന്ന്യാസാര്‍ത്ഥിനികള്‍ മദറിന്റെ കബറിടം വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. പരിശുദ്ധ അമ്മയുടെ സുന്ദരമായ ഒരു രൂപം ആ കബറിടത്തിന് മുകളില്‍ പുഞ്ചിരിച്ചു നില്‍ക്കുന്നു. ചാപ്പലിലെ ബഞ്ചില്‍ വെറുതെ ഇരുന്നപ്പോള്‍ വന്ന ചിന്ത മാര്‍തോമയുടെ പാരമ്പര്യം പറയുന്ന സുറിയാനി ക്രിസ്ത്യാനികളേക്കാള്‍ എത്രയോ ഇരട്ടിയാണ് അല്‍ബേനിയയില്‍ നിന്നും ഭാരതത്തില്‍ എത്തിയ ആഗ്നസ് എന്ന് കന്യാസ്ത്രീ നേടിയെടുത്ത ആത്മാക്കളുടെ എണ്ണം എന്നായിരുന്നു. അതും ഉപവിപ്രവര്‍ത്തനത്തിലൂടെ.

ക്രിസ്ത്യാനി എങ്ങനെയായിരിക്കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്താന്‍ തമ്പുരാന് ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നല്‍കിയതാണ് ആ വിശുദ്ധയെ. സമൂഹം നമ്മുടെ ജീവിതാന്തസുകള്‍ക്ക് വരച്ചിട്ടിരിക്കുന്ന ചട്ടക്കൂടുകള്‍ പൊട്ടിച്ചെറിഞ്ഞവരെ എല്ലാം അവരുടെ കാലം ഭ്രാന്തന്മാര്‍ എന്ന് വിളിക്കും. ഏറെ വൈകിയായിരിക്കും അതാണ് അവരുടെ യഥാര്‍ഥ ദൈവവിളിയെന്ന് ചുറ്റമുള്ളവര്‍ തിരിച്ചറിയുക. അതിമനോഹരമായ ഒരു ദൈവീക പദ്ധതിയുടെ തൂലികയാകാനുള്ള മഹാഭാഗ്യം ലഭിച്ച മനുഷ്യര്‍. എന്റെ പ്രിയപ്പെട്ട വിശുദ്ധരെല്ലാം സുരക്ഷിതത്വത്തിന്റെ ആവൃതികളില്‍ നിന്ന് പുറത്ത് വന്നവരാണ് അസീസിയിലെ ഫ്രാന്‍സിസ് ആയാലും, അഗതികളുടെ അമ്മ ആയാലും. മഠത്തിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് കല്‍ക്കത്തയുടെ അരക്ഷിതമായ തെരുവിലേക്ക് ഇറങ്ങിവളെ തീര്‍ച്ചയായും ഭാന്ത്രി എന്ന് ആ കാലം വിളിച്ചിരിക്കുംThankam

സുരക്ഷിതത്വം തേടുന്നവന് സുവിശേഷം പ്രഘോഷിക്കാന്‍ ആവില്ല. പുള്‍പ്പിറ്റില്‍ കയറി നിന്ന് പ്രസംഗിക്കുന്നതല്ല യഥാര്‍ത്ഥ സുവിശേഷം. ക്രിസ്തുവിന്റെ സുവിശേഷം പ്രവൃത്തിയില്‍ അധിഷ്ഠിതമാണ്. വിശക്കുന്നവന് വേദം വിളമ്പുന്നതല്ല, അന്നമാകുന്നതാണ് സുവിശേഷമെന്ന് നസ്രത്തിലെ തച്ചന്‍ ജീവിച്ചു കാണിച്ചു. തച്ചനെ പ്രണയിച്ച അല്‍ബേനിയക്കാരി ആഗ്നസിന് എങ്ങനെ വഴിമാറി സഞ്ചരിക്കാനാകും.

 അരക്ഷിതമാണ് ക്രിസ്തുവിന്റെ പിന്നാലെ നടക്കുന്നവന്റെ വഴികള്‍. സന്തോഷം തരുന്നതും പ്രിയമുള്ളതും ഉപേക്ഷിക്കേണ്ടിവരും . ക്രിസ്ത്യാനിയുടെ ദൈവവിളി ക്രിസ്തുവായി തീരാനാണ്. തമ്പുരാന്റെ വിളിയും ജാലകപ്പടിയിലെ കിളിയും ഒരുപോലെയെന്ന് ബോബി ജോസച്ചന് പറഞ്ഞുത് വളരെ ശരിയാണ്. ക്രിസ്തുവെന്ന കിളി തുറന്നു കൊടുക്കുവോളം ഹൃദയജാലകത്തില്‍ തലതല്ലി കരഞ്ഞു കൊണ്ടിരിക്കും വിളി കേട്ടാലോ നെഞ്ചില്‍ പ്രവേശിച്ച് നിരന്തരം കുറുകിക്കൊണ്ടിരിക്കും.

 ദൈവവിളിക്കുള്ളിലെ ആ വിളി തിരിച്ചറിഞ്ഞ നിമിഷമാണ് 5 രൂപ നോട്ടും ട്രങ്ക് പെട്ടിയുമായി ആഗ്നസ് എന്ന കൊച്ചു കന്യാസ്ത്രീ കോല്‍ക്കത്തയില അരക്ഷിതമായ തെരുവിലേക്ക് ഇറങ്ങിപ്പുറപ്പെട്ടത്. തെരുവിലെ കുഷ്ഠരോഗിയിലും, ലൈംഗിക തൊഴിലാളിയിലും അവര്‍ ക്രിസ്തുവിനെ കണ്ടെത്തി. വിശ്വാസം പ്രവര്‍ത്തി പഥത്തില്‍ എത്തിക്കേണ്ടത് എങ്ങനെ എന്ന് നമുക്ക് കാണിച്ചു തരികയാണ് മദര്‍ തെരേസ. നാളെ മുതല്‍ അഗതികളെ തേടി തെരുവിലേക്ക് ഇറങ്ങണമെന്നല്ല പറഞ്ഞു വരുന്നത്.

നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ ജീവിതാന്തസിനുള്ളില്‍ ഒരു ദൈവവിളിയുണ്ട്. കുടുംബജീവിതത്തിനും വൈദീകവൃത്തിക്കും സന്ന്യാസജീവിതത്തിനുമൊക്ക അപ്പുറത്ത് ക്രിസ്തുവായി മാറാനുള്ള വിളി. സ്വന്തം ജീവിതാന്തസിനോട് തന്നെ നീതിപുലര്‍ത്താനുല്‌ള പോരാട്ടത്തില്‍ പലപ്പോഴും ക്രിസ്തുവായി തീരാനുള്ള ഈ വിളി കേള്‍ക്കാതെ പോകുന്നുണ്ട്, അറിയാതെ പോകുന്നുണ്ട്. അനാഥ കുഞ്ഞും, തെരുവിലെ യാചകനും മാത്രമല്ല, ആഡംബരത്തിന്റെയും ആഘോഷത്തിന്റെയും ഉന്നതിയില്‍ ജീവിക്കുന്നവര്‍ വരെ ഇത്തരം കരുണയുടെ കൈകള്‍ അര്‍ഹിക്കുന്നുണ്ട്. അതു തിരിച്ചറിയാന്‍ നമുക്ക് ക്രിസ്തുവിന്റെ കണ്ണുകളിലൂടെ നോക്കണം. 

സമ്പന്നമായ പാശ്ചാത്യ രാജ്യങ്ങളില്‍ എന്തിനാണ് മിഷനറീസ് ഓഫ് ചാരിറ്റിക്ക് മന്ദിരങ്ങള്‍ എന്ന ചോദ്യത്തിന് മദര്‍ തെരേസ നല്‍കിയ ഉത്തരം അതിന് തെളിവാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ദാരിദ്രമുണ്ട് സ്‌നേഹ ദാരിദ്രം


എവിടെയോ കേട്ട കവിത ഓര്‍മ്മ വരുന്നു.

അപരന്റെ വേദന ഹൃദയാന്തരാളത്തില്‍
കരുണ  തന്‍ അലകള്‍  ഉര്‍ത്തിടേണം

ഉപവിക്കൊപ്പം തന്നെ വേണ്ട ഒന്നാണ് സഭയോടും ക്രിസ്തുവിനോടും ചേര്‍ന്നുള്ള ജീവിതം. നന്മ പ്രവര്‍ത്തിച്ച് നല്ല രീതിയില്‍ ജീവിച്ചാല്‍ പോരെ എന്തിന് പള്ളിയില്‍ പോകണം പ്രാര്‍ത്ഥിക്കണം എന്നൊക്കെ ചോദ്യമുയരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത് . ചിലപ്പോഴെങ്കിലും നാം തന്നെ ഉന്നയിക്കാറുമുണ്ട് ഈ ചോദ്യങ്ങള്‍. അതിനുള്ള ഉത്തരമാണ് മദര്‍ തെരേസയുടെ ജീവിതം. മദറിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും വലിയ ശക്തി നല്‍കിയിരിക്കുന്നത് ദിവ്യകാരുണ്യമായിരുന്നു.

വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ലഭിക്കുന്ന ശക്തിയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തോടുള്ള സ്‌നേഹവും മദറിന്റെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്ക് തണലായി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,mother

അപരനുവേണ്ടി മുറിയാന്‍ മടിയില്ലാത്ത സ്‌നേഹമാണ് വിശുദ്ധ കുര്‍ബാന എന്നതിനാല്‍ തന്നെ ദിവ്യകാരുണ്യ ഈശോയെ പ്രാണനുതുല്യം സ്‌നേഹിക്കുന്ന ഒരാള്‍ക്ക് എങ്ങനെ മറ്റുള്ളവരുടെ സങ്കടങ്ങള്‍ക്കുനേരെ കണ്ണടയ്ക്കാനാകും. മദര്‍ തെരേസയുടെ വാക്കുകള്‍ തന്നെ കടമെടുത്താല്‍  ദിവ്യകാരുണ്യ ഈശോയ്‌ക്കൊപ്പം ചിലവഴിക്കുന്ന സമയമാണ് നിങ്ങളുടെ ഈ ലോക ജീവിതത്തിലെ ഏറ്റവും നല്ല സമയം. ഓരോ നിമിഷവും അവനോടുള്ള സ്‌നേഹത്തില്‍ നിങ്ങള്‍ ആഴപ്പെടും. അനന്തമായ സൗന്ദര്യവും മഹത്വവും ആത്മാവില്‍ നിറയും, ഭൂമിയില്‍ സമാധാനം പ്രചരിപ്പിക്കാന്‍ ദിവ്യകാരുണ്യം നിങ്ങളെ സഹായിക്കും. ഈ വാക്കുകള്‍ കുറിക്കുമ്പോള്‍ മനസില്‍ കടന്നുവരുന്നത് യെമനില്‍ കൊല്ലപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റേഴ്‌സിനെ കുറിച്ചാണ്. ഒരു നിര വിശുദ്ധരെ കൂടിയാണ് മദര്‍ തെരേസ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്.

പരിശുദ്ധ അമ്മയോടുള്ള ശിശുസഹജമായ സ്‌നേഹവും മദര്‍ തെരേസ കാത്തുസൂക്ഷിച്ചിരുന്നു. പ്രതിസന്ധികളില്‍പ്പെടുമ്പോഴും സഹനങ്ങള്‍ ഞെരുക്കുമ്പോഴും മദര്‍ അമ്മ മേരിയെ കൂട്ടുവിളിച്ചു. ജപമാലമണികളില്‍ മുറകെ പിടിച്ചു, മറിയത്തോടു പറഞ്ഞു, മറിയമേ ഈശോയുടെ അമ്മയായിരിക്കുന്നതു പോലെ ഇപ്പോള്‍ എന്റേയും അമ്മയായിരിക്കണേ.

പരിശുദ്ധ അമ്മ കോല്‍ക്കട്ടയുടെ തെരസയുടെ കൈ പിടിച്ചു. പലപ്പോഴും മദറിന്റെ ഈ പ്രാര്‍ത്ഥന പ്രതിസന്ധികളില്‍ എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. അമ്മമേരിയെ ഇമോഷണില്‍ ബ്ലാക്‌മെയിലിങ്ങിന് വിധേയയാക്കി ഞാനും രക്ഷപെടാറുണ്ട്.

വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നു മദറിനു മുന്നില്‍. അപരിചിതമായ നാട്, ചൂട് ഉരുളക്കിഴങ്ങ് വായിലിട്ടതുപോലെ സംസാരിക്കുന്ന ബംഗാളികള്‍, രവീന്ദ്രസംഗീതവും കമ്യൂണിസവും ഒക്കെയുണ്ടെങ്കിലും ഉള്ളിലെ ജാതിചിന്തയും ചാതുര്‍ വര്‍ണ്യവും ഉപേക്ഷിക്കാനാവാത്ത മനുഷ്യര്‍. ഹിന്ദുക്കള്‍ക്ക് ഒരു തെരുവ്, മുസ്ലിങ്ങള്‍ക്ക് ഒരു തെരുവ്, തോട്ടികള്‍ക്കും അവര്‍ണ്ണര്‍ക്കും ഒരു തെരുവ്, ബ്രാഹ്മണര്‍ക്ക് മറ്റൊരു തെരുവ്. മനുഷ്യന് ഒരു വിലയുമില്ലത്ത നാട്ടില്‍ സ്‌നേഹത്തിന് അസാധ്യമായതൊന്നും ഇല്ലെന്ന് തെളിയിച്ചു. ചങ്കില്‍ ക്രിസ്തുവുണ്ടായിരുന്നു. അവനെ പ്രണയിച്ചവള്‍ക്ക് നിന്ദനങ്ങളും പ്രതിസന്ധികളും അവനുള്ള പ്രണയോപഹാരങ്ങളായി മാറ്റിനിര്‍ത്തപ്പെട്ടവനെ മാറോട് ചേര്‍ത്തു പിടിച്ചപ്പോള്‍ സ്‌നേഹം ഇതാണെന്ന് അഗതികളുടെ അമ്മ കോല്‍ക്കത്തക്കാരെ പഠിപ്പിക്കുയായിരുന്നു

മത പപരിവര്‍ത്തനം നടത്താതെ തന്റെ അഗതി മന്ദിരത്തില്‍ മരിക്കാന്‍ കിടക്കുന്ന ഹൈന്ദവസഹോദരന് ഗംഗാജലം ഇറ്റിച്ചു കൊടുത്തപ്പോള്‍ മദര്‍ ജീവിച്ചു കാണിക്കുകയാണ് മറ്റൊരുവന്റെ വിശ്വാസത്തെ ബഹുമാനിച്ചാണ് സുവിശേഷം പ്രഘോഷിക്കേണ്ടതെന്ന്.  മതപരിവര്‍ത്തനമല്ല മനപരിവര്‍ത്തനമാണ് നടത്തേണ്ടത്.

ബംഗാളിലെ പല ഉള്‍ഗ്രാമങ്ങളിലും ക്രിസ്ത്യാനികളില്ല. ഗുഷ്‌കോട എന്ന ഗ്രാമത്തില്‍ ഒരാഴ്ച നീണ്ട ജീവിതത്തിനിടെ ഞായറാഴ്ച കുര്‍ബാനയ്ക്ക് പള്ളി അന്വേഷിച്ചപ്പോള്‍ ഞാന്‍ മനസിലാക്കിയ ഞെട്ടിക്കുന്ന യാഥാര്‍ഥ്യം. പക്ഷെ അവര്‍ക്ക് അറിയാവുന്ന ക്രിസ്ത്യാനി ഏറ്റവും നല്ല ക്രിസ്തുശിഷ്യയാണ്. ദുര്‍ഗാദേവിയെ കുറിച്ച് പറയുന്ന അതെ അഭിമാനത്തോടെ അവര്‍ ആ പേരും പറയും മദര്‍ തെരേസ.

മനുഷ്യശരീരം വെറും വില്‍പ്പനച്ചരക്കാകുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചുവന്നതെരുവെന്ന ഖ്യാതി നേടിയ സൊനാഗച്ചിയുള്ള നാട്ടില്‍ അവര്‍ മനുഷ്യന് ശരീരത്തേക്കാള്‍ വിലയുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന സ്‌നേഹമന്ദിരങ്ങളുണ്ടാക്കി. മനുഷ്യരുടെ ചതിയും നിന്ദയും അവഗണനയും ഏറ്റുവാങ്ങിയവര്‍ക്ക് അലിവുള്ള അമ്മയാകുമ്പോള്‍ മദര്‍ നമുക്ക് കാണിച്ചു തരികയാണ് ഇതാണ് ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ നിന്ന് ക്രിസ്തു പ്രതീക്ഷിക്കുന്നതെന്ന്. ഇരുട്ട ചുറ്റുപാടുകളില്‍ ഒരു മെഴുതിരിയുടെ വെളിച്ചമെങ്കിലും കൊളുത്തി വച്ചില്ലെങ്കില്‍ ഈ വിശ്വാസം മുഴങ്ങുന്ന ചേങ്ങിലയോ ചിലമ്പുന്ന കൈത്താളമോ ആണെന്ന്.

ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്. മദര്‍ സ്വര്‍ഗ്ഗഭാഗ്യത്തിലേക്ക് കടന്നു പോയി നാളേറെ ആയിട്ടും മദറിന്റെ സന്ന്യാസ സമൂഹം ആ മൂല്യങ്ങള്‍ കടുകിട വ്യത്യാസം വരുത്താനതെ പിന്തുടരുന്നു. പല സന്ന്യാസ സമൂഹങ്ങളുടേയും സ്ഥാപകരുടെ സ്വപ്നങ്ങള്‍ അവരുടെ കാലത്ത് തന്നെ പിന്‍ഗാമികള്‍ തച്ചുടയ്ക്കുമ്പോള്‍ സ്‌നേഹ സംസ്‌കാരം തുടരുകയാണ് ഉപവിയുടെ സഹോദരിമാര്‍. ലോകാവസാനത്തോളം ഈ നന്മയുടെ കാഴ്ചകള്‍, നല്ല പ്രവര്‍ത്തകള്‍ അണയാതിരിക്കട്ടെ.

മദര്‍ തെരേസയെ ആഗോള സഭ വിശുദ്ധയെന്ന് നാമകരണം ചെയ്യുമ്പോള്‍ മദറിന്റെ പേരില്‍ പള്ളികളും സ്ഥാപനങ്ങളും കുരിശ്ശടികളും പണിതുയര്‍ത്തുകയും, അത്ഭുതങ്ങള്‍ സാധിക്കാന്‍ നൊവേന ചൊല്ലുകയോ അല്ല വേണ്ടത്. മദര്‍ തുടങ്ങിവച്ച സ്‌നേഹത്തിന്റെ സുവിശേഷ പ്രഘോഷണം കൂടുതല്‍ തീക്ഷ്ണതയോടെ പ്രഘോഷിക്കപ്പെടുകയാണ് വേണ്ടത്. മദര്‍ തെരേസ മറ്റൊരു ക്രിസ്തുവായി , നമ്മില്‍ നിന്ന് എന്നാണ് ഇനിയൊരു ക്രിസ്തു ജനിക്കുക.

സപ്തംബര്‍ 2016 ലക്കം ക്രൈസ്തവ കാഹളത്തില്‍ പ്രസിദ്ധീകരിച്ചത്